കപ്പ് കേക്ക് തിന്ന് കപ്പടിച്ച വീരന്; മാറ്റ് സ്റ്റോണി!
മാറ്റ് സ്റ്റോണിയെ നിങ്ങളാരും നിങ്ങളുടെ കുഞ്ഞിന്റെ പിറന്നാള്‍ പാര്‍ട്ടി യ്ക്കൊന്നും വിളിച്ചേക്കല്ലേ! അതെന്താ അവനെ വിളിച്ചാല്‍..എന്ന് ചോദിയ്ക്കാന്‍ തുടങ്ങുകയാണോ?വിളിച്ചാല്‍ വിവരം അറിയും എന്നെ പറയാനുള്ളൂ. ഇക്കഴിഞ്ഞ ദിവസം മാറ്റ് സ്റ്റോണി യൂട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത് കാണിച്ചു തരാം. അത് കണ്ടു കഴിഞ്ഞിട്ടും അവനെ നിങ്ങളുടെ പിഞ്ചോമനയുടെ ബെര്‍ത്ത്ഡേ പാര്‍ട്ടിക്ക് ക്ഷണിയ്ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ചങ്കൂറ്റം അപാരമെന്നേ പറയുന്നുള്ളൂ!
കാര്യം എന്താണെന്നോ? ഈ സ്റ്റോണിയുണ്ടല്ലോ, ആളൊരു തീറ്റ വീരനാണ്! കഴിഞ്ഞ തിങ്കളാഴ്ച അവന് പോസ്റ്റ് ചെയ്ത ഒരു വിഡിയോയില്‍ ഒറ്റയടിയ്ക്ക് അവന് തിന്നു തീര്‍ത്ത 125 കപ്കേക്കിന്റെ കഥയാണ് പറയുന്നത്. ഇത്രയൊക്കെ അകത്താക്കാന്‍ അവന് 9 മിനിറ്റ് സമയം തികച്ചു വേണ്ടി വന്നില്ല!
മേജര്‍ ലീഗ് ഈറ്റിംഗ് എന്ന ലീഗില്‍ അവന്റെ റാങ്ക് മൂന്ന് ആണ്. ഇത് മൂന്നാം സ്ഥാനക്കാരനാണെങ്കില് ഒന്നാം സ്ഥാനക്കാരന്റെ കാര്യം ചിന്തിയ്ക്കാനുണ്ടോ?
12000 കലോറി ബേക്കറി സാധനങ്ങള്‍ കഴിച്ചു തീര്‍ക്കാന്‍ അവന് എടുത്തത് 8 മിനിട്ടും 55 .15 സെക്കന്‍ഡും മാത്രമാണ്. ആദ്യ 50 കപ്പ്കേക്കുകള്‍ കഴിയ്ക്കാന്‍ അവന് എടുത്തത് രണ്ടേ രണ്ടു മിനിട്ടാണ്. ഒടുവില്‍ എല്ലാം കഴിച്ചു കഴിഞ്ഞപ്പോള്‍ മധുരത്തിന്റെ കൊടുങ്കാറ്റില്പെട്ടു വലഞ്ഞുപോയി എന്നായിരുന്നു അവന്റെ കമന്റ്.
മധുരം കഴിക്കാനുള്ള ചലഞ്ചുകളില്‍ ഇതിനു മുന്‍പും അവന് പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. മൂണ്‍ പൈ തീറ്റ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചത് 85 മൂണ്‍ പൈ-കള്‍ അകത്താക്കിയാണ്. മിനിറ്റുകള്‍ക്കുള്ളില്‍ 255 പീപ്സ് കഴിച്ചാണ് മറ്റൊരു മത്സരത്തില്‍ വിജയി ആയത്.
ഇനി കുഞ്ഞിന്റെ പിറന്നാള്‍ കേക്ക് ഭദ്രമായി എവിടെയെങ്കിലും ഒളിപ്പിച്ചിട്ട് അവനെ ക്ഷണിച്ചോളു!
https://www.facebook.com/Malayalivartha