കപ്പിനും ചുണ്ടിനുമിടയില്‍ വച്ച് വഴുതിപ്പോയ വിജയം
ചാറ്റ്മാന് തന്റെ പ്രൊഫഷണല്‍ കരിയറിലെ ആദ്യത്തെ ഫൈറ്റില്‍ തന്നെ വിജയം കിട്ടിയേനെ. കാലിഫോര്‍ണിയയിലെ കാബസോണിലെ എല്‍എഫ്എ 36-ല്‍ വച്ച് ചാറ്റ്മാനും എയലയും തമ്മിലുള്ള പോരാട്ടം വെള്ളിയാഴ്ച രാത്രി നടന്നപ്പോള്‍, അത് ചാപ്മാന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത രാത്രിയായി മാറി.
മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സി (എംഎംഎ) -ല്‍ എയലയും ചാറ്റ്മാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. എയല, ചാറ്റ്മാനു നേരെ ഒരു പ്രഹരം തൊടുക്കുന്നതിനിടെ എയലയുടെ താടി, ചാറ്റ്മാന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ പെട്ട് എയലയ്ക്ക് അനങ്ങാനാവാത്ത പൊസിഷനിലായി. അതിനിടെ എയലയുടെ കാല്‍മുട്ടുകള്‍ നിലത്തു തൊടുകയും ചെയ്തു. അങ്ങനെയുണ്ടായാല്‍ എംഎംഎ ചട്ടങ്ങള്‍ പ്രകാരം കളിക്കാരന്‍ നോക്ക് ഔട്ട് ആവും. ഇതില്‍ പ്രകാരം അതിശക്തമായ പ്രഹരം എതിരാളിയില്‍ ഏല്‍പ്പിച്ചത് എയല ആണെങ്കിലും അയാള്‍ തന്നെ മല്‍സരം തോല്‍ക്കുന്ന ഘട്ടമാണ് എത്തിയത്.
റഫറി എയല നോക്ക് ഔട്ടായി മത്സരത്തില്‍ നിന്ന് പുറത്തായെന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ചാറ്റ്മാന്‍ അതെല്ലാം തകിടം മറിച്ചത്. കളിനിയമം അനുസരിച്ച് എയല നോക്ക് ഔട്ടായെന്നും ചാറ്റ്മാന്‍ മത്സരം വിജയിച്ചുവെന്നും ചാറ്റ്മാനും എയലയ്ക്കും ഒരു പോലെ മനസ്സിലായി. എയലയാകട്ടെ താന്‍ തന്നെത്തന്നെ തോല്‍പിച്ചതിന്റെ നിരാശയോടെ തറയില്‍ തന്നെ കിടക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ വിജയത്തില്‍ മതിമറന്ന ചാറ്റ്മാന്‍ വീണു കിടക്കയായിരുന്ന എയലയുടെ മുതുകത്തു കയറി നിന്ന് തലകുത്തി മറിഞ്ഞ് സന്തോഷ പ്രകടനം നടത്തി.
അതോടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. 23-കാരനായ ചാറ്റ്മാന്‍ ബെല്‍ മുഴങ്ങിയതിനു ശേഷവും എതിരാളിയെ ആക്രമിച്ചു എന്ന വകുപ്പില്‍പെടുത്തി അയാളെ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു. ഈ വീഡിയോ എംഎംഎ സര്‍ക്കിളില്‍ വൈറലായതോടെ ചാറ്റ്മാനു നേരെ അതിനിശിതമായ വിമര്‍ശനങ്ങളാണുയര്‍ന്നത്.
കഴിഞ്ഞ ഓഗസ്റ്റിനുശേഷം താന്‍ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ പ്രൊഫഷണലായി മാറിയതിനു ശേഷമുള്ള തന്റെ ആദ്യത്തെ മത്സരത്തില്‍ നിനച്ചിരിക്കാത്ത നിമിഷത്തിലും രീതിയിലും വിജയം കൈവന്നപ്പോള്‍ ചുറ്റുപാടുകള്‍ മറന്നു പോയതാണെന്നും പറഞ്ഞ് ചാറ്റ്മാന്‍ എയലയോട് ഖേദം പ്രകടിപ്പിച്ചു.
'ദ ഓണറബിള്‍' എന്ന് വിളിപ്പേരുള്ള ചാറ്റ്മാന്‍, ആ സംഭവത്തില്‍ തനിക്ക് നല്ല നിരാശയുണ്ടെന്ന് അറിയിച്ചു. പ്രസ്തുത സംഭവത്തോടനുബന്ധിച്ച് എതിരാളിയായ എയലയെ വിജയിയായി പ്രഖ്യാപിച്ചതു കൂടാതെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് അത്‌ലറ്റിക് കമ്മീഷന്‍ 90 ദിവസത്തെ വിലക്കും ചാറ്റ്മാന് കല്‍പ്പിച്ചിട്ടുണ്ട്. റഫറിയുടെ പരിചരണത്തിലായിരുന്ന ഒരു കളിക്കാരനെ ഉപദ്രവിച്ചതിനും കായിക താരത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിനും മാച്ച് അവസാനിച്ചതിനുശേഷം എതിരാളിയെ ഉപദ്രവിച്ചതിനുമെല്ലാം ചേര്‍ത്ത് അയാളുടെ പ്രതിഫലത്തുകയായ 500 ഡോളറും തടഞ്ഞു വച്ചിട്ടുണ്ട്.
ശിക്ഷണ നടപടികളുടെ പ്രാധാന്യം താന്‍ മനസ്സിലാക്കുന്നുവെന്നും അതുമാത്രമല്ല തന്റെ പ്രവൃത്തിയുടെ വീഡിയോ എന്നെന്നും ഇനി ഇന്റര്‍നെറ്റില്‍ ഉണ്ടാവുമെന്ന് തനിക്കറിയാമെന്നും അത് കണ്ണില്‍പെടുമ്പോഴെല്ലാം ഖേദത്തോടെ അതേ കുറിച്ച് ഓര്‍ക്കുവാനും തെറ്റുകള്‍ തിരുത്തുവാനും ശ്രമിക്കുമെന്നും അയാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha