ലോകാവസാനത്തെ കുറിച്ചുള്ള ലേറ്റസ്റ്റ് അപ്‌ഡേറ്റ് വേണോ? ഡെത്ത് പ്ലാനറ്റ് നിബുരു ഏപ്രില്‍ 23-ന് എത്തുമത്രേ!
ഇതാ ലോകാവസാനത്തിന്റെ പുതിയ തീയതി എത്തി! ഈ വരുന്ന ഏപ്രില്‍ 23-ന് സൂര്യനും ചന്ദ്രനും വ്യാഴവും കന്നിരാശിയില്‍ (കോണ്‍സുലേഷന്‍ വെര്‍ഗോ)യില്‍ ഒരേ നിരയില്‍ എത്തുമ്പോള്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്ത്യകാലത്തിന്റെ വരവാകുമെന്നാണ് പുതിയ വാദം.
അതേ തുടര്‍ന്ന് മരണഗ്രഹമായ നിബുരു ആകാശത്ത് ദൃശ്യമാവുമെന്നും അതിനോടനുബന്ധിച്ച് മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്നുമാണ് പ്രചരിക്കുന്നത്. മാത്രമല്ല, ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്തിക്രിസ്തു അവതരിക്കുമെന്നും തുടര്‍ന്ന് 7 വര്‍ഷകാലത്തെ പീഢാകാലവും തുടങ്ങുമെന്നും പ്രചരിക്കുന്നു.
ഇതൊക്കെ കേട്ടിട്ട് അന്ത്യനാളിന്റെ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഒരുപാട് ആളുകളെയൊന്നും കിട്ടില്ലെന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം. എങ്കിലും ഡെത്ത് പ്ലാനറ്റ് എന്നൊരു സംഗതിയേ ഇല്ലെന്നും സംഖ്യാശാസ്ത്രജ്ഞര്‍ ലോകാവസാന തീയതി അനേക തവണ പുതുക്കി നിര്‍ണ്ണയിച്ചിട്ടുണ്ടെന്നും നാസാ ഓര്‍മ്മിപ്പിക്കുന്നു.
ബൈബിളിനെ ആധാരമാക്കിയുള്ള പ്രവചനങ്ങളാണ് ഇതൊക്കെ എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ സാധാരണ എത്തുന്നത്. ഇത്തവണ അത് ബൈബിളിലെ വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള വാക്യങ്ങളെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.
അവിടെ ഇങ്ങനെയാണ് പറയുന്നത്, 'സ്വര്‍ഗ്ഗത്തില്‍ വലിയോരു അടയാളം കാണായി, സൂര്യനെ അണിഞ്ഞൊരു സ്ത്രീ അവളുടെ കാല്‍ക്കീഴെ ചന്ദ്രനും അവളുടെ തലയില്‍ 12 നക്ഷത്രം കൊണ്ടുള്ള കീരിടവും ഉണ്ടായിരുന്നു'. ബൈബിളിലെ ഈ പരാമര്‍ശം വെര്‍ഗോയെ കുറിച്ചാണെന്നാണ് വാദം. സൂര്യനും ചന്ദ്രനും കന്നിരാശിയില്‍(വെര്‍ഗോയില്‍) നേര്‍രേഖയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ വരാറുള്ളതാണ്.
അന്ത്യകാലത്തെ കുറിച്ച് മുമ്പ് ധാരാളം പ്രവചനങ്ങള്‍ നടത്തിയ ഡേവിഡ് മീഡും ഈ വാദത്തെ പിന്‍തുണച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനു മുമ്പ് പലവട്ടം ലോകാവസാന ത്തീയതികള്‍ പ്രഖ്യാപിച്ച ഡേവിഡ് മീഡ് പറയുന്നത്, ഇത് അതു പോലൊന്നുമല്ല, അച്ചട്ടാണെന്നാണ്. എല്ലാം നമുക്ക് കാത്തിരുന്ന് കാണാം!
https://www.facebook.com/Malayalivartha