കൃഷ്ണപ്പരുന്തിന് അവിടത്തെ പൊറുതിയങ്ങ് ബോധിച്ചു; വീട്ടുകാര്‍ പൊല്ലാപ്പിലായി!
പത്തു ദിവസം മുന്‍പാണ് കാട്ടുകുളം ദേവഗീതില്‍ ബിന്ദു ദേവരാജിന്റെ വീട്ടുവളപ്പില്‍ ഒരു പരുന്തിന്‍കുഞ്ഞ് എത്തിയത്. അതോടെ അധ്യാപികയായ ബിന്ദുവിന് ഈ അവധിക്കാലത്ത് വീട്ടുമുറ്റത്തേക്കൊന്നിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായി.
വെള്ളവും പഴവും ഉപ്പുമാവുമൊക്കെ വച്ചു നീട്ടിയ വീട്ടുകാരുടെ ആതിഥേയത്വം ബോധിച്ചതോടെ പരുന്തിനു പരിസരം വിട്ടുപോവാന്‍ മടിയായി. വീട്ടിലെ നായ കുരച്ചു മടുത്തെങ്കിലും പരുന്തിനു കേട്ട ഭാവമില്ല. പകല്‍ മുഴുവന്‍ ടെറസിലും കിണറ്റിന്‍കരയിലുമൊക്കെ കഴിച്ചു കൂട്ടുന്ന പക്ഷി രാത്രി വീട്ടുമുറ്റത്തെ മാവില്‍ ചേക്കേറുകയായിരുന്നു പതിവ്. ദിവസങ്ങള്‍ കഴിഞ്ഞതോടെ പരുന്ത് വീട്ടിനകത്തു കയറാനുള്ള ശ്രമം തുടങ്ങിയതോടെയാണു പൊല്ലാപ്പായത്.
വാതില്‍ തുറന്നിട്ടാല്‍ പരുന്ത് അകത്തേക്കു കയറാന്‍ പറന്നടുക്കും. അധ്യാപികയെയും ഭര്‍ത്താവ് ദേവരാജനെയും കണ്ടാല്‍ ഏറെ നേരം നോക്കിനിന്ന ശേഷം പറന്നൊരു വരവാണ്. തൊട്ടുരുമ്മി പോകുന്ന പരുന്ത് ആക്രമിക്കാനല്ല വരുന്നതെങ്കിലും കൂര്‍ത്ത കൊക്കും നഖങ്ങളും കാണുമ്പോള്‍ ഭയന്നോടുക തന്നെയാണു പതിവ്. ഈ ഓട്ടത്തില്‍ തട്ടി വീഴുമെന്നതാണു പ്രധാന പൊല്ലാപ്പ്. പരുന്ത് അകത്തു കയറിയാല്‍ നിയമക്കുരുക്കുകളുണ്ടാക്കുമോയെന്ന ചിന്ത വേറെ.
തലയില്‍ ടര്‍ക്കി പുതച്ചാണു ബിന്ദു പുറത്തേക്കിറങ്ങുന്നത്. പരുന്തിനെ പേടിയാണെങ്കിലും ഭക്ഷണവും വെള്ളവും ഇപ്പോഴും കൃത്യമായി കൊടുക്കുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നതെന്തും പരുന്ത് കഴിക്കുന്നുമുണ്ട്. വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha