ഇനി സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ഓര്‍മ്മയിലെത്തിക്കുന്ന അക്ഷരങ്ങളേ ഫെമിനിസ്റ്റുകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കൂ!
സ്ത്രീ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാനും അതേ കുറിച്ചുള്ള അവരുടെ മനോവികാരങ്ങള്‍ പ്രകടിപ്പിക്കാനുമൊക്കെ ഉതകുന്ന ഫോണ്ടുകള്‍ (അക്ഷരങ്ങള്‍) രംഗത്തെത്തി. ഫെമിനിസ്റ്റ് അക്ഷരങ്ങള്‍ എന്ന് അറിയപ്പെടുന്ന ഇവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നവയും സോഷ്യല്‍ മീഡിയയിലും മറ്റും പ്രസിദ്ധീകരിക്കാന്‍ യോഗ്യമായതുമാണ്.
ഓരോ അക്ഷരവും സ്ത്രീകളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രത്തോട് കൂടിയതാണ്. പ്രചോദനമേകുന്ന ഒരു കുറിവാക്യവും അതോടൊപ്പമുണ്ട്. ഉദാഹരണത്തിന് ജെ എന്ന അക്ഷരം ജഡ്ജ്‌മെന്റ് എന്ന കുറിപ്പോടെയാണെത്തുന്നത്. ഒപ്പമുള്ള ചിത്രം ഒരു ടംപണിന്റേതും. സ്ത്രീകളെ കുറിച്ചുള്ള മുന്‍വിധികള്‍ മാറ്റാന്‍ കാലമായെന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ ഇനി?
വിമെന്‍ ഓഫ് സെക്‌സ് ടെക് എന്ന സംഘടനയുടേയും ന്യൂയോര്‍ക്കിലുള്ള ഒരു പരസ്യ ഏജന്‍സിയായ വൈ ആന്റ് ആര്‍-ന്റേയും സംയുക്ത സംരംഭമാണ് ഫെമിനിസ്റ്റ് അക്ഷരങ്ങള്‍. സംരംഭകരുടെ ഈ കൂട്ടായ്മയ്ക്ക് ന്യൂയോര്‍ക്കില്‍ ഓഫീസുണ്ട്. സെക്‌സ് ടെക് വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
സ്ത്രീയ്ക്കും പുരുഷനും തുല്യ വേതനം , പ്രത്യുല്പാദന അവകാശങ്ങള്‍, ലൈംഗിക പീഡനം തുടങ്ങിയവയ്‌ക്കെതിരെ ഒരൊറ്റ അക്ഷരം കൊണ്ട് പ്രതിഷേധമുയര്‍ത്താന്‍ ഈ പ്രതീകങ്ങള്‍ ശക്തമാണ്.
ലിംഗസമത്വം എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടാനായി ഉണ്ടാക്കിയതാണ് ഫെമിനിസ്റ്റ് അക്ഷരങ്ങള്‍. ഓരോ അക്ഷരവും ഒരു സ്ത്രീവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അതിലേക്ക് എല്ലാവരുടേം ശ്രദ്ധ തിരിക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവരുടെ വെബ്‌സൈറ്റ് പറയുന്നു.
https://www.facebook.com/Malayalivartha