കടലിൽ കാണാതായ ക്യാമെറ തീരത്തടിഞ്ഞത് രണ്ടര വർഷങ്ങൾക്കു ശേഷം; തീരത്തടിഞ്ഞതോ ഇങ്ങനെ...
ഭാഗ്യമെന്നു പറഞ്ഞാൽ ഇതാണ്. എന്താണെന്നല്ലേ സംഭവം ?... രണ്ടര വർഷം മുൻപ് കടലിൽ കാണാതെ പോയ ക്യാമറ തിരികെ ലഭിച്ചിരിക്കുകയാണ് ജപ്പാൻകാരിയായ സെറീന സുബാക്കിഹാര എന്ന വിദ്യാർഥിക്ക്. അതും ഒരു കേടുപാടു പോലും സംഭവിക്കാതെ.
2015 സെപ്തംബറില് തായ് വാനില് നിന്ന് 250 കിലോമീറ്റർ കിഴക്കുള്ള ഒക്കിനാവയിലെ ഇഷിഗാക്കി ദ്വീപില് വിനോദയാത്രയ്ക്ക് എത്തിയ സെറീനയുടെ ക്യാമറ സുബാക്കിഹാര കടലിൽ സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ നഷ്ടമായി.
തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും ക്യാമറ കണ്ടെത്താനായില്ല. എന്നാൽ വെളളം കയറാതിരിക്കാൻ ഭദ്രമായി ആവരണം ചെയ്തിരുന്ന ക്യാമറ 100 കണക്കിന് കിലോമീറ്റർ കടൽ വഴി സഞ്ചരിച്ചു. ഒടുവിൽ തായ്വാനിലെ കടൽത്തീരത്ത് അടിഞ്ഞു.
കടൽപ്പുറ്റ് പറ്റിപ്പിടിച്ച് കിടന്ന വസ്തു ഒരു പതിനൊന്നുകാരനാണ് ആദ്യം കണ്ടെത്തിയത്. നശിച്ച് പോയ ക്യാമറ ആയിരിക്കുമെന്ന് കരുതി വിദ്യാർഥി ഇതെടുത്ത് വൃത്തിയാക്കിയപ്പോഴാണ് കേടുകൂടാതെ കിടന്ന ക്യാമറയാണെന്ന് തിരിച്ചറിഞ്ഞത്.
ഒരു തുളളി വെളളം പോലും അകത്ത് കടക്കാതെ കിടന്നതാണ് ക്യാമറ കേടുകൂടാതെ ഇരിക്കാൻ കാരണമായത്. എന്നാൽ ക്യാമറയുടെ ബട്ടൺ ഞെക്കിയപ്പോൾ ഇത് പ്രവർത്തിച്ചത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അധ്യാപിക പറഞ്ഞു. അപ്പോഴും ക്യാമറയിൽ ചാർജ് ബാക്കിയുണ്ടായിരുന്നു. ഇതോടെ സ്കൂളിൽ തിരിച്ചെത്തിയ കുട്ടികളും അധ്യാപകരും ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഫേസ്ബുക്കിലും ഇന്സ്റ്റഗ്രാമിലും ക്യാമറയിലുണ്ടായിരുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തും ജപ്പാനിൽ നിന്നുളള ചില ചിത്രങ്ങൾ കണ്ടതോടെ ജാപ്പനീസ് ഭാഷയിൽ പോസ്റ്റ് തയ്യാറാക്കിയും ഇവർ പ്രചരിപ്പിക്കുവാൻ തുടങ്ങി. പതിനായിരക്കണക്കിന് ഷെയർ ലഭിച്ച പോസ്റ്റ് സുബാക്കിഹാരയുടെ ഒരു സുഹൃത്താണ് കാണിച്ച് കൊടുത്തത്.
താൻ ശരിക്കും ഒരു ഭാഗ്യവദിയാണെന്നും ആളുകളുടെ സഹായ മനോഭാവം തന്നെ തീർത്തും അതിശയിപ്പിച്ചുവെന്നും സുബാക്കിഹാര പറയുന്നു. ജൂണിൽ തായ് വാനിലെത്തി ക്യാമറ കൈപ്പറ്റുമെന്നും ഇവർ പറഞ്ഞു.
https://www.facebook.com/Malayalivartha