കരടിക്കുട്ടന് അന്ന് ആകെയൊരു മൂഡ് ഓഫ്... എല്ലാവരോടും ദേഷ്യം...ഒടുവില്‍ കൊവാല്‍സിക് എത്തി ഒന്ന് കെട്ടിപ്പിടിച്ചു, അതോടെ കരടിക്കുട്ടന്‍ ഹാപ്പിയായി!
കാലിഫോര്‍ണിയ ആനിമല്‍ പാര്‍ക്കില്‍ 24 കൊല്ലം മുമ്പ് ജനിച്ചതാണ് ജിംബോ എന്ന കരടി. എന്നാല്‍ അല്‍പനാള്‍ കഴിഞ്ഞപ്പോള്‍ പാര്‍ക്ക് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി. അപ്പോഴാണ് കൊവാല്‍സിക് എന്ന ഒരു കളക്ഷന്‍സ് ഓഫീസര്‍ അവനെ ഏറ്റെടുക്കാന്‍ സന്നദ്ധനായത്. ജിംബോ ജനിച്ചപ്പോള്‍ മുതല്‍ മനുഷ്യരുടെ ഇടയിലായിരുന്നതിനാല്‍ അതിനെ വനത്തിലേക്ക് അയക്കാനാകുമായിരുന്നില്ല. അതുകൂടാതെ അവന്റെ കാലിന് ചില പരിക്കുകളും ഉണ്ടായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 10 അടി ഉയരവും 630 കിലോ തൂക്കവുമുള്ള ഈ ഭീമന്‍ കരടി എന്തൊക്കെയോ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. അവനെ മൃഗഡോക്ടറുടെ അടുക്കലെത്തിച്ച് വേണ്ട ശുശ്രൂഷകള്‍ ഒക്കെ നല്‍കി. പക്ഷെ അതു കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മുതല്‍ അവന് എല്ലാത്തിനോടും നീരസം. ആകപ്പാടെ ഒരു ഉന്മേഷക്കുറവ്.
കൊവാല്‍സിക്, ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്കായി തുടങ്ങിയിട്ടുള്ള ഓര്‍ഫന്‍ഡ് വൈല്‍ഡ് ലൈഫ് സെന്റര്‍ എന്ന കേന്ദ്രത്തിലാണ് ജിംബോയെയും പാര്‍പ്പിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലെ ഓട്ടിസ്‌വില്ലിലാണ് ഈ സ്ഥാപനം. ജിംബോ വല്ലാതെ അസ്വസ്ഥനാണെന്ന് അറിഞ്ഞ് കൊവാല്‍സിക് സ്ഥലത്തെത്തി. ജിംബോയുടെ അടുത്തെത്തി അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ജിംബോ അയാളുടെ മടിയിലേക്ക് തല ചേര്‍ത്തു വച്ച് എന്തോ ഓര്‍മ്മകളില്‍ മുഴുകിയിരുന്നു.
ഭീമാകാരനായ ഒരു കരടിയാണതെന്ന് ആര്‍ക്കും അപ്പോള്‍ ചിന്തയില്‍ വരില്ല. മനസ്സിന് എന്തോ ഒരു സുഖവും തോന്നുന്നില്ലെന്ന് പറഞ്ഞ് ആശ്വാസം തേടിയെത്തിയ ചങ്ങാതിമാരിലൊരാള്‍ എന്നതു പോലെയായിരുന്നു ഇരുവരും പെരുമാറിയത്. കൊവാല്‍സികിന്റെ സാന്നിദ്ധ്യം ജിംബോയെ ആശ്വസിപ്പിച്ചുവെന്നു വേണം കരുതാന്‍. അയാളുടെ അരികത്തു നിന്നും മറ്റെങ്ങോട്ടും മാറാന്‍ ശ്രമിക്കാതെ ജിംബോ പിന്നെ അവിടെ തന്നെ ഇരിക്കുകയായിരുന്നു.
ഇപ്പോള്‍ ആ സംരക്ഷണ കേന്ദ്രത്തില്‍ മറ്റു 11 കരടികളും മറ്റു ചില മൃഗങ്ങളും ഉണ്ട്. മറ്റു മൃഗങ്ങളെയെല്ലാം പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് കൊവാല്‍സിക്കും ഭാര്യ സൂസനും ചിന്തിക്കുന്നുണ്ടെങ്കിലും ജിംബോയെ മറ്റെങ്ങോട്ടും വിടില്ലെന്നാണ് അവര്‍ പറയുന്നത്. അവന്‍ കുടുംബാംഗമാണെന്നാണ് ഒരു ദശാബ്ദത്തിലേറെക്കാലമായി കരടികളുമായിബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കൊവാല്‍സിക്കും ഭാര്യയും പറയുന്നത്.
https://www.facebook.com/Malayalivartha