ഇറ്റലിയിലെ ആ വീട് നമ്മെ വട്ടം കറക്കും!
ഓരോ ദിവസവും രാവിലെ എഴുന്നേറ്റ് മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ ഒരേ കാഴ്ചയാണ് നാം കാണാറുള്ളത്. എന്നാല്‍ ഇറ്റലിയിലെ റിമിനി എന്ന ഗ്രാമത്തിലെ വട്ടംകറങ്ങുന്ന വീട്ടില്‍ ചെന്നാല്‍ എല്ലാ ദിവസവും ഒരേ കാഴ്ച കണ്ട് മടുക്കേണ്ടതില്ല.
കാരണം ഇവിടത്തെ മുറികളുടെ ജനലിലൂടെ ഓരോ ദിവസവും പുതിയ കാഴ്ചകള്‍ കാണാം. ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നതുപോലെ ഈ വീട് അത് ഉറപ്പിച്ചിരിക്കുന്ന പില്ലറില്‍ കറങ്ങിക്കൊണ്ടേയിരിക്കും. അങ്ങനെ വീടിന്റെ ജനാലകളിലൂടെയും വാതിലുകളിലൂടെയുമുള്ള കാഴ്ചകള്‍ മാറി വരും.
ഒരു ചെറിയ കുന്നിന്പുറത്താണ് ഈ വീട് പണിതിരിക്കുന്നത് എന്നതിനാല്‍ തന്നെ ഈ കാഴ്ചകളുടെ മനോഹാരിത ഏറെയാണ്. റോബര്‍ട്ടോ റോസി എന്ന പ്രശസ്ത ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റാണ് ഈ വീടിന്റെ രൂപകല്‍പന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു മീറ്റര്‍ വിസ്താരമുള്ള ഒരു പില്ലറിലാണ് വീട് പണിതിരിക്കുന്നത്. വീട്ടില്‍ താമസിക്കുന്നവര്ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഈ പില്ലര്‍ തിരിച്ച് വീടിന്റെ ദര്‍ശനം മാറ്റാം.
വട്ടംകറങ്ങുന്ന ഈ വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനല്‍ വഴിയാണ് വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സൂര്യന്‍ നീങ്ങുന്നതനുസരിച്ച് വീട് തിരിച്ചാല്‍ സോളാര്‍ പാനലുകളിലേക്ക് സ്ഥിരമായി സൂര്യപ്രകാശം പതിക്കുമെന്നും ഇത് കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുമെന്നും റോബര്‍ട്ടോ റോസി പറഞ്ഞു.
നിരന്തരമായി കറക്കുമ്പോള്‍ വീടിനുണ്ടാകാവുന്ന കേടുപാടുകള്‍ കുറയ്ക്കാനായി ഭാരം കുറഞ്ഞ സ്റ്റീല്‍, ഫൈബര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha