ഇനി മേലില്‍ ഞങ്ങളുടെ ഹോട്ടല്‍ കോമ്പൗണ്ടിനകത്ത് കാണരുത്... 17 വര്‍ഷം മുമ്പത്തെ ആ വിലക്ക് നിക്ക് ബര്‍ച്ചിലിന് നീക്കി കിട്ടി!
17 വര്‍ഷം മുമ്പ് മനസ്സറിയാതെ ചെയ്തു പോയ ഒരു കൈപ്പിഴയ്ക്ക് നിക്ക് ബര്‍ച്ചില്‍ ക്ഷമായാചനം നടത്തുകയാണ്. താന്‍ താമസിച്ചിരുന്ന ഒരു ഹോട്ടല്‍ മുറിയിലേക്ക് സീഗള്‍ പക്ഷികളെ കൂട്ടത്തോടെ ആകര്‍ഷിച്ച് വരുത്തി മുറിയാകെ വൃത്തികേടാക്കിയതിനാണ് ഫെയര്‍മോണ്ട് എംപ്രസ് ഹോട്ടല്‍, നിക്കിനെ ഇനി അവരുടെ ഹോട്ടലുകളിലൊന്നും കയറ്റില്ലെന്ന് വിലക്കിയത്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വിക്ടോറിയയിലുള്ള ഫെയര്‍മോണ്ട് എംപ്രസ് ഹോട്ടലില്‍ നിക്ക് ബര്‍ച്ചില്‍ മുറിയെടുത്തത് 2001 -ലാണ്. കക്ഷികളുമായി ഒരു ബിസിനസ് മീറ്റിംഗായിരുന്നു ഉദ്ദേശം. ഏതായാലും വിക്ടോറിയയിലേക്ക് വരുമ്പോള്‍ അവിടെയുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും വാങ്ങി വരണ്ടേ എന്നു വിചാരിച്ച് തന്റെ നാടായ നോവാസ്‌കോഷ്യ പ്രവിശ്യയിലെ ഹാലിഫാക്‌സില്‍ നിന്നുള്ള പെപ്പറോണി പിസയും വാങ്ങിയാണ് വന്നത്. എന്നാല്‍ മുറിയിലാണെങ്കിലോ ഫ്രിഡ്ജുമില്ല! തണുപ്പുകാലമല്ലേ , ജനല്‍ തുറന്നിട്ടാല്‍ മതിയല്ലോ പെപ്പറോണി കേടു കൂടാതെ ഇരിക്കുമല്ലോ എന്നു കരുതി ജനല്‍ തുറന്നിട്ടിട്ട് പെപ്പറോണി റൂമില്‍ വച്ച്, പുറത്തൊന്ന് നടന്നിട്ടു വരാമെന്നു കരുതി ഇറങ്ങി. അവിടെയാണ് കാര്യങ്ങള്‍ നിക്കിന്റെ കൈയ്യില്‍ നിന്നു പോയത്!
നടത്തം കഴിഞ്ഞ് തിരിച്ചെത്തി മുറി തുറന്ന നിക്ക് കണ്ടത് 40-ഓളം സീ്ഗള്‍ പക്ഷികളെയാണ്. അവ പെപ്പറോണി മുഴുവന്‍ തിന്നു തീര്‍ത്തെന്നു മാത്രമല്ല, മുറി മുഴുവന്‍ അവയുടെ കാഷ്ഠവും തൂവലും കൊണ്ട് നിറഞ്ഞിരുന്നു,. കൂടാതെ ഇഷ്ട ഭക്ഷണം കണ്ടാല്‍ അവയ്ക്കും നാവില്‍ വെള്ളമൂറുമെന്ന് അന്നാണ് നിക്കിന് മനസ്സിലായത്. വായിലൂടെ വെള്ളമൊലിപ്പിച്ചു കൊണ്ടാണ് അവയില്‍ പലതും മുറിക്കുള്ളില്‍ പറന്നു നടന്നത്.
നിക്കിനെ കണ്ടതോടെ അവ മുറിക്കു പുറത്തേക്കിറങ്ങാനായി അങ്ങോട്ടും ഇങ്ങോട്ടും കൂട്ടത്തോടെ പറക്കാന്‍ തുടങ്ങി. അതിനിടെ ചിലവ മുറിയിലെ കണ്ണാടിയില്‍ ചെന്നിടിച്ചു, അത് താറുമാറായി. കര്‍ട്ടനിടയിലൂടെ ഒന്നിച്ചു പറന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമം നടത്തി. അതോടെ കര്‍ട്ടനും പൊട്ടി താഴെ വീണു. ആഡംബര വിളക്കുകള്‍ തട്ടിയുടഞ്ഞു. കോഫി ട്രേ തള്ളി മറിച്ചിട്ടുടച്ചു. ആകെപ്പാടെ കോലാഹലമായിരുന്നു! ഹോട്ടല്‍ സ്റ്റാഫെത്തിയപ്പോള്‍ കണ്ടത് അവര്‍ക്കു വേണ്ടി നിക്ക് ഒരു ഒന്നൊന്നരപ്പണി ഒപ്പിച്ചു വച്ചിരിക്കുന്നതാണ്. ആ മുറി ഒന്നു വൃത്തിയാക്കി എടുത്ത് അടുക്കിയൊതുക്കി വയ്ക്കാന്‍ മണിക്കൂറുകളുടെ അധ്വാനം വേണ്ടിയിരുന്നു. ഹോട്ടലുകാര്‍ക്ക് അതൊട്ടും പിടിച്ചില്ല. നിക്ക് ഇനി മേലില്‍ അവരുടെ ഹോട്ടലില്‍ പ്രവേശിക്കരുതെന്ന് വിലക്കു കല്‍പ്പിച്ചു.
ഇപ്പോള്‍ 17 വര്‍ഷം കഴിഞ്ഞപ്പോഴാണ് പ്രസ്തുത സംഭവത്തെ അനുസ്മരിച്ചു കൊണ്ട് നിക്ക് ഫെയ്‌സ് ബുക്ക് കുറിപ്പെഴുതിയത്. അത് വൈറലാകുകയും ചെയ്തു. പിന്നീട് നിക്ക് നേരിട്ട് ഹോട്ടലിലെത്തി തന്റെ വിലക്ക് നീക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ എന്ന് ഒരു കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
അന്ന് തന്റെ മുറി വൃത്തിയാക്കാനെത്തിയ സ്ത്രീയുടെ മുഖത്തെ ഭാവം ഇപ്പോഴും താന്‍ ഓര്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടിന് ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഒരു സ്‌നേഹോപഹാരം നല്‍കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നിക്ക് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ അവര്‍ അവിടെ ജോലിയിലില്ല എന്ന് ഹോട്ടല്‍ അധികൃതര്‍ നിക്കിനെ അറിയിച്ചു. ഈ വിവരമെല്ലാം റിസപ്ഷനിലിരുന്നവരോട് പറയുന്നതിനിടെ തന്നെ, ഈ കഥ അവര്‍ക്കെല്ലാം അറിയാമെന്നും അതിലെ നായകനെ ഇപ്പോഴാണ് കാണുന്നതെന്നുമായിരുന്നു അവരുടെ പ്രതികരണം. ഏതായാലും ഇനി വിക്ടോറിയയില്‍ എത്തുമ്പോള്‍ അവരുടെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്യണം എന്ന് അവര്‍ നിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ക് അതിനു തയ്യാറാവുന്നില്ലെങ്കില്‍ അവര്‍ക്ക് സങ്കടമാവുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
അങ്ങനെ എല്ലാം പറഞ്ഞ് 'കോംപ്ലിമെന്‍സ്' ആക്കിയപ്പോള്‍ ഹോട്ടല്‍ സ്റ്റാഫിനെല്ലാവര്‍ക്കുമായി നിക്ക് ഒരു സമ്മാനം നല്‍കി. ഒരു പൗണ്ട് പെപ്പറോണി പിസ!
https://www.facebook.com/Malayalivartha