പോലീസുകാര്‍ക്കെന്താ അണ്ണാന്‍കുഞ്ഞ് കയറിയ വീട്ടില്‍ കാര്യം?
ന്യൂയോര്‍ക്കിലെ മണ്‍റോ സിറ്റിയിലെ ഒരു പട്ടണമാണ് സ്വീഡന്‍ . അതിനടുത്താണ് ബ്രോക്‌പോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഓഫീസ്. അടുത്തിടെ ബ്രോക്‌പോര്‍ട്ട് പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഫേസ് ബുക് പേജില്‍ അവര്‍ അപ് ലോഡ് ചെയ്ത ഒരു വീഡിയോ ജനസേവനത്തിനായി പൂര്‍ണ്ണ സമര്‍പ്പണം ചെയ്തിരിക്കയാണ് അവരെന്ന് തെളിയിച്ചിരിക്കയാണ്.
ബ്രോക്‌പോര്‍ട്ടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും ബ്രോക്‌പോര്‍ട്ട് പോലീസ് പോകും എന്നാണ് അവര്‍ വീഡിയോയ്ക്ക് അടിക്കുറിപ്പിട്ടിരുന്നത്. ബ്രോക്‌പോര്‍ട്ടിലെ ഒരു വീട്ടില്‍ നിന്നും സ്ഥിരമായി കുക്കികള്‍ മോഷ്ടിക്കുന്ന കള്ളനെ വീടിനുള്ളില്‍ തടഞ്ഞിട്ടിട്ടുണ്ട് എന്ന് അറിയിച്ചു കൊണ്ടാണ് ഫോണ്‍ വിളി എത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ച വിവരങ്ങള്‍ ഇങ്ങനെയായിരുന്നു. വീടിനുള്ളില്‍ വച്ചിരിക്കുന്ന കുക്കികള്‍ എടുത്തു കടന്നു കളയുന്ന ഒരു അണ്ണാനെ പുറത്തേക്ക് വിടാതെ വീട്ടിനുള്ളില്‍ അടച്ചിട്ടിട്ടുണ്ടെന്നും അത് വീടിനുള്ളിലാകെ ഓടി നടക്കുന്നതിനാല്‍ വീട്ടുകാരാകെ പേടിച്ചിരിക്കുകയാണെന്നും പോലീസ് സഹായം വേണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.
ഉടന്‍ തന്നെ പോലീസുകാരെത്തി. അവരുടെ യൂണിഫോമില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ, ബോഡികാം പ്രവര്‍ത്തിപ്പിച്ചുകൊണ്ട് അണ്ണാനെ പിടിക്കാന്‍ ശ്രമിച്ചു. അവരുടെയും അണ്ണാന്റേയും ഓട്ടമെല്ലാം ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു. ഒടുവില്‍ പലയിടങ്ങളിലോട്ട് ഓടി നടന്ന അണ്ണാന്‍ ഒരു പോലീസുദ്യോഗസ്ഥന്റെ മേലേയ്ക്ക് ചാടി വീണു. പിന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ആ പോലീസ് ഓഫീസര്‍ ആ സാധു ജീവിയെ കൈപ്പിടിയിലാക്കി. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെയുള്ള നടപടി എടുത്തു കൊണ്ടിരിക്കുന്ന പോലീസുകാരാണെന്നും അവര്‍ അച്ചടക്കത്തോടെയാണ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടേണ്ടത് എന്നതൊക്കെ മറന്ന് അണ്ണാന്‍ ചാടിയപ്പോള്‍ അവര്‍ ആര്‍ത്തു ചിരിക്കുന്നതൊക്കെ വീഡിയോയില്‍ കേള്‍ക്കാം. ഒടുവില്‍ ആ സാധു ജീവിയ്ക്ക് ഒരു ദോഷവും വരുത്താതെ ബ്രോക് പോര്‍ട്ടിന്റെ ആകാശത്തേക്ക് തുറന്നു വിട്ടു.
പോലീസുകാര്‍ പിടിച്ചതിനുശേഷം, നല്ല നടപ്പിന് വിധിച്ചാണ് വിട്ടതെന്ന കാര്യം അണ്ണാന് മനസ്സിലായിട്ടുണ്ടോ എന്നറിയില്ല, മനസ്സിലായെങ്കില്‍ ഇനി കുക്കി മോഷണം നടത്താന്‍ ആ വീട്ടില്‍ കയറാന്‍ ശ്രമിക്കില്ല എന്നുറപ്പിക്കാം. അണ്ണാന്‍ ഇനി എന്തു ചെയ്യുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. എന്നാലും വീട്ടുകാര്‍ പോലീസ് സഹായം തേടിയപ്പോള്‍ അണ്ണാനെ പിടിക്കലല്ല തങ്ങളുടെ ജോലി എന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തില്ലല്ലോ, ഒരു വണ്ടി പോലീസ് എത്തി വേണ്ടതു ചെയ്തില്ലേ. അത് വലിയ കാര്യം തന്നെ! അവര്‍ പറയുന്നത് ശരിയാണ്.. ബ്രോക്‌പോര്‍ട്ട് പോലീസ്, ബ്രോക് പോര്‍ട്ടുകാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഏതറ്റം വരെയും പോകും. സമ്മതിച്ചിരിക്കുന്നു!
https://www.facebook.com/Malayalivartha