ബലൂണ്‍ സിന്‍ഡ്രോം ബാധിച്ച് ബലൂണ്‍ പോലെ വീര്‍ത്ത മുള്ളന്‍പന്നിയെ തിരികെ വനത്തില്‍വിട്ടു!
മധ്യ സ്‌കോട്ട്‌ലന്‍ഡിലെ ക്ലാക്മാനന്‍ഷയറിലെ ഒരു പ്രദേശവാസിയാണ് അവനെ ആദ്യം കണ്ടത്. കണ്ടപ്പോള്‍ അമ്പരപ്പും കൗതുകവും ഒരേ സമയം തോന്നി. ബലൂണ്‍ പോലെ വീര്‍ത്തു വികസിച്ചിരുന്ന ഹെഡ്ജ്‌ഹോഗ് എന്ന ഒരു തരം മുള്ളന്‍ പന്നിയേയാണ് അവന്‍ കണ്ടത്. സാധാരണ ഹെഡ്ജ്‌ഹോഗുകള്‍ക്ക് ഇങ്ങനെ വലിപ്പം വയ്ക്കാറില്ലെന്ന് അറിയാമായിരുന്ന അയാള്‍ ഉടന്‍ അധികൃതരെ വിവരം അറിയിച്ചു.
സ്‌കോട്ടിഷ് സൊസൈറ്റി ഫൊര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു ആനിമല്‍സ് സംഘടന ഉടന്‍ തന്നെ സ്ഥലത്തെത്തി അവനെ ഏറ്റെടുത്തു. അവരുടെ ജീവിതത്തില്‍ അവര്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റം വലിയ ഹെഡ്ജ് ഹോഗാണിതെന്ന് സംഘടാനംഗങ്ങളും പറഞ്ഞു. 76 സെ.മീറ്ററോളം വ്യാസത്തില്‍ ഉരുണ്ടിരുന്ന അവന് അവര്‍ ഏകദേശം അതേ ആകാരമുള്ള ഒരു ജര്‍മന്‍ എയര്‍ഷിപ്പിന്റെ പേരും നല്‍കി. സെപ്ലിന്‍ എന്ന്!
സെപ്ലിന് വാഹനമിടിച്ചു പരിക്കേറ്റിരുന്നു എന്നും അവന്റെ ശ്വാസകോശം കീറിയിരുന്നുവെന്നും നാഷണല്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ സെന്റര്‍ മാനേജരായ കോളിന്‍ സെഡോണ്‍ പറഞ്ഞു. ഈ പരിക്ക് മൂലം ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് വന്നു കൊണ്ടിരുന്നുവെന്നും എന്നാല്‍ അത് ശരീരത്തിന് പുറത്തേക്ക് പോവാനാകാതെ ത്വക്ക് തടഞ്ഞു നിര്‍ത്തിയതിനാല്‍ സെപ്ലിന്‍ അനുദിനം വീര്‍ത്തു വരികയായിരുന്നുവെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.
ക്ലാക്ക് മന്നാന്‍ഷയറിലെ റെസ്‌ക്യൂ സെന്ററില്‍ 253 ദിവസമാണ് സെപ്ലിന്‍ ചെലവഴിച്ചത്. സെപ്ലിന്റെ ശരീരത്തില്‍ നിന്നും, കെട്ടിക്കിടക്കുന്ന വായു പുറത്തേ്ക്ക് പോകുന്നതിനുള്ള പ്രത്യേക ചികിത്സയാണ് അവന് നല്‍കിയത്. അതിനായി തൊലിപ്പുറത്ത് ഉണ്ടാക്കിയ മുറിവ് അതിവേഗം ഉണങ്ങിക്കൊണ്ടിരുന്നതിനാല്‍ ആ ദ്വാരം അടഞ്ഞു പോവുകയും അവന്‍ വീണ്ടും വീര്‍ത്തു വരികയും ചെയ്തു കൊണ്ടിരുന്നു. അതേ സമയം അവന്റെ ശ്വാസകോശം കീറിപ്പോയത് അതേ വേഗത്തില്‍ മുറികൂടുന്നുമില്ലായിരുന്നു!
ഏതായാലും 253 ദിവസത്തോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ അസുഖം ഭേദമായ സെപ്ലിനെ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ പേര്‍ത്ത്‌ഷെയറിലെ വനത്തിലേക്ക് തുറന്നുവിട്ടു .
https://www.facebook.com/Malayalivartha