വാഹന പരിശോധനയ്ക്കിടെ പിടിച്ച ബൈക്ക് യാത്രികന് പൊലീസ് കൈക്കൂലി നല്‍കേണ്ടി വന്നാലോ?
വാഹനപരിശോധനയ്ക്കിടെ പൊലീസ് ചെക്കിംഗില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ കൈക്കൂലി നല്‍കുന്നതിനെപ്പറ്റി നമ്മളൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ വാഹന പരിശോധനയ്ക്കിടെ പിടിച്ച ബൈക്ക് യാത്രക്കാരന് പൊലീസ് കൈക്കൂലി നല്‍കി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമ്പരക്കേണ്ട. സംഗതി സത്യമാണ്. യാത്രക്കാരനെ കൈക്കൂലി പിടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മഹരാഷ്ട്രയിലാണ് സംഭവം. രാജ്യം മുഴുവന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ആനന്ദ് എന്ന 19-കാരനാണ് ഈ കൗതുകവീഡിയോ ഷൂട്ട് ചെയ്തത്. മുംബൈയില്‍ നിന്ന് ഗോവയ്ക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റിയ ആനന്ദ് ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത എക്‌സ്പ്രസ് വേയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് പിഴയും അടച്ചു.
പിന്നീട് രസീത് വാങ്ങി യുവാവ് പോകാന്‍ തുടങ്ങുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമാനമായി നിയമം തെറ്റിച്ചെത്തിയ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങി അയാളെ പൊലീസുകാര്‍ വിട്ടയയ്ക്കുന്നത് യുവാവ് കണ്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇതു ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ പൊലീസുകാരന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് യുവാവ് തുറന്നു പറഞ്ഞു.
ഇതോടെ കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍ വീഡിയോ പുറത്തുവിടരുതെന്ന അപേക്ഷയുമായി പണവുമായി യുവാവിനെ സമീപിക്കുകയായിരുന്നു. പണം യുവാവിനെ പിടിച്ചേല്‍പ്പിക്കാന്‍ പൊലീസുകാരന്‍ ശ്രമിക്കുന്നതും വീഡിയോ പുറത്തുവിടരുതെന്ന് അപേക്ഷിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. പണം വാങ്ങാന്‍ യുവാവ് വിസമ്മതിച്ചു.
തുടര്‍ന്ന് വീഡിയോ യൂട്യൂബിലൂടെ ആനന്ദ് പുറത്തു വിടുകയായിരുന്നു. ഇതുവരെ രണ്ടരലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha