നായക്ക് ഓസ്‌ട്രേലിയന്‍ പോലീസിന്റെ ആദരം
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സ്‌റ്റേറ്റില്‍ കേള്‍വിക്കും കാഴ്ചയ്ക്കും കുറവുള്ള നായയ്ക്ക് ഓസ്‌ട്രേലിയന്‍ പോലീസിന്റെ ആദരം. കഴിഞ്ഞ ദിവസം കാണാതായ മൂന്നു വയസുകാരി ഔറോറയെ സംരക്ഷിച്ചതിനാണ് 17 വയസുള്ള മാക്‌സ് എന്ന നായയെ പോലീസ് ആദരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൂന്നുവയസുകാരി വീടിനു സമീപമുള്ള കുറ്റിക്കാട്ടിലേക്ക് പോയത്. കുട്ടി പുറത്തേക്കുപോയത് കുടുംബാംഗങ്ങള്‍ കണ്ടുമില്ല. കുട്ടിയെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞപ്പോഴേക്കും നേരം വൈകിയിരുന്നു. പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ പുലര്‍ച്ചയോടെയാണ് കുട്ടിയെ കണ്ടെത്താനായത്.
പുലര്‍ച്ചെ കുടുംബാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും കുട്ടിയെ കണ്ടെത്തിയപ്പോള്‍ ഒപ്പം ഒരു സംരക്ഷകനേപ്പോലെ മാക്‌സുമുണ്ടായിരുന്നു. അപ്പോഴേക്കും 15 മണിക്കൂര്‍ പിന്നിട്ടിരുന്നു. രാത്രിയില്‍ ചെറു ചാറ്റല്‍മഴയുണ്ടായിരുന്നെങ്കിലും അതൊക്കെ സഹിച്ചാണ് വാര്‍ധക്യാവസ്ഥയിലുള്ള മാക്‌സ് ഒപ്പം നിന്നത്.
കുട്ടിയെ കണ്ടെത്തിയതോടെ ഒരു നായകപരിവേഷമാണ് പോലീസ് മാക്‌സിന് നല്‍കിയത്. മാക്‌സിനെ അഭിനന്ദിച്ച് ക്വീന്‍സ്ലാന്‍ഡ് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ഒപ്പം ഓണററി പോലീസ് നായ എന്ന പദവിയും നല്‍കി.
15 മണിക്കൂര്‍ കാട്ടില്‍ അകപ്പെട്ടെങ്കിലും കുട്ടി പൂര്‍ണമായും ആരോഗ്യവതിയാണെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെവച്ചാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha