കുഞ്ഞിനെ കാണാതായി; അമ്മ അബോധാവസ്ഥയിലായി, ആശങ്കയുടെ നിമിഷങ്ങള്‍ക്ക് അപ്പുറം കുഞ്ഞിനെ കിട്ടിയത് എവിടെ നിന്നെന്നോ...?
തൈക്കാവ് സ്കൂള്‍ റോഡില്‍ സൂര്യ കര്ട്ടന് ഷോപ്പ് എന്ന കട നടത്തുകയാണ് ഓമല്ലൂര്‍ അബീനിവാസ് സുരേഷ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തന്റെ അഞ്ചുവയസ്സുകാരനായ മകന് ആദിനാഥ് കടയ്ക്കുള്ളില്‍ കളിച്ചുകൊണ്ടിരിക്കുന്നത് പിതാവായ സുരേഷ് കണ്ടിരുന്നു. എന്നാല്‍ ഏകദേശം 6.15 ആയപ്പോള്‍ കടയ്ക്കുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് എവിടെയെന്ന് നോക്കിയപ്പോള്‍ കണ്ടില്ല.
സമീപത്തെല്ലാം നോക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ ചിത്രം ഉടന്‍ തന്നെ നാട്ടുകാര്‍ വാട്സാപ്പ് ഗ്രൂപ്പുകളിലെല്ലാം നല്കി. പോലീസും സമീപത്തുള്ളവരും തിരച്ചില്‍ തുടങ്ങുകയും ചെയ്തു.
ബസുകളിലും വാഹനങ്ങളിലും പരിശോധന നടത്താന്‍ പോലീസ് നിര്‍ദേശവും നല്കി. ഡിവൈ.എസ്.പി. വിദ്യാധരനും സംഘവും സ്ഥലത്തെത്തി അന്വേഷണവും തുടങ്ങി. ഇതിനിടെ അടുത്തുള്ള ഒരു വ്യക്തിയെ സംശയിച്ച് ചിലര്‍ ചോദ്യം ചെയ്യാന്‍ ഓടിക്കുകയും ചെയ്തു.
ബഹളത്തിനിടെ സുരേഷിന്റെ സുഹൃത്ത് കടയ്ക്കുള്ളില്‍ കയറി കൗണ്ടറിന് സമീപം നോക്കിയപ്പോള്‍ കുട്ടി, കടയിലെ കവര്‍ ശേഖരത്തിനോടുചേര്ന്ന് കിടന്ന് ഉറങ്ങുന്നതായി കണ്ടെത്തി. അതോടെ ആശങ്കയുടെ നിമിഷങ്ങള്‍ അകന്നു. കുട്ടിയുടെ അമ്മ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha