ഈ മരങ്ങള്‍ തമ്മില്‍ പരസ്പരം തൊടാന്‍ മടിക്കുന്നത് നാണംകൊണ്ട്...!
കാട്ടില്‍ക്കൂടിയോ മരക്കൂട്ടങ്ങള്‍ക്കിടയില്‍ക്കൂടിയോ നടന്നുപോകുമ്പോള്‍ മുകളിലേക്ക് നോക്കിയാല്‍ വിചിത്രമായ ഒരു കാഴ്ച കാണാം. അടുത്തടുത്തു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാത്ത രീതിയില്‍ അവര്‍ക്കിടയില്‍ ഒരു അകലം വിട്ടാണ് മുകളിലേക്ക് പോയിരിക്കുന്നത്. പലരും നാണിച്ചിട്ടെന്നപോലെ തൊടാതെ നില്‍ക്കുന്നു. മരങ്ങളുടെ ഈ പരിപാടിയെ Crown Shynsse എന്നാണ് വിളിക്കുന്നത്.
ഒരേ ഇനത്തില്‍പ്പെട്ട മരങ്ങള്‍ക്കിടയിലാണ് ഈസ്വഭാവം പൊതുവേ കണ്ടുവരുന്നതെങ്കിലും മറ്റുള്ളവര്‍ തമ്മിലും ഈ പ്രതിഭാസം കാണാറുണ്ട്. ഇതു കാണുന്നിടത്ത് കാടിന്റെ മേലാപ്പ് ആരോ ശ്രദ്ധയോടെ മുറിച്ചുനിര്‍ത്തിയപോലെ തോന്നും. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ട്. മരത്തിന്റെ ഇലകള്‍ തിന്നുന്ന പുഴുക്കള്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പടരുന്നതു തടയാന്‍ മരങ്ങള്‍ കണ്ടെത്തിയ വഴിയാണെന്നാണ് ഒരു നിഗമനം.
1920 മുതല്‍ത്തന്നെ ഈ പ്രതിഭാസത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ ഒരു ഉത്തരത്തിലേക്ക് ഇന്നും ശാസ്ത്രലോകം എത്തിയിട്ടില്ല. കാറ്റടിക്കുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ തമ്മില്‍ കൂട്ടിമുട്ടി ഉരഞ്ഞുരഞ്ഞാവാം അത്രയും ഭാഗം ശൂന്യമാവുന്നതെന്നും കരുതുന്നുണ്ട്. കാറ്റുവീശുമ്പോള്‍ ഇളകിയാടുന്ന ശിഖരങ്ങളുടെ പുതുനാമ്പുകള്‍ വരുന്ന അറ്റങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി ക്ഷതം സംഭവിക്കുന്നതിനാല്‍ പിന്നീട് അവിടെ മുളകള്‍ വരാതെയായി ഈ വിടവ് സൃഷ്ടിക്കപ്പെടുന്നു.
അടുത്തുനില്‍ക്കുന്ന മരത്തിന്റെ തണലിന്റെ അടുത്തോട്ടു ചെന്നാല്‍ തന്റെ ഇലകള്‍ക്ക് പ്രകാശം ലഭിക്കുകയില്ലല്ലോ എന്നു കരുതി മരങ്ങള്‍ അങ്ങോട്ട് ശിഖരത്തെ വളര്‍ത്താതിരിക്കുന്നതാണെന്നാണ് മറ്റൊരു സിദ്ധാന്തം. അവരവര്‍ക്കു പറ്റുന്നിടത്ത് നിന്ന് വെളിച്ചം ഉള്‍ക്കൊള്ളുന്നതാണ് ഭംഗി, വെറുതേ മറ്റുമരത്തിന്റെ തണലിലേക്ക് വളര്‍ന്ന് വെളിച്ചം കിട്ടാത്തിടത്ത് പോകുന്നതെന്തിനാണ്. ഒരു മലേഷ്യന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനത്തില്‍ കണ്ടത് മരത്തിന്റെ വളര്‍ന്നുവരുന്ന അറ്റങ്ങള്‍ വെളിച്ചത്തിന്റെ അളവിനെ നന്നായി മനസ്സിലാക്കാന്‍ ശേഷിയുള്ളവയാണെന്നും തണല്‍ ഉള്ളയിടങ്ങളിലേക്ക് അവ വളരാതിരിക്കുകയുമാണ് ചെയ്യുന്നതെന്നുമാണ്.
എന്തൊക്കെയാണെങ്കിലും കാരണങ്ങള്‍ പൂര്‍ണമായി മനസ്സിലായിട്ടില്ലെങ്കിലും വന്മരങ്ങളുടെ ഇലച്ചാര്‍ത്ത് കാടിന്റെ ഭംഗി നന്നായി വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
https://www.facebook.com/Malayalivartha