ആ ചങ്ങാതിയെ ആഹ്ലാദത്തില്‍ ആറാടിച്ച അവളുടെ പാദചലനങ്ങള്‍!
അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പഠിയ്ക്കുന്ന ഓരോ വിദ്യാര്‍ഥിയുടെയും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് അവരുടെ പ്രോം നൈറ്റ്. നമ്മുടെ നാട്ടിലെ പ്ലസ് ടു വിനു തുല്യമായ അവിടത്തെ വിദ്യാഭ്യാസ കാലഘട്ടത്തെ ഹൈസ്‌കൂള്‍ കാലം എന്നാണ് അവിടെ പറയാറുള്ളത്. ഹൈസ്‌കൂള്‍ കാലത്തിന്റെ അവസാന ദിവസം ഡാന്‍സിനായി ഒത്തു ചേരുന്ന രാവാണ് അത്. അന്ന് ഓരോ ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കിയിരിക്കണം ഡേറ്റ് ആയി പ്രസ്തുത ചടങ്ങിന് കൊണ്ട് പോകാന്‍ എന്നാണ് ഒരു അലിഖിത നിയമം ഉള്ളത്. അത് പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും ഡേറ്റ് ആക്കാന്‍ ഒരു ആണ്‍കുട്ടിയുണ്ടാവണം എന്നതാണ് അവിടത്തെ രീതി. പ്രോമിന് കൂടെ വരാന്‍ ആളില്ലെങ്കില്‍ അങ്ങനെയുള്ളവര്‍ പ്രോമിന് പോകുന്നത് തന്നെ ഒഴിവാക്കുകയാണ് പതിവ്. അങ്ങനെ തെരഞ്ഞെടുക്കുന്നത് തങ്ങളുടെ ജൂനിയറായവരെയോ സീനിയര്‍ ആയവരോ ഒക്കെ ആകാം.
ടെക്‌സസിലെ സാന്‍ അന്റോണിയോവിലുള്ള മോര്‍ഗന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് തന്റെ പ്രോം നെറ്റിലെ മനോഹരമായ ഒരു അനുഭവം ആണ് ട്വിറ്ററിലൂടെ പങ്കു വച്ചിരിയ്ക്കുന്നത് . കുറച്ചു നാളുകള്‍ക്കു മുന്‍പ് മോര്‍ഗന് ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതെ തുടര്‍ന്ന് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍ എന്ന ഒരു മാനസിക പ്രശ്നം ഉണ്ടായി. ഈ അവസ്ഥ ഉള്ളവര്‍ക്ക് മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് വിശദീകരിയ്ക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് അന്ധത, തളര്‍വാതം, മറ്റു നാഡി സംബന്ധമായ രോഗങ്ങള്‍ ഒക്കെ പെട്ടെന്ന് ബാധിയ്ക്കും.
മോര്‍ഗനും തല്‍ഫലമായി നടക്കുന്നത് എങ്ങനെയെന്ന് മറന്നു പോയി. കഴിഞ്ഞ 10 മാസങ്ങളോളം അവള്‍ക്കു നടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ പ്രോം നൈറ്റ് എത്തി. അവളുടെ ഏറ്റവും വലിയ സപ്പോര്‍ട്ടര്‍ ആയ താരിഖ് അവളെ പ്രോമിന് കൂട്ടികൊണ്ടു പോകാമെന്നേറ്റു.
അന്നേദിവസത്തേയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി അവളെ കൂട്ടികൊണ്ടു പോകാന്‍ താരിഖ് എത്തിയപ്പോള്‍ അതിഭയങ്കരമായ ഒരു സര്‍പ്രൈസ് ആണ് മോര്‍ഗന്‍ അവനു നല്‍കിയത്. അവന്‍ വാതില്‍ക്കല്‍ എത്തി എന്ന് അറിഞ്ഞ ഉടന്‍ മറ്റൊരാള്‍ ആ വാതില്‍ തുറക്കാന്‍ കാത്തു നിന്നു. മോര്‍ഗന് കൊടുക്കാനായി പൂക്കളുമായി വാതില്‍ക്കല്‍ നിന്ന താരീഖിനു മുന്നില്‍ വാതില്‍ തുറക്കപ്പെട്ടപ്പോള്‍ കണ്ട കാഴ്ച അവന് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല.
അവനു മുമ്പിലുണ്ടായിരുന്നത് പ്രോംനെറ്റില്‍ സംബന്ധിയ്ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന മോര്‍ഗനായിരുന്നു. അതെ, അവള്‍ ഒരുങ്ങി ഇരിയ്ക്കയായിരുന്നില്ല, ഒരുങ്ങി 'നില്‍ക്കുകയായിരുന്നു'! അവളുടെ സ്വന്തം കാലില്‍ അവള്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ പത്തു മാസങ്ങളായി അവള്‍ക്കു ചെയ്യാന്‍ കഴിയാതിരുന്ന ഒരു കാര്യമാണത്.
അവള്‍ എഴുന്നേറ്റു നില്‍ക്കുന്നത് കണ്ടപ്പോള്‍ തന്നെ അവന്‍ സന്തോഷം കൊണ്ട് നിലവിളിച്ചു പോയി. അവിടം കൊണ്ടും തീര്‍ന്നില്ല. അവള്‍ പതിയെ പതിയെ പിച്ച വയ്ക്കുന്നത് പോലെ അവന്റെ അടുത്തേയ്ക്കു ചുവടു വച്ചു. സന്തോഷവും അത്ഭുതവും അടക്കാനാവാതെ അവന്‍ ആര്‍ത്തു വിളിച്ചുകൂവിക്കൊണ്ടു ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വയ്ച്ചു. വീണ്ടും വീണ്ടും നടക്കണം എന്നവന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
സ്വന്തം കാലുപയോഗിച്ചു നടക്കാനാവാതെ 10 മാസം ചെലവിട്ട ഞാന്‍ എന്റെ പ്രോം ഡേറ്റിനെ സര്‍പ്രൈസ് ചെയ്തത് ഇങ്ങനെ എന്ന ക്യാപ്ഷനോടെ അവള്‍ അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അത് കൂടാതെ താരിഖിനോടൊത്തുള്ള കുറെ ചിത്രങ്ങള്‍, എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ ആളോടൊപ്പം എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്തു.
നടക്കാന്‍ കഴിവില്ലാത്ത തന്റെ കൂട്ടുകാരിയെ പ്രോം നൈറ്റിനു കൊണ്ടുപോകാനെത്തിയ കൂട്ടുകാരനെ കുറിച്ചുള്ള ഏപ്രില്‍ 28-ലെ ഈ പോസ്റ്റിന് 12 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു.10 ലക്ഷത്തിലധികം ലൈക്കുകളും 6000-ത്തിലധികം കമന്റുകളും ഇതിനു ലഭിച്ചു.
https://www.facebook.com/Malayalivartha