കെല്ലോഗ്‌സ് കമ്പനി തൊഴിലാളി ഉപകരണങ്ങളില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു, അന്വേഷണം പുരോഗമിക്കുന്നു
കെല്ലോഗ്‌സ് കമ്പനിയെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടാവില്ല. ഓട്‌സും മറ്റു ധാന്യവര്‍ഗ്ഗങ്ങളുമൊക്കെ പാക്കറ്റുകളില്‍ വിപണിയിലെത്തിക്കുന്ന കമ്പനിയുടെ പരസ്യങ്ങളൊക്കെ നമ്മള്‍ ടിവിയിലും മറ്റുമൊക്കെ കാണുന്നതാണ്.
എന്നാല്‍ അടുത്തിടെ അവരുടെ ഫാക്ടറിക്കുള്ളില്‍ നിന്നും പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കെല്ലോഗ്‌സ് എന്ന ബ്രാന്‍ഡിനു തന്നെ ചീത്തപ്പേര് ആയിരിക്കുകയാണ്. ഫാക്ടറിക്കുള്ളില്‍ ധാന്യങ്ങളും റൈസ് കേക്കുകളും മറ്റും വഹിച്ചു കൊണ്ടു പോകുന്ന കണ്‍വേയര്‍ ബെല്‍റ്റുകളിലൊന്നിലേക്ക് ഫാക്ടറിക്കുള്ളില്‍ നിന്നുമൊരാള്‍ മൂത്രശങ്ക തീര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
എന്നാല്‍ പ്രസ്തുത സംഭവം നടന്ന ദിവസം മുതല്‍ കണക്കു കൂട്ടിയാല്‍ തന്നെ അതിനടുത്ത ദിവസങ്ങളില്‍ ആ ഫാക്ടറിയില്‍ നിന്നും പുറത്തു വന്ന ഉല്പന്നങ്ങളുടെയൊക്കെ എക്‌സ്പയറി തീയതി കഴിഞ്ഞിട്ടുണ്ടാവുമെന്നും അതിനാല്‍ ഇപ്പോള്‍ വിപണിയുള്ള കെല്ലോഗ്‌സ് ഉല്പന്നങ്ങള്‍ ഉപയോഗിക്കാവുന്ന അവസാനതീയതി നോക്കി വാങ്ങിയാല്‍ ഈ സംഭവം നടന്ന കാലത്തുള്ള ഉല്പന്നങ്ങളല്ല അത് എന്നുറപ്പിക്കാനാവുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
ഈ സാഹചര്യത്തെ വലിയ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും അതുകൊണ്ടാണ് പോലീസിനേയും മറ്റു ബന്ധപ്പെട്ട വകുപ്പുകളേയും തങ്ങള്‍ തന്നെ വിവരം അറിയിച്ചതെന്നും കമ്പനി വക്താവ് പറഞ്ഞു. പുറത്തു നിന്നുള്ള അന്വേഷണത്തിനു പുറമേ കമ്പനിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും നടത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
പ്രസ്തുത രംഗങ്ങള്‍ അമേരിക്കന്‍ സിറ്റിയായ മെംഫിസിലെ ഫാക്ടറിയില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2014-ലാണ് ഈ സംഭവം നടന്നതെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
റൈസ് ക്രിസ്പീസ് ട്രീറ്റ്‌സ് , റൈസ് ക്രിസ്പീസ് ട്രീറ്റ്‌സ് സീറിയല്‍, പഫ്ഡ് റൈസ് കേക്ക് ഉല്പന്നങ്ങള്‍ എന്നിവയാണ് പ്രസ്തുത ഫാക്ടറിയില്‍ ഉല്പാദിപ്പിക്കുന്നതെന്നതിനാല്‍ കെല്ലോഗ്‌സിന്റെ എല്ലാ ഉല്പന്നങ്ങള്‍ക്കും ദോഷമുണ്ടാകണമില്ലെന്നും മേല്‍പറഞ്ഞ ഉല്‍പന്നങ്ങള്‍ക്കാവും ദോഷം പറ്റിയിട്ടുണ്ടാവുക എന്നും കമ്പനി പറയുന്നു. അങ്ങനെയാണെങ്കില്‍പോലും അവയുടെ എക്‌സ്പയറി തീയതി കഴിഞ്ഞവ ആയതിനാല്‍ ഇപ്പോള്‍ വിപണിയിലുണ്ടാവില്ല എന്നും അവര്‍ വ്യക്തമാക്കി. കമ്പനിയും തൊഴിലാളികളുമായി തൊഴില്‍ പ്രശ്‌നം രൂക്ഷമായിരുന്ന കാലത്താണ് സംഭവമെന്നും കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha