റഫറിക്ക് ഫുട്‌ബോള്‍ കൈമാറിയത് കരടി, സംഘാടകരുടേത് മനുഷ്യത്വരഹിതമായ പെരുമാറ്റമെന്ന് പരക്കെ വിമര്‍ശനം
റഷ്യയില്‍ മഷുക്-കെഎംവിയും അംഗുഷ്ഠും തമ്മില്‍ നടന്ന ഒരു മൂന്നാംപാദ മത്സരം കൗതുകരംഗങ്ങള്‍ക്ക് വേദിയായി. കിക്കോഫിനായി റഫറിയുടെ കൈയ്യില്‍ ഫുട്‌ബോള്‍ നല്‍കാനായി എത്തിയത് ഒരു കരടിയായിരുന്നു.
ടിം എന്ന ബ്രൗണ്‍ കരടി സ്റ്റേഡിയത്തിലേക്ക് ഒരാളോടൊപ്പം നടന്നു വരുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. പിന്നീട് അവിടെ എത്തി കാണികളോടൊപ്പം ചേര്‍ന്ന് കയ്യടിച്ചു കൊണ്ട് നില്‍ക്കുന്നു. അപ്പോഴേയ്ക്കും രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അതിന് നിര്‍ദ്ദേശം നല്‍കുന്നു.
രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കുന്ന അതിന്റെ മുന്‍കാലുകള്‍ക്കിടയിലേക്ക് ഫുട്‌ബോള്‍ വച്ചു കൊടുക്കുന്നു. ഇരുകാലില്‍ എഴുന്നേറ്റ് നില്‍ക്കുന്ന കരടി രണ്ടു കൈകള്‍ കൊണ്ട് ഫുട്‌ബോള്‍ വാങ്ങുന്ന പ്രതീതിയാണുണ്ടാവുന്നത്. അപ്പോഴേയ്ക്കും അടുത്തെത്തുന്ന റഫറി അതിന്റെ കൈത്തലങ്ങള്‍ക്കിടയില്‍ നിന്നും ഫുട്‌ബോള്‍ എടുത്ത് തിരികെ പോകുകയും ചെയ്യുന്നു.
എന്നാല്‍ ആനിമല്‍ റൈറ്റ്‌സ് ചാരിറ്റീസ് ഗ്രൂപ്പിനും ആനിമല്‍ വെല്‍ഫെയര്‍ ചാരിറ്റി സംഘടനയായ പെറ്റക്കുമൊന്നും ഇതത്ര പിടിച്ചില്ല. ഈ നടപടി തികച്ചും മനുഷ്യത്വരഹിതവും നിരാശപ്പെടുത്തുന്നതുമായിപ്പോയി എന്നാണ് ആനിമല്‍ റൈറ്റ്‌സ് ചാരിറ്റീസ് ഗ്രൂപ്പ് പറഞ്ഞത്.
ഒരു കരടിയെ തടവിലാക്കി സേവകനെ പ്പോലെ ഉപയോഗിച്ച് ഫുട്‌ബോള്‍ കൈമാറാനായി ഉപയോഗിച്ചത് മനുഷ്യരഹിതമാണെന്നു മാത്രമല്ല, ചിന്താശൂന്യമായ ഈ നടപടി അങ്ങേയറ്റം അപകടകരവുമായിരുന്നു എന്നാണ് പെറ്റ അഭിപ്രായപ്പെട്ടത്. റഷ്യയുടെ ചിഹ്നമാണ് കരടി എന്ന കാരണം കൊണ്ടെങ്കിലും അതിനോട് കുറേ കൂടി കരുണ കാണിക്കണമെന്നും പെറ്റ തുടര്‍ന്നു പറഞ്ഞു.
അടുത്തു തന്നെ ഇവിടെ വച്ച് നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങുകളിലും ഈ കരടിയെ പങ്കെടുപ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഫിഫ അതിന് അനുമതി നിഷേധിച്ചതായാണ് അറിയുന്നത്.
കരടികള്‍ വന്യമൃഗങ്ങളാണെന്നും അതിന്റെ ആവശ്യങ്ങള്‍ സങ്കീര്‍ണ്ണമാണെന്നും ഫോര്‍ പോസ് യുകെ സംഘടനയുടെ ഡയറക്ടര്‍ ബ്രയന്‍ ഡകാല്‍ പറഞ്ഞു. ഇപ്രകാരം വലിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ വച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിപ്പിക്കുന്നതും ചെയ്യിക്കുന്നതുമെല്ലാം അവയ്ക്കു മേല്‍ പ്രത്യേക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അത് മാനസിക-ശാരീരിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
https://www.facebook.com/Malayalivartha