കടല്‍ കൊണ്ടുപോയ ക്യാമറ രണ്ടര വര്‍ഷത്തിന് ശേഷം ഒരുതുള്ളിവെള്ളം പോലും കയറാതെ,ഒരു കേടുംകൂടാതെ തിരിച്ചുകിട്ടി!
2015 സെപ്റ്റംബറില്‍ തായ്‌വാനില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കുള്ള ഒക്കിനാവയിലെ ഇഷിഗാക്കി ദ്വീപില്‍ വിനോദയാത്രയ്ക്കു പോയതാണ സെറീന എന്ന ജപ്പാന്‍കാരി. അവിടെ സെറീന സ്‌കൂബാ ഡൈവിങ് നടത്തി.സ്‌കൂബാ ഡൈവിങിനിടെ വെള്ളം കയറാതിരിക്കാനായി കൈയ്യിലുണ്ടായിരുന്ന ക്യാമറയ്ക്ക് ചുറ്റും പ്ലാസ്റ്റിക് കൊണ്ട് മൂടി. പക്ഷേ സ്‌കൂബാ ഡൈവിങ് കഴിഞ്ഞ് വരുമ്പോള്‍ കാമറ നഷ്ടപ്പെട്ടിരുന്നു.
ക്യാമറ കാണാതായെന്ന് തിരിച്ചറിഞ്ഞതോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.കളഞ്ഞുപോയ ക്യാമറയെ ഓര്‍ത്ത് ദുഖത്തിലായിരുന്നു സെറീന. എന്നാല്‍ ഇപ്പോഴിതാ സെറീന കാത്തിരുന്ന ആ ക്യാമറ തിരിച്ചുകിട്ടി. മാത്രമല്ല രണ്ടര വര്‍ഷത്തിന് ശേഷം ഒരു കുഴപ്പവും കൂടാതെയാണ് ക്യാമറ തിരിച്ചുകിട്ടിയിരിക്കുന്നത്.
കടല്‍പ്പുറ്റ് പറ്റിപ്പിടിച്ച് കിടന്ന വസ്തു തായ്‌വാനിലെ സ്‌കൂളില്‍ നിന്നെത്തിയ വിനോദയാത്രാ സംഘത്തിലെ ഒരു പതിനൊന്നുകാരനാണ് ആദ്യം കണ്ടെത്തിയത്. നശിച്ചുപോയ ക്യാമറ ആരെങ്കിലും ഉപേക്ഷിച്ചതാകുമെന്ന് കരുതിയ കുട്ടി ഇത് വൃത്തിയാക്കി തുടങ്ങിയപ്പോഴാണ് ക്യാമറ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്.
നടുക്കടലില്‍ നിന്ന് കിട്ടിയ ക്യാമറയില്‍ ഒരു തുള്ളി വെള്ളം പോലും ഉള്ളില്‍ കടക്കാതിരുന്നതിനാലാണ് രണ്ടര വര്‍ഷത്തിനിപ്പുറവും ക്യാമറ ജീവനോടിരിക്കാന്‍ കാരണം. ക്യാമറയുടെ ബട്ടന്‍ ഞെക്കിയപ്പോള്‍ അത് പ്രവര്‍ത്തിച്ചത് ഞെട്ടിച്ചു കളഞ്ഞുവെന്ന് കുട്ടികള്‍ക്കൊപ്പം വിനോദയാത്രയിലുണ്ടായിരുന്ന അധ്യാപിക പറഞ്ഞു.
സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടികളും അധ്യാപകരും ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ക്യാമറയിലുണ്ടായിരുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങളില്‍ ജപ്പാനില്‍ നിന്നുളള ചില ചിത്രങ്ങള്‍ കണ്ടതോടെ ജാപ്പനീസ് ഭാഷയിലും പോസ്റ്റ് തയ്യാറാക്കി പ്രചരിപ്പിച്ചു. പതിനായിരക്കണക്കിന് ഷെയര്‍ ലഭിച്ച പോസ്റ്റ് ഒരു സുഹൃത്താണ് സെറീനയ്ക്ക് കാണിച്ച് കൊടുത്തത്. താന്‍ ശരിക്കും ഭാഗ്യവതിയാണെന്നും ആളുകളുടെ ദയ തന്നെ അതിശയിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. ജൂണില്‍ തായ്‌വാനിലെത്തി ക്യാമറ കൈപ്പറ്റുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha