കരളുറപ്പുണ്ടെങ്കില്‍ കണ്ണാടി ലോഡ്ജില്‍ പാര്‍ക്കാം, 1300 അടി ഉയരത്തില്‍ ഉള്ള ഈ ലോഡ്ജില്‍ പ്രവേശിക്കാന്‍ അല്‍പ്പം സാഹസികത കൈയ്യില്‍ വേണം!
മലഞ്ചെരിവുകളും തടാകങ്ങളും കണികണ്ടുകൊണ്ട് ഒരു ദിനം ആരംഭിക്കുക എന്നത് പ്രകൃതിയെ സ്‌നേഹിക്കുന്ന ചിലരുടെയെങ്കിലും സ്വപ്നമായിരിക്കും. സാഹസികത ഇഷ്ടപെടുന്ന, യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഇനി ഇത്തരത്തിലുള്ള പ്രഭാതങ്ങള്‍ കൈയ്യെത്തും ദൂരത്താണ്. കിഴുക്കാം തൂക്കായ മലഞ്ചെരുവുകളില്‍ തൂക്കിയിട്ടിരിക്കുന്ന സ്ഫടിക നിര്‍മിത കമ്പാര്‍ട്ടുമെന്റുകളിലെ താമസം, , ഒരു ദിനത്തിന്റെ എല്ലാ സ്പന്ദനങ്ങളും.. വെയിലും മഴയും കാറ്റും പ്രദോഷങ്ങളുമെല്ലാം തൊട്ടറിയാനുള്ള അവസരമൊരുക്കും.
പെറുവിലെ സേക്രഡ് പര്‍വതനിരകളിലാണ് സ്ഫടികനിര്‍മിതമായ ഈ ലോഡ്ജുകള്‍ സ്ഥിതി ചെയ്യുന്നത്. ആരെയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതിയാണ് ഈ ഗിരിനിരകളുടെ വലിയ സവിശേഷത. സുന്ദരമായ കാഴ്ചകള്‍ക്ക് യാതൊരു കുറവുമില്ലാത്ത മലയടിവാരങ്ങളും മേഘക്കൂട്ടങ്ങളെ ചുംബിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കൊടുമുടി ശൃംഗങ്ങളും സമ്മാനിക്കുന്ന അനുഭൂതി അവര്‍ണീയം തന്നെയാണ്. പാദങ്ങളാല്‍ ഭൂമിയെ തൊടാതെ..ഗഗനനീലിമകളെ സ്പര്‍ശിക്കാതെ.. ഭൂമിക്കും ആകാശത്തിനുമിടയിലെ കാഴ്ചകള്‍ ഒന്നുംതന്നെ നഷ്ടപ്പെടാതെ...ഈ കണ്ണാടി ലോഡ്ജുകളില്‍ താമസിക്കുക എന്നത് ജീവിതത്തില്‍ ലഭിക്കാവുന്ന അസുലഭമായ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും.
അല്പം സാഹസികരാണെങ്കില്‍ മാത്രമേ ഈ കണ്ണാടി ലോഡ്ജുകളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുകയുള്ളു. 400 മീറ്റര്‍ കുത്തനെയുള്ള മല കയറണം താമസസ്ഥലത്തേക്ക് എത്തിച്ചേരാന്‍. എട്ട് അടി നീളമുള്ള 24 ലോഡ്ജുകളാണ് അതിഥികള്‍ക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത്. ചെറുതാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ കണ്ണാടി ലോഡ്ജുകള്‍ ആരെയും അമ്പരപ്പിക്കും. നാല് ബെഡുകളും, ഭക്ഷണം കഴിക്കാനിരിക്കാനുള്ള ഒരു പ്രത്യേകയിടവും ബാത്‌റൂമുമെല്ലാം ഇതിനുള്ളില്‍ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വളരെ വിചിത്രമെങ്കിലും ഇത്ര മനോഹരമായ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെല്ലുവിളികള്‍ ധാരാളമുണ്ടായിരുന്നുവെങ്കിലും സുഗമമായി അതിനെ അതിജീവിക്കാനും ഇത്രയും മനോഹരമായ ഒരു ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷത്തിലാണ് ഈ ലോഡ്ജിന്റെ അമരക്കാര്‍. മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിലും മികച്ച ദൃശ്യാനുഭൂതി സമ്മാനിക്കാന്‍ സാധിക്കുന്നതില്‍ ഏറെ ആഹ്‌ളാദവും അഭിമാനവുമുണ്ടെന്ന് കണ്ണാടി ലോഡ്ജിന്റെ മാനേജര്‍ നതാലിയ റോഡ്രിഗസ് പറഞ്ഞു.
ഏറെ ശ്രമകരമായിരുന്നു ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. നിര്‍മാണ വസ്തുക്കള്‍ മുകളിലേക്ക് എത്തിക്കുന്നതില്‍ തുടങ്ങി കനത്ത കാറ്റും മഴയും അവ അതിജീവിക്കുമോ എന്നുള്ളതില്‍ വരെ പ്രതിസന്ധികളെ നേരിടേണ്ടി വന്നു. എയ്‌റോസ്‌പേസ് അലുമിനിയവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോളികാര്‍ബണേറ്റുമായിരുന്നു നിര്‍മാണസാമഗ്രികള്‍. അതിഥികളെ യാതൊരു കുഴപ്പവുമില്ലാതെ സംരക്ഷിക്കുക എന്നതിനാണ് പ്രഥമപരിഗണന നല്‍കിയതെന്നും നതാലിയ കൂട്ടിച്ചേര്‍ത്തു.
പ്രകൃതിയെ അടുത്തറിയുവാനും അനുഭവിക്കാനും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടിവിടെ. പകലിലെ ചൂടും വെളിച്ചവും ആസ്വദിക്കുന്നതിനൊപ്പം രാത്രിയുടെ സുഖവും ആകാശത്തെ നോക്കിയുള്ള ഉറക്കവും പകരുന്നതു ഒരിക്കലും മറക്കാന്‍ കഴിയാത്ത മികച്ച അനുഭവങ്ങളായിരിക്കും. അവധി ദിനങ്ങള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കണ്ണാടി ലോഡ്ജുകള്‍ സംശയലേശമെന്യേ തെരഞ്ഞെടുക്കാം. ഒരു രാത്രി ഇവിടെ ചെലവിടാന്‍ 400 ഡോളര്‍ മാത്രമാണ് ചെലവ്. രണ്ടു നേരത്തെ ഭക്ഷണം ഉള്‍പ്പെടെ എല്ലാചെലവുകളും ഇതിലടങ്ങിയിരിക്കുന്നു. പകലുകള്‍ ചെലവഴിക്കാന്‍ വരുന്നവര്‍ക്ക് ഉച്ചഭക്ഷണമുള്‍പ്പെടെ 237 ഡോളറാണ് ചെലവ് വരുക. പെറുവിലെ ഈ മലനിരകള്‍ പ്രകൃതി തന്റെ മനോഹാരിത കൊണ്ട് അദ്ഭുതങ്ങള്‍ തീര്‍ത്തയിടമാണ്. ആ അദ്ഭുതങ്ങളെ അതിസാഹസികമായി അനുഭവിച്ചറിയാനുള്ള അവസരമാണ് കണ്ണാടി ലോഡ്ജ് നല്‍കുന്നത്.
https://www.facebook.com/Malayalivartha