ആമയുടെ പൊട്ടിയ പുറന്തോട് ഒട്ടിച്ചെടുത്തു
മതിലില്‍ നിന്നു വീണ് പുറംതോട് പൊട്ടിയ ആമയ്ക്ക് ശസ്ത്രക്രിയ. അമേരിക്കയിലെ സാന്‍ഡിയേഗായിലായിരുന്നു സംഭവം. ഇവിടത്തെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം ഈ ആമയെ പരിക്കേറ്റ നിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്. ഹംറ്റി എന്ന് പേരിട്ട ഈ ആമയുടെ തോട് പൊട്ടിയിരുന്നു.
നായയെ കണ്ട് പേടിച്ച് ഓടിയ ഹംറ്റി 10 അടി ഉയരമുള്ള മതിലില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. തോട് പൊട്ടിയതോടെ നടക്കാന്‍ വയ്യാത്ത അവസ്ഥയിലായി ഹംറ്റി. മൃഗസംരക്ഷണ ഉദ്യോഗസ്ഥന്‍ ഹംറ്റിയെ ഇവിടെയുള്ള ഒരു വെറ്ററിനറി ഡോക്ടറുടെ അടുക്കല്‍ എത്തിച്ചു.
സ്‌ക്രൂ ഉപയോഗിച്ച് ഹംറ്റിയുടെ തോടുകള്‍ കൂട്ടിപിടിപ്പിച്ചതിനുശേഷം പശപോലുള്ള ഒരു വസ്തുവച്ച് അവയെല്ലാം ഒട്ടിച്ചുചേര്‍ത്തുവയ്ക്കുകയായിരുന്നു. ഈ ആമയെ ആരോ വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയിരുന്നതായിരിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ഹംറ്റിക്ക് ഏകദേശം 40 വയസ് പ്രായമുണ്ട്.
https://www.facebook.com/Malayalivartha