അവന്‍ വലിയ കുട്ടിയായി എന്ന് മാക്‌സ് അറിഞ്ഞത് ഇപ്പോഴാണ്...!
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വസ്തുക്കളും സംരക്ഷിച്ചു നിലനിര്‍ത്താന്‍ യത്‌നിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് യുകെയിലെ നാഷണല്‍ട്രസ്റ്റ്. യുകെയില്‍ ഏറ്റവും അധികം അംഗങ്ങളുള്ള സംഘടനയും ഇതാണ്.
ജോര്‍ജ്ജും ഭാര്യ ജെയ്‌നും ഒക്കെ നാഷണല്‍ ട്രസ്റ്റില്‍ അംഗങ്ങളാണ്. ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളവരാണ് ഇരുവരും. വെസ്റ്റ് മിഡ്‌സിലുള്ള വോള്‍വര്‍ ഹാംപ്ടണിലെ ഒരു പഴയ പ്രഭു കുടുംബത്തിന്റെ വീട് (മാടമ്പിഭവനം) വിക്ടോറിയന്‍ കാലത്തെ കലയും മാതൃകയും അനുസരിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. വിറ്റിക് മാനര്‍ എന്നറിയപ്പെടുന്ന ആ പ്രഭുഭവനം 1937-മുതല്‍ നാഷണല്‍ ട്രസ്റ്റ് ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. ഇവിടേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്.
ജോര്‍ജ്ജും ജെയ്‌നും മകന്‍ മാക്‌സ് മോര്‍ഗനോടൊപ്പം പല തവണ അവിടെ പോയിട്ടുള്ളതാണ്. മാക്‌സ് കുഞ്ഞായിരുന്നപ്പോള്‍ മുതലേ അവിടെ കണ്ട ഒരു കല്‍സ്മാരകം അവനില്‍ കൗതുകമുണര്‍ത്തിയിരുന്നു. അവിടം സന്ദര്‍ശിക്കുമ്പോഴെല്ലാം മാക്‌സ് ഓടി ആ കല്‍സ്മാരകത്തിന്റെ നടുവിലുള്ള ദ്വാരത്തിലേക്ക് ഇറങ്ങി നില്‍ക്കാറുണ്ടായിരുന്നു. ഈ ഈസ്റ്റര്‍ അവധിക്കാലത്ത് മാതാപിതാക്കളോടൊത്ത് വീണ്ടും അവിടെയെത്തിയപ്പോഴും അവന്‍ പതിവ് തെറ്റിച്ചില്ല. ഓടിപ്പോയി ആ കല്‍സ്മാരകത്തിന്റെ നടുവിലിറങ്ങി നിന്നു.
എന്നാല്‍ ഇറങ്ങിപ്പോരാന്‍ ശ്രമിച്ചപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. അവന്റെ കാല്‍ അതിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നില്ല. എത്രശ്രമിച്ചിട്ടും കാല്‍ പുറത്തെടുക്കാനാവുന്നില്ല. ജോര്‍ജ്ജും ജെയ്‌നും അവിടെയെത്തിയ മറ്റുള്ളവരും പല രീതിയില്‍ ശ്രമിച്ചിട്ടും അവനെ അതില്‍ നിന്ന് പുറത്തെടുക്കാനായില്ല. അവന്റെ തല മാത്രം ആ ദ്വാരത്തില്‍ നിന്ന് പുറത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്.
ശരീരം മുഴുവനും ആ സ്മാരക ശിലയുടെ നടുവിലുള്ള ദ്വാരത്തിലാണ്. അതിനും അടിയില്‍ എവിടെയോ, എങ്ങനെയോ അവന്റെ കാല്‍ കുടുങ്ങിയിരിക്കയായിരുന്നു. ഒടുവില്‍ അവര്‍ക്ക് അഗ്നിശമന സേനയുടെ സഹായം തേടേണ്ടി വന്നു. അവരെത്തി, ആ വലിയ സ്മാരകശില അതിസൂക്ഷ്മതയോടെ രണ്ടായി കീറി മാറ്റിയാണ് അവനെ പുറത്തെടുത്തത്. പിന്നീട് മാക്‌സിനെ ആശുപത്രിയിലെത്തിച്ചു. കാലിനു ചെറിയ രീതിയിലുള്ള പരിക്കുകള്‍ പറ്റിയതല്ലാതെ ഒടിവോ ചതവോ ഒന്നുമുണ്ടായിരുന്നില്ല.
കുട്ടിയായിരുന്നപ്പോള്‍ അവന്‍ ആ കല്ലിനുള്ളില്‍ കയറിയിട്ട് തനിയെ ഇറങ്ങിപ്പോരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചുകൂടി വളര്‍ന്നതിനാല്‍ അതിനുള്ളിലെ ചെറിയ വിടവില്‍ നിന്നും കാല്‍ ഊരിപ്പോരാതിരുന്നതായിരുന്നു കാരണം.
കുഞ്ഞായിരുന്നപ്പോള്‍ അതിനുള്ളിലിരുന്ന് എടുത്തിട്ടുള്ള അനേകം ചിത്രങ്ങള്‍ ഇപ്പോഴും കൈയ്യിലുണ്ടെന്ന് മാക്‌സിന്റെ മാതാപിതാക്കള്‍ പറയുന്നു. ഏതായാലും ഇത്തവണ 3 മണിക്കൂറോളം അതിനുള്ളില്‍ തങ്ങിയിരിക്കേണ്ടിവന്നു മാക്‌സിന്!
https://www.facebook.com/Malayalivartha