കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് അണ്ണാന്‍കുഞ്ഞ് വിജയിച്ചു!
സെനറ്റിലേക്ക് പ്രതിനിധികളായി 'മനുഷ്യരെ' ജയിപ്പിച്ചു വിട്ടു മതിയായെന്ന് തോന്നുന്നു അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് അണ്ണാന്‍കുഞ്ഞായി വേഷമിട്ട് അണ്ണാന്‍ കുഞ്ഞിന്റെ അവകാശങ്ങള്‍ക്കായി വാദിച്ച ഒരു വിദ്യാര്‍ത്ഥിയാണ്!
അസോസിയേറ്റഡ് സ്റ്റുഡന്റ്‌സ് ഓഫ് ദ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലേക്ക് ഈ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ക്കായി 37 മത്സരാര്‍ത്ഥികള്‍ രംഗത്തുണ്ടായിരുന്നു. ഫറി ബോയ് എന്ന അണ്ണാന്റെ വേഷത്തില്‍ മത്സരരംഗത്തെത്തിയത് സ്റ്റീഫന്‍ ബോയ്ല്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു.
വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരെ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ് സ്റ്റുഡന്റ് സെനറ്റ്.
ഫറി ബോയ്-യുടെ സ്ഥാനാര്‍ത്ഥിത്വം കഴിഞ്ഞമാസം ഫെയ്‌സ് ബുക്കിലൂടെയാണ് പ്രഖ്യാപിച്ചത്. ഫറിബോയ് എന്ന ഈ അണ്ണാനെ പ്രസവിച്ചത് കാമ്പസിലുള്ള യൂകാലിപ്റ്റസിന്റെ മരപ്പൊത്തിലാണെന്നും അതുകൊണ്ട് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കിലിയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അവിടത്തെ അണ്ണാന്‍ സമൂഹത്തിന് പ്രാതിനിധ്യം ഉണ്ടാവേണ്ടിയിരിക്കുന്നു എന്നും അതിനാലാണ് ഫറി ബോയ് മത്സരിക്കുന്നതെന്നാണ് പറഞ്ഞത്.
ഓക് വൃക്ഷത്തിന്റെ കായകള്‍ കൂടുതല്‍ കിട്ടാന്‍ ഇടയാക്കണം, ഒരു സ്‌ക്വിറല്‍ മാസ്‌ക്കോട്ട് വേണം, നട്ടി മക്‌നട്ട നട്ട് എന്നു പേരുള്ള ആ മാസ്‌കട്ട് ജൈവ വൈവിധ്യത്തിനായി പ്രവര്‍ത്തിക്കണം, മനുഷ്യര്‍ക്കും അണ്ണാനും ഇടയിലുളള സാസ്‌കാരിക ഭിന്നത കുറയ്ക്കാനായി പ്രവര്‍ത്തിക്കേണ്ട ഒരു അമിക്കബിള്‍ സ്റ്റുഡന്റ് സൊസൈറ്റി രൂപീകരിക്കണം, ഡൈനിംഗ് ഹാളില്‍ അണ്ണാന്‍മാര്‍ക്കായി പ്രത്യേക സ്ഥലം വേര്‍തിരിക്കണം, ലക്ചര്‍ഹാളുകളില്‍ സ്വതന്ത്യമായി വിഹരിക്കാന്‍ അണ്ണാന്‍മാര്‍ക്ക് അനുമതി ലഭിക്കണം എന്നിങ്ങനെയുള്ള ലക്ഷ്യം നേടാനാണ് മത്സരിക്കുന്നതെന്നായിരുന്നു ഫറി ബോയ് യുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പറഞ്ഞത്. ഒടുവില്‍ ഫറി ബോയ് സ്റ്റുഡന്റ് സെനറ്റിലേയ്ക്ക് തെരഞ്ഞ്ടുക്കപ്പെടുകയും ചെയ്തു.
എന്നാല്‍ കാമ്പസ് ന്യൂസ് പേപ്പര്‍ ആയ ഡെയ്‌ലി കാലിഫോര്‍ണിയന് ഇത് ഒട്ടും പിടിച്ചിട്ടില്ല. വിവിധ ആവശ്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ക്ക് വേണ്ടത് ചെയ്യുവാന്‍ കഴിവുള്ളവരാണ് സെനറ്റ് പ്രതിനിധികള്‍ എന്നിരിക്കേ തങ്ങളുടെ വോട്ടിംഗ് അധികാരം പാഴാക്കി കളഞ്ഞവരാണ് ഫറി ബോയ്ക്ക് വോട്ടു ചെയ്തവരെന്ന് അവരുടെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ പ്രതിനിധികളായി തെരഞ്ഞെടുത്ത് സെനറ്റിലേക്ക് അയയ്‌ക്കേണ്ടതിന് പകരം വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളെ കുറിച്ചൊന്നും പരാമര്‍ശിക്കാതെ, വിദ്യാര്‍ത്ഥികളോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടുക പോലും ചെയ്യാത്ത, അണ്ണാന്റെ വേഷം ധരിച്ചെത്തിയ ഒരാളെ ജയിപ്പിക്കാന്‍ 538 പേര്‍ക്ക് തോന്നിയത് തികച്ചും നിരാശാജനമാണെന്നാണ് പത്രം എഴുതിയത്.
ഫറി ബോയ്ക്ക് കിട്ടിയത് വിമതരുടെ അംഗീകാരമാണെന്നാണ് ചിലര്‍ പറയുന്നത്. ഇതു വരെയുള്ള വിദ്യാര്‍ത്ഥി സെനറ്റര്‍മാരുടെ ദുഷ്ഭരണത്തിനോടുള്ള നിരാശയും പ്രതിഷേധവുമാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നാണ് പരക്കെയുള്ള അഭിപ്രായം.
https://www.facebook.com/Malayalivartha