കൂത്താട്ടുകുളത്ത് ആറ് അടിയോളം നീളവും 30 കിലോഗ്രാമോളം തൂക്കവും ഉള്ള ഭീമന്‍ ഉടുമ്പിനെ കണ്ടെത്തി
അസാധാരണ വലുപ്പമുള്ള ഉടുമ്പ് ടൗണില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും കൗതുകക്കാഴ്ചയാകുന്നു. ആറ് അടിയോളം നീളവും 30 കിലോഗ്രാമോളം തൂക്കവും ഉള്ള ഈ ഉടുമ്പിനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ മുതലയാണെന്നേ തോന്നൂ. ആളുകളെ കാണുമ്പോള്‍ ഭയം പ്രകടിപ്പിക്കാത്ത ഉടുമ്പ് കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് റോഡിലെ ഒരു വീട്ടില്‍ എത്തിയതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. മാര്‍ക്കറ്റ് ഭാഗത്തുള്ള കൈത്തോടാണ് ഉടുമ്പിന്റെ വിഹാരകേന്ദ്രം. അശ്വതി കവല ഭാഗത്ത് മാര്‍ക്കറ്റ് റോഡിന് കുറുകെ കേബിള്‍ഭവന്‍, അഗ്‌നിരക്ഷാനിലയം എന്നിവയ്ക്ക് സമീപത്തു കൂടി ടൗണ്‍തോട്ടില്‍ എത്തിച്ചേരുന്ന കൈത്തോട്ടില്‍ പതിവായി സഞ്ചരിക്കുന്ന ഉടുമ്പ് ഇടയ്ക്കിടെ കരയ്ക്കു കയറും.
കഴിഞ്ഞ ദിവസം മാര്‍ക്കറ്റ്‌റോഡിലെ വീടിന്റെ ചുമരില്‍ അള്ളിപ്പിടിച്ചിരുന്ന ഉടുമ്പിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. കാഴ്ചക്കാരുടെ എണ്ണം കൂടിയപ്പോള്‍ ചുമരില്‍ നിന്നിറങ്ങിയ ഉടുമ്പ് വീട്ടിലെ ശുചിമുറിയിലേക്കു കയറി. ഇതിനെ ശുചിമുറിയില്‍ നിന്ന് പുറത്തിറക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ശുചിമുറിയുടെ മൂലയില്‍ ഇരുന്ന് അടുത്തെത്തുന്നവരുടെ നേരെ ചീറ്റാന്‍ തുടങ്ങിയതോടെ കാണികളില്‍ പലരും ഭയത്തിലായി. ഒടുവില്‍ പാലക്കുഴയില്‍ നിന്ന് എത്തിയ യുവാവ് ഉടുമ്പിനെ വലിച്ച് വീടിനു വെളിയിലെത്തിച്ചു. പുറത്തെത്തിയ ഉടുമ്പ് തോട്ടിലേക്ക് മടങ്ങി.
വലിയ കഴുത്തും ബലമുള്ള വാലും നഖങ്ങളും വിരലുകളും ഉള്ള ഉടുമ്പ് ഉരഗങ്ങളില്‍ വലുപ്പമുള്ള ജീവിയാണ്. എവിടെയും പിടിച്ചുകയറാനും ബലമായി പിടിച്ചിരിക്കാനുമുള്ള ഇവയുടെ കഴിവ് അപാരമാണ്. അപായ നീരീക്ഷകനായി അറിയപ്പെടുന്ന ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളര്‍ത്താന്‍ കഴിയും. എന്നാല്‍, വംശനാശം സംഭവിച്ച ഭീമന്‍ ഉരഗങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ഉടുമ്പുകള്‍ സംരക്ഷിത വിഭാഗത്തിലാണ്. രാജ്യത്തെ വന്യജീവി സംരക്ഷണനിയമപ്രകാരം ഉടുമ്പിനെ വേട്ടയാടാനോ കടത്താനോ, കൈവശം വയ്ക്കാനോ പാടില്ല. തടവുശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാത്ത കുറ്റമാണിത്.
https://www.facebook.com/Malayalivartha