'ചങ്ക് ബസിന്റെ' ആരാധിക ഇന്നും അറിയപ്പെടാത്ത രഹസ്യമായി തുടരുന്നു, പക്ഷേ ചങ്ക് ബസ് വീണ്ടും ഈരാറ്റുപേട്ടയില്‍ ഓടിത്തുടങ്ങി!
കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലാദ്യമായി ഒരു ബസിനെ തിരികെ കൊണ്ടുവരാനും അതിനൊരു പേരു ലഭിക്കാനും കാരണക്കാരിയായ ആ പെണ്‍കുട്ടി ഇപ്പോഴും അജ്ഞാത.'അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍, എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്..? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമായിരുന്നോ..?' എന്നു ചോദിച്ച് ഈരാറ്റുപേട്ടയില്‍ നിന്നായിരുന്നു ആ ഫോണ്‍ വിളി. ഇങ്ങേത്തലയ്ക്കല്‍ ആലുവ ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സി.ടി. ജോണി. ഈരാറ്റുപേട്ട- കൈപ്പള്ളി- കോട്ടയം- കട്ടപ്പന ലിമിറ്റഡ് സ്‌റ്റോപ്പായി സര്‍വീസ് നടത്തിയിരുന്ന ആര്‍എസ്‌സി 140 വേണാട് ബസ് ആലുവയിലേക്കു മാറ്റിയതിനെക്കുറിച്ചു പരാതിപ്പെടാന്‍ വിളിച്ച പെണ്‍കുട്ടിയുടെ പരിഭവം മുഴുവന്‍ ജോണി അന്നു ക്ഷമയോടെ കേട്ടു.
പകരം വേറെ ഏതെങ്കിലും ബസ് പോരേ എന്നു ജോണി ചോദിച്ചെങ്കിലും 'പകരം ബസ് ആര്‍ക്കു വേണം..? ഞങ്ങള്‍ക്കു വേണ്ട.. കണ്ടക്ടറെയും ഡ്രൈവറെയുമൊക്കെ നിങ്ങള്‍ മാറ്റിക്കോ.. ഞങ്ങള്‍ക്കു ബസ് മാത്രം മതി... ആ ബസ് കണ്ടം ചെയ്യാനാണോ കൊണ്ടുപോയത്..? അതോ വേറെ റൂട്ടില്‍ ഓടിക്കാനാണോ..? ഞങ്ങളുടെ വണ്ടിയെ കൊന്നുകളയരുത്.. ഏതെങ്കിലും റൂട്ടില്‍ ഓടിച്ചു കണ്ടാല്‍ മതി..' എന്നൊക്കെയായിരുന്നു അപേക്ഷ. ആരാണ് വിളിക്കുന്നതെന്നു ചോദിച്ചെങ്കിലും ഡിഗ്രി വിദ്യാര്‍ഥിനിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ് എന്നൊക്കെ മാത്രമായിരുന്നു മറുപടി. എംഡിക്കു പരാതി കൊടുത്താല്‍ ഗുണമുണ്ടാകുമെങ്കില്‍ പരാതി കൊടുക്കാന്‍ പോകുകയാണെന്നും പറഞ്ഞാണ് പെണ്‍കുട്ടി സംഭാഷണം അവസാനിപ്പിക്കുന്നത്.
ഓഡിയോ ക്ലിപ് വ്യാപകമായി പ്രചരിച്ചതോടെ എംഡി ഇടപെട്ട് ബസ് തിരികെ ഈരാറ്റുപേട്ടയ്ക്കു തന്നെ നല്‍കി. മാതൃകാപരമായി ആ ഫോണ്‍ വിളിക്കു മറുപടി നല്‍കിയ ജോണിക്ക് അഭിനന്ദനക്കത്തും എംഡി ടോമിന്‍ തച്ചങ്കരി അയച്ചു. ബസ് തിരിച്ചെത്തിയതിനെപ്പറ്റിയുള്ള വാര്‍ത്തയ്ക്കു ഒരു പ്രമുഖ പത്രം നല്‍കിയ തലക്കെട്ടായിരുന്നു 'ചങ്ക് ബസ് തിരിച്ചെത്തി' എന്നത്.
ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ കണ്ടതോടെ ടോമിന്‍ തച്ചങ്കരി ബസിനു 'ചങ്ക്' എന്നു പേരിടാനും ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം ചീഫ് ഓഫിസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് മെക്കാനിക്ക് കെ.എസ്. ചന്ദ്രബോസ് ഇന്നലെ രാവിലെ തന്നെ ആര്‍എസ്‌സി 140 എന്ന വേണാട് ബസിന്റെ മുന്നിലും പിന്നിലും പേരെഴുതി ചങ്ക്! ഒപ്പം ഒരു ഹൃദയചിഹ്നവുമിട്ടു. അതേ സമയം ബസിനെപ്പറ്റി സംസാരിച്ച ആ കോളജ് വിദ്യാര്‍ഥിനി ഇപ്പോഴും കാണാമറയത്താണ്.
https://www.facebook.com/Malayalivartha