ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ താരപദവിയില്‍ പൂച്ച വിലസി!
സാധാരണ ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിജയിക്കുന്ന ടീമില്‍ മികച്ചരീതിയില്‍ കളിച്ച ആരെങ്കിലുമാകും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുക. എന്നാല്‍ കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കും ബെസിക്ടാസും തമ്മില്‍ നടന്ന മത്സരത്തില്‍ താരമായത് ഒരു പൂച്ചയാണ്.
കളിയുടെ രണ്ടാംപകുതിയിലാണ് ഈ പൂച്ചക്കുട്ടന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഗ്രൗണ്ടിന്റെ അതിര്‍ത്തിയില്‍ വച്ചിരുന്ന പരസ്യബോര്‍ഡിലൂടെ ഒരു തടിയന്‍ പൂച്ച ഊര്‍്ന്നിറങ്ങുന്നതുകണ്ടതോടെ കളി കണ്ടുകൊണ്ടിരുന്നവരുടെയെല്ലാം ശ്രദ്ധ പതറി. കളിക്കളത്തിലേക്ക് ഇഷ്ടന്‍ പ്രവേശിക്കാതെ ഗ്രൗണ്ടിന്റെ അതിര്‍ത്തിയിലൂടെ കുറച്ചു സമയം നടന്നു.
അപ്പോഴാണ് അവിടെയുള്ള കാമറകളെല്ലാം തന്റെ നേരേ തിരിഞ്ഞത് പൂച്ചക്കുട്ടന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആളുകള്‍ തന്റെ ഫോട്ടോ എടുക്കുന്നത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, ഇഷ്ടന്‍ വന്നവഴിയെ തിരിച്ചുപോയി. ഏതായാലും പൂച്ച ഗ്രൗണ്ടില്‍ ഇറങ്ങിയതോടെ കളി ഒരു മിനിറ്റോളം തടസപ്പെട്ടു. പൂച്ച എങ്ങനെ മൈതാനത്ത് എത്തിയെന്നോ ഇത് ആരുടെ പൂച്ചയാണെന്നോ കണ്ടെത്താനായില്ല.
ഓ..ഒരു പൂച്ച വന്നയുടനെ ഫോട്ടോ എടുക്കാന്‍ പോയവരെ പറഞ്ഞാല്‍ മതിയല്ലോ എന്നു പറയരുത്. പൊന്നുരുക്കുന്ന ഇടത്ത് തട്ടാന്‍ ഉണ്ടായിരുന്നാല്‍ അത് വാര്‍ത്തയാക്കാനൊന്നുമില്ലല്ലോ? പൊന്നുരുക്കുന്ന ഇടത്ത് പൂച്ചയെ കണ്ടാല്‍ ഒന്നു നിന്ന് ചോദിക്കണ്ടേ, ഇവിടെന്താകാര്യം എന്ന്? അതുപോലെ തന്നെയാണ് ഫുട്‌ബോളും റഫറിയും കാണികളും മാത്രം ഉണ്ടാകേണ്ടിടത്ത് പൂച്ച എത്തിയപ്പോള്‍ എന്താ കാര്യം എന്നൊന്ന് ചോദിച്ചതാ,കാമറാക്കാര്‍!
https://www.facebook.com/Malayalivartha