ദേണ്ടെ...ഈ പാട്ട് എങ്ങനുണ്ടെന്ന് പറഞ്ഞേ! കോട്ടയംകാരുടെ സ്വന്തം പാട്ടാ...'എന്നാ ഒണ്ട് '!
ബോറടിച്ചിരുന്നപ്പം കാറെടുത്തിറങ്ങി...കോട്ടയം വരെയൊരു പാട്ടിട്ടു പറന്നു...കുമരകം കായലി സമയം പാഞ്ഞകന്നു...ഇലവിഴാപ്പൂഞ്ചിറേ മലകണ്ടു നെറഞ്ഞു...കോട്ടയംകാരുടെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിച്ച് ഈ പാട്ട് വൈറലായിരിക്കുന്നു. ഇതിനോടകം അമ്പതിനായിരത്തിലധികം പേര്‍ കണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ അടിപൊളിപ്പാട്ടിന്റെ പ്രത്യേകത കോട്ടയത്തിന്റെ സവിശേഷതകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പേരുകളും കോര്‍ത്തിണക്കിയുണ്ടാക്കിയതാണ് ഈ പാട്ട് എന്നതാണ്.
കോട്ടയംകാരുടെ തനതു ക്ഷേമാന്വേഷണമായ 'എന്നാ ഒണ്ട്' എന്ന ചോദ്യവും അതിനു മൂന്നു പേരുടെ മറുപടിയുമായാണ് പാട്ടു തുടങ്ങുന്നത്. തുടര്‍ന്നങ്ങോട്ട് വേറിട്ട താളവും വേഗവുമായി പാട്ടില്‍ കോട്ടയം നിറയുന്നു. ജസ്റ്റിന്‍ പതാലില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പാട്ടിന് സംഗീതമൊരുക്കയിരിക്കുന്നത് രാജേഷ് എച്ച് നായരാണ്. കബില്‍ ദാസ് ഒരുക്കിയ ദൃശ്യങ്ങളും തെന്നിന്ത്യയിലെ പുതുതലമുറ ഫിലിം എഡിറ്റര്‍മാരില്‍ ശ്രദ്ധേയനായ സഷി ക്യുമറുടെ മികവും കൂടിയായപ്പോള്‍ പാട്ട് ആഘോഷമായി മാറുകയായിരുന്നു.
മൂന്നര വയസുകാരന്‍ യോന്നാച്ചനും കോട്ടയത്തെ സ്ഥലനാമങ്ങള്‍ ഹൃദിസ്ഥമാക്കി റാപ്പ് വിരുന്നൊരുക്കിയ ലിയോയും റബറും കപ്പയും നഴ്‌സിംഗുമൊക്കെ പാടിയ ഡിവിനും കോട്ടയംകാരുടെ മനസു കീഴടക്കികഴിഞ്ഞു. ഇവര്‍ക്കൊപ്പം ഗ്ലാഡ്‌വിന്‍, ജിബിന്‍, മെര്‍ലിന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
താന്‍ തിരക്കഥ എഴുതിയ ഒരു സിനിമയില്‍ ഉപയോഗിക്കുന്നതിനായാണ് പാട്ടെഴുതിയതെന്ന് ജസ്റ്റിന്‍ പറയുന്നു. സിനിമ യാഥാര്‍ഥ്യമാകാതായപ്പോള്‍ പാട്ട് മാത്രമായി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ സ്ഥലങ്ങളുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ആശയം ഇംഗ്ലണ്ടിലുള്ള സഹോദരി മഞ്ജുവിന്റേതാണ്. മലയാളം അക്ഷരമാലക്രമത്തില്‍ സ്ഥലങ്ങള്‍ കൂടി വന്നതോടെ പാട്ടിന്റെ മട്ടുമാറി.
കോട്ടയം നഗരത്തിലെ പ്രധാന സ്ഥാപനങ്ങള്‍ക്കും നിരത്തുകള്‍ക്കുമൊപ്പം കോട്ടയത്തെ പ്രധാനപ്പെട്ട വഴിയോര വിനോദ സഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റും ചങ്ങനാശേരിആലപ്പുഴ റോഡരികിലെ കാഴ്ചകളും കാള്‍ മാക്‌സിന്റെ ശില്‍പ്പമൊരുക്കുന്ന ശില്‍പ്പിയും കുട്ടികളോടു കഥകള്‍ പറയുന്ന മുത്തശിയുമൊക്കെ വീഡിയോയില്‍ ് മിന്നിമറയുന്നുണ്ട്.
നെടുംകുന്നം സ്വദേശിയാണ് ജസ്റ്റിന്‍. ഹിന്ദി, തെലുങ്ക്, തമിഴ് മലയാളം ഭാഷകളില്‍ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിട്ടുള്ള സഷി ക്യുമര്‍ സിങ്കം3 ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങളുടെ എഡിറ്ററെന്ന നിലയിലാണ് പേരെടുത്തത്.
https://www.facebook.com/Malayalivartha