കാട്ടില്‍ മാത്രമല്ല അയ്യന്റെ സന്നിധിയിലുമുണ്ട് വിശപ്പിന്റെ വിളി; എരുമേലി ടൗണിനു സമീപം മന:സാക്ഷിയെ ഞെട്ടിച്ച സംഭവം; സഹായഹസ്തവുമായി നാട്ടുകാര്‍
വിശപ്പ് സഹിക്കാതെ വന്ന മധുവിന്റെ കഥ നമ്മള്‍ മറന്നിട്ടില്ല. എരുമേലി ടൗണിനു സമീപം ഇന്നലെ രാവിലെയായിരുന്നു സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം. ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ലാതെ തെരുവിലലഞ്ഞ മധ്യവയസ്‌കന്‍ വിശപ്പടക്കാന്‍ മണല്‍ വാരിത്തിന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ സഹായഹസ്തവുമായി ഓടിയെത്തി.
തേനി പെരിയകുളം സ്വദേശി ഗുരുസ്വാമി(53) രണ്ടാഴ്ച മുമ്ബ് നിര്‍മാണജോലികള്‍ക്കായി ശബരിമലയില്‍ എത്തിയതാണ്. കാലിനു നീരുവന്നതോടെ ജോലി ചെയ്യാന്‍ കഴിയാതെയായി. നാട്ടിലേക്കു പോകാന്‍ പണം ആവശ്യപ്പെട്ടെങ്കിലും ജോലിക്കു കൊണ്ടുവന്ന ബന്ധുക്കള്‍ പണം നല്‍കാന്‍ തയാറായില്ല. ഇതോടെ മലയിറങ്ങിയ ഗുരുസ്വാമി കിലോമീറ്ററുകള്‍ നടന്ന ശേഷം വഴിയില്‍ കണ്ട കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി എരുമേലിയിലെത്തി. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല. കൈയിലുണ്ടായിരുന്ന പണം ബസ് കൂലി കൊടുത്തതിനാല്‍ ഭക്ഷണം വാങ്ങാനും കാശില്ലാതായി.
എരുമേലിയിലൂടെ അലഞ്ഞു നടക്കവേ വിശപ്പു സഹിക്കാനാവാതെ മണല്‍ വാരിത്തിന്നുകയായിരുന്നു. കടലാസില്‍ മണല്‍ ശേഖരിച്ച് വായിലിടുന്നത് ടൗണിലുള്ള വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആദ്യം കണ്ടത്. ഇവര്‍ ബഹളംവച്ച് ആളെ കൂട്ടി. ഉടന്‍ തന്നെ സമീപ സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരും ഓടിയെത്തി. തുടര്‍ന്ന് എരുമേലി എ.ആര്‍.ടി. ഫൈനാന്‍സിന്റെ മാനേജര്‍ റെജി ഇരുമ്ബൂന്നിക്കര കടയില്‍നിന്നു പൊറോട്ടയും കറിയും വാങ്ങി നല്‍കി.
കടയുടെ വരാന്തയില്‍ ഇരുന്നുതന്നെ ഗുരുസ്വാമി ഭക്ഷണം മുഴുവന്‍ കഴിച്ചു. ഇതിനിടെ സഹായവുമായി നിരവധിപ്പേര്‍ എത്തിയിരുന്നു. എരുമേലി എസ്.ഐ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റി ഗുരുസ്വാമിയെ തേനിയിലേക്കയച്ചു. നാട്ടുകാരും വ്യാപാരികളും പോലീസും യാത്രാച്ചെലവിനുള്ള പണവും സംഘടിപ്പിച്ചു നല്‍കിയിരുന്നു. സാന്ത്വനമായെത്തിയവര്‍ക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞാണു ഗുരുസ്വാമി മടങ്ങിയത്.
https://www.facebook.com/Malayalivartha