മരം ഒരു വരം തന്നെ എന്ന് ആരും സമ്മതിച്ചു പോകും ഈ വീഡിയോ കണ്ടാല്‍...!
സൗത്ത് ടൈന്‍സൈഡിലെ സൗത്ത് ഷീല്‍ഡ്സില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ മരം ഒരു വരമാണ് എന്ന് പറയുന്നത് വലിയ സത്യമാണെന്ന് ആരും സമ്മതിക്കും. നമ്മുടെ പരിസ്ഥിതി സന്തുലനത്തില്‍ സഹായിച്ച് ആരോഗ്യകരമായി ജീവിക്കാന്‍ സഹായിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല അമൂല്യ വരദാനമാണ് മരം എന്ന് പറയുന്നത് എന്ന് ആരും ചിന്തിച്ചു പോകും!
ന്യൂകാസില്‍ ക്രൗണ്‍ കോടതിയില്‍ നടക്കുന്ന ഒരു കേസിന്റെ വിചാരണയിലാണ് മരം ജീവദായകമായ അനുഭവത്തെ കുറിച്ച് പരാമര്‍ശമുണ്ടായത്. 34-കാരനായ ഡാനിയേല്‍ റ്റോപ്പ്, റോഡിലുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും റോഡില്‍ അയാളുടെ കാറിന്റെ തൊട്ടു മുന്നിലുണ്ടായിരുന്ന വാഹനത്തെ ഇടിയ്ക്കുകയും ചെയ്തിട്ട് കാര്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു എന്നായിരുന്നു കേസ്. അതിന്റെ തെളിവിനായി ഹാജരാക്കിയ ദൃശ്യങ്ങളിലാണ് പ്രസ്തുത അപകടം നടന്നപ്പോള്‍ നടപ്പാത ഉപയോഗിക്കയായിരുന്ന ദമ്പതികള്‍ ഭാഗ്യം കൊണ്ട് ജീവാപായമില്ലാതെ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
അതിവേഗത്തില്‍ വരികയായിരുന്ന കാര്‍ അതിനു തൊട്ടു മുന്നിലുള്ള വാഹനത്തിലിടിച്ചതിനുശേഷം വശത്തേക്ക് തെന്നിയപ്പോഴാണ് നടപ്പാതയിലേക്ക് കയറിയത്. അതീവ വേഗതയില്‍ നിയന്ത്രണമില്ലാതെ നടപ്പാതയിലേക്ക് ചുഴറ്റിയെറിഞ്ഞതു പോലെ കയറിയ ആ കാര്‍ ചെന്നിടിച്ചത് അവിടെയുണ്ടായിരുന്ന ഒരു മരത്തിലാണ് . ആ മരത്തില്‍ ഇടിച്ച് അത് നിന്നു പോയി. ആ മരം അവിടെ ഇല്ലായിരുന്നുവെങ്കില്‍ ആ കാര്‍ അതേ വേഗതയില്‍ ആ മരത്തിന് അപ്പുറത്തു കൂടി നടക്കുകയായിരുന്ന ദമ്പതികളെ ഇടിച്ച് വീഴ്ത്തിയേനെ. വാസ്തവത്തില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരുന്നത് ആ മരം ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ്.
പ്രതിയുടെ വാഹനം ആ റോഡില്‍ പാലിക്കേണ്ടിയിരുന്ന വേഗപരിധി പാലിച്ചിരുന്നില്ലെന്നും ആ വാഹനത്തിനു മുന്നിലുണ്ടായിരുന്ന വണ്ടിയില്‍ മുഴുവേഗത്തിലായിരുന്നു ചെന്നിടിച്ചതെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. പ്രതിയ്ക്ക് അപകട വേളയില്‍ പരിക്കേറ്റെങ്കിലും ചോരയൊലിക്കുന്ന തലയുമായി വാഹനമുപേക്ഷിച്ച് അടുത്ത മെട്രോ ട്രെയിന്‍ കയറി അയാള്‍ വീട്ടിലേയ്ക്കു പോയതായും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
കാര്‍ ഓടിച്ചിരുന്ന ടോപ്പിന്റെ ഒരു സുഹൃത്തിന്റെ രണ്ടു സുഹൃത്തുക്കളും ആ വണ്ടിയില്‍ ഉണ്ടായിരുന്നു. ടോപ്പിന് അവരെ നേരിട്ട് പരിചയമില്ലെങ്കിലും മോറിസണ്‍സ് വരെ അവര്‍ക്ക് ലിഫ്റ്റ് നല്‍കാമെന്ന് സമ്മതിക്കയായിരുന്നു. കാറില്‍ കയറിയപ്പോള്‍ മുതല്‍ ടോപ്പിന്റെ അമിത വേഗതയില്‍ പേടിച്ചിരിക്കയായിരുന്നു താനെന്നാണ് കാറില്‍ ഓപ്പമുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞത്. അപകടം ഉണ്ടായപ്പോള്‍ ടോപ്പ് കാറിലെ റേഡിയോ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നുവത്രേ.
ഏതായാലും ടോപ്പിന് 18 മാസത്തെ ജയില്‍വാസവും 3 വര്‍ഷക്കാലം ഡ്രൈവിംഗിന് വിലക്കും ശിക്ഷ കിട്ടി.
https://www.facebook.com/Malayalivartha