ഭക്തിയോടെ ചമഞ്ഞൊരുങ്ങാന്‍ ആണ്‍കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ എത്തുന്ന കൊറ്റന്‍കുളങ്ങര ചമയവിളക്ക്
പുരുഷന്മാര്‍ അംഗനമാരാവുന്ന ചവറ കൊറ്റന്‍കുളങ്ങര ചമയവിളക്ക് ദൃശ്യ മനോഹാരിത കൊണ്ട് ശ്രദ്ധേയമായി. ആയിരങ്ങളാണ് വിളക്കെടുക്കാന്‍ രണ്ടു ദിവസങ്ങളിലായി ഇവിടെയെത്തി ചേരുന്നത്. ചിരിയിലും നോട്ടത്തിലും നടത്തത്തിലുമെല്ലാം യഥാര്‍ഥ നാരിമാര്‍ പോലും ഇവര്‍ക്കു പിന്നിലേ വരൂ.
അഭീഷ്ട സിദ്ധിക്കായാണ് പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടുന്നത്. പ്രായ വ്യത്യാസമില്ലാതെ വ്രതശുദ്ധിയോടെ ആണ് കാര്യസിദ്ധിക്കായി വിളക്കെടുക്കാന്‍ പുരുഷാംഗനമാര്‍ എത്തിയത്.
കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ചൂടി കേരളീയ വേഷം ധരിച്ചാണ് ഭൂരിഭാഗം പേരും ഭക്തിപൂര്‍വ്വം വിളക്കെടുക്കാന്‍ എത്തിയത്. പതിവ് പോലെ ഇത്തവണയും ക്ഷേത്രപരിസരങ്ങളിലെ കടകളിലും വീടുകള്‍ കേന്ദ്രീകരിച്ചും താല്‍ക്കാലിക മേക്കപ്പ് ശാലകളും സ്റ്റുഡിയോകളും ഉയര്‍ന്നിരുന്നു.
ഇന്നലെ രാവിലെ മുതല്‍ പല ദേശങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രപരിസരങ്ങളിലെ വീടുകളിലും ലോഡ്ജുകളിലുമായി എത്തിയത്. രാത്രി ഒമ്പതരയോടെ ക്ഷേത്രപരിസരം പുരുഷാംഗനമാരെക്കൊണ്ട് നിറഞ്ഞു. വേഷപകര്‍ച്ചയില്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ വിളക്കെടുക്കാനെത്തി. ഭിന്നലിംഗക്കാരും ഇവിടെ ചമയവിളക്ക് എടുക്കാനെത്തി.
ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഇതില്‍ ഏറെയും സ്ഥിരമായി ചമയവിളക്ക് എടുക്കുന്നവരുമുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആള്‍ക്കാര്‍ വരെ പെണ്ണായി വേഷവിധാനം ചെയ്ത് വിളക്കെടുക്കുമ്പോള്‍ അതൊരു വിശ്വാസത്തിന്റെ ഉത്സവമായി മാറുകയാണ്.
വിളക്കെടുപ്പ് കാണാന്‍ ധാരാളം ഭക്തര്‍ എത്തിയതോടെ ക്ഷേത്രാങ്കണം അക്ഷരാര്‍ഥത്തില്‍ ജനനിബിഡമായി മാറി. പുരുഷാംഗനമാര്‍ അണിഞ്ഞൊരുങ്ങി ക്ഷേത്രത്തിലെത്തി ശ്രീകോവിലിനുമുന്നില്‍ നിന്ന് വിളക്കു കത്തിച്ച് പ്രദക്ഷിണം വച്ചതിന് ശേഷം വിളക്കുമായി കുഞ്ഞാലിമൂട് മുതല്‍ ആറാട്ട് കടവ് വരെ വരിവരിയായി നിന്നു. വിളക്കു കണ്ട് തൃപ്തയായ ദേവിയുടെ അനുഗ്രഹം വാങ്ങിയതിനുശേഷമാണ് ഭക്തര്‍ വീടുകളിലേക്ക് മടങ്ങിയത്.
ഇന്നലെത്തെ ഉത്സവം നടത്തിയത് ചവറ, പുതുക്കാട് കരക്കാരാണ്. ഉരുള്‍, കലശപൂജകള്‍, കെട്ടുകാഴ്ച, സംഗീതസദസ് എന്നിവ നടന്നു. ആറാട്ട് നടത്തി കുരുത്തോലപ്പന്തലില്‍ ദേവി വിശ്രമിക്കുന്നതോടെ ആദ്യദിവസത്തെ ചമയവിളക്ക് അവസാനിച്ചു.
https://www.facebook.com/Malayalivartha