വാക്കുകള്‍ എണ്ണുന്ന പേന; 9 വയസുകാരന്റെ കണ്ടുപിടിത്തം
കശ്മീരിലെ ഗുരസ് താഴ്വവരയിലുള്ള മുസാഫര്‍ അഹമ്മദ് എന്ന 9 വയസുകാരന്‍ വാക്കുകള്‍ എണ്ണുന്ന പേന കണ്ടുപിടിച്ച് ശ്രദ്ധേയനാവുന്നു.
പേന ഉപയോഗിച്ച് ആരെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ പേനയുടെ പുറകില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു കെയ്‌സ് വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തുടങ്ങും. പേനയില്‍ ഘടിപ്പിച്ചിട്ടുള്ള എല്‍സിഡി മോണിറ്ററില്‍ അത് വാക്കുകളുടെ എണ്ണം എഴുതിക്കാണിക്കും. മെസേജ് വഴി ഒരു മൊബൈല്‍ ഫോണിലേക്കും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട് മുസാഫര്‍ പറഞ്ഞു.
വാക്കുകളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ ഇത്തരമൊരു പേനയെ കുറിച്ച് ചിന്തിച്ചതെന്ന് മുസാഫര്‍ പറയുന്നു. 'അവസാന പരീക്ഷയില്‍ കുറച്ച് വാക്കുകള്‍ മാത്രം എഴുതിയതിനാല്‍ എനിക്ക് വളരെ കുറച്ച് മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. അന്ന് തൊട്ട് ഞാന്‍ വാക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്ന പേന കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു' മുസാഫര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി ഭവനിലെ സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പേനയുടെ ആദ്യമാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുസാഫറിനെ അഭിനന്ദിക്കുകയും ചെയ്തു.
ഉപന്യാസങ്ങളോ മറ്റ് വലിയ ഉത്തരങ്ങളോ എഴുതേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഈ പേന കുട്ടികളെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മെയ് മുതല്‍ പേന മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന് മുസാഫര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha