പ്രണയം തോന്നിയത് അറിയിച്ചു; പ്രൊപോസ് ചെയ്തതിലും അതിനുള്ള മറുപടി നല്‍കിയതിലും പക്വത കാട്ടി യുവാക്കള്‍!
ഒരു പെണ്‍കുട്ടിയോടുള്ള പ്രണയം കാത്തുസൂക്ഷിച്ച് മനസ്സു തുറക്കാന്‍ കാത്തിരുന്നിട്ടുണ്ടോ? ഇനിയിപ്പോ അവള്‍ക്കെങ്ങാനും മറ്റൊരു കാമുകനുണ്ടെങ്കിലോ എന്നുകരുതി പറയാതിരുന്നിട്ടുണ്ടോ? എന്നാല്‍ ഈ പ്രണയം പറയല്‍ അത്ര വലിയ സംഭവമല്ലെന്നും സംഗതി നിരാശയാണെങ്കില്‍പ്പോലും അതും സെലിബ്രേറ്റ് ചെയ്യണമെന്നും പറയുന്നതാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നൊരു ട്വീറ്റ്.
കാലിഫോര്‍ണിയ സ്വദേശിയായ ഡാനിയാണ് കഥയിലെ താരം. പ്രണയം തോന്നിയ പെണ്‍കുട്ടിയോട് അതു വെളിപ്പെടുത്തിയതിന് ഡാനിക്കു കിട്ടിയ മറുപടി അവളുടെ കാമുകനില്‍ നിന്നായിരുന്നു.
സ്റ്റാര്‍ബക്‌സില്‍ കോഫി കുടിക്കുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയോടു പ്രണയം പറയാന്‍ ഡാനി തീരുമാനിച്ചത്. അതിനു കണ്ടെത്തിയ വഴിയോ ഒരു കുഞ്ഞു പേപ്പറില്‍ തന്റെ ഹൃദയം തുറന്നെഴുതുക എന്നതായിരുന്നു. താന്‍ കണ്ടതില്‍ വച്ചേറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണ് നീ എന്നും ബോയ്ഫ്രണ്ടില്ലെങ്കില്‍ മാത്രം ഇതില്‍ കുറിച്ചിരിക്കുന്ന നമ്പറിലേക്ക് മെസേജ് അയക്കണമെന്നും ഡാനി എഴുതി. തീര്‍ന്നില്ല തന്റെ ഉള്ളം കവര്‍ന്ന യുവതിക്കായി ഒരു കോഫിയും ഡാനി ഓര്‍ഡര്‍ ചെയ്തിരുന്നു. ഒപ്പം യുവതിക്ക് ആ കോഫി ഇഷ്ടമാകുമോ എന്ന ആശങ്കയും കുറിപ്പില്‍ പങ്കുവച്ചു.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. കുറിപ്പു കിട്ടിയ യുവതിയുടെ മറുപടി കാത്തിരുന്ന ഡാനിക്കു കിട്ടിയ മെസേജ് അവളുടെ കാമുകനില്‍ നിന്നുമായിരുന്നു. മാന്യമായ ഭാഷയില്‍ അവള്‍ തന്റെ കാമുകിയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ആ മെസേജ്. സ്റ്റാര്‍ബക്‌സില്‍ വച്ചു താങ്കള്‍ കോഫി നല്‍കിയ പെണ്‍കുട്ടിയുടെ കാമുകനാണ് ഞാന്‍. അവളുടെയുള്ളില്‍ പുഞ്ചിരി നിറച്ചതിനും അന്തസ്സുറ്റ രീതിയില്‍ പ്രണയമറിയിക്കാന്‍ ശ്രമിച്ചതിനും നന്ദി. ഇനി ബോയ്പ്രണ്ടില്ലെങ്കില്‍ മാത്രം മറുപടി അയയ്ക്കാന്‍ പറഞ്ഞ ഭാഗത്തിന്, നിങ്ങള്‍ക്ക് മനസ്സിലാകുന്നതിനു വേണ്ടി ഞാന്‍ മറുപടി പറയാം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
പക്ഷേ ഈ മറുപടി കേട്ടു നിരാശാകാമുകനായി കുത്തിയിരിക്കാനൊന്നും ഡാനിയെ കിട്ടില്ല. തെല്ലും മടിയില്ലാതെ താന്‍ നല്‍കിയ കുറിപ്പും കാമുകന്‍ തിരിച്ചയച്ച മെസേജും സഹിതം ഡാനി ട്വീറ്റ് ചെയ്തു. ട്വീറ്റിന് വന്‍വരവേല്‍പാണു കിട്ടിയതെന്നു പ്രത്യേകം പറയേണ്ടല്ലോ. പക്ഷേ ഡാനിയേക്കാള്‍ പിന്തുണ കൂടുതല്‍ കാമുകന്റെ മറുപടിക്കായിരുന്നു. ഡാനി പ്രൊപോസ് ചെയ്ത രീതിയെ അഭിനന്ദിച്ചതിനൊപ്പം കാമുകന്‍ അതെത്ര മാന്യമായാണു കൈകാര്യം ചെയ്തതെന്നാണ് പലരും പറയുന്നത്. 2018-ല്‍ സ്ത്രീകളെച്ചൊല്ലി വഴക്കടിക്കുന്ന പുരുഷന്മാര്‍ ഉണ്ടാകില്ലെന്നതിന്റെ തെളിവാണിതെന്നു വരെ കമന്റുകള്‍ വന്നു.
https://www.facebook.com/Malayalivartha