ലോകത്തെ ആദ്യ ലേഡീസ് സ്‌പെഷല്‍ ട്രെയിന്‍ ഓടിയത് എവിടെ എന്നറിയാമോ...?
മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ നിരവധി കാരണങ്ങള്‍ കൊണ്ട് പ്രശസ്തിയാര്‍ജിച്ചവയാണ്. മുംബൈ എന്ന നഗരത്തില്‍ മാത്രമല്ല ഈ ട്രെയിനുകളുടെ പ്രത്യേകതകള്‍ ഒതുങ്ങിനില്‍ക്കുന്നത്. ലോകത്തിലെ ആദ്യ ലേഡീസ് സ്‌പെഷല്‍ ട്രെയിന്‍ ആരംഭിച്ചതും ഇവിടെയാണ്.
ചര്‍ച്ച്‌ഗേറ്റ്, ബൊറിവ്‌ലി സ്‌റ്റേഷനുകള്‍ക്കിടയില്‍ 26 വര്‍ഷം മുമ്പാണ് ആദ്യ ലേഡീസ് സ്‌പെഷല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തിയതെന്ന് വെസ്‌റ്റേണ്‍ റെയില്‍വേ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആദ്യം ചര്‍ച്ച്‌ഗേറ്റ്, ബൊറിവാലി സ്‌റ്റേഷനുകള്‍ക്കിടയിലാണ് സര്‍വ്വീസ് ആരംഭിച്ചതെങ്കിലും 1993-ല്‍ ഇത് വിരാറിലേക്കുകൂടി ദീര്‍ഘിപ്പിച്ചു.
അന്നുമുതല്‍ ഇന്നുവരെ ദിവസേന ലക്ഷക്കണക്കിനു സ്ത്രീകള്‍ യാത്രയ്ക്കായി ആശ്രയിക്കുന്നു. 26 വര്‍ഷമെന്ന നാഴികക്കല്ല് പിന്നിടുമ്പോള്‍ വനിതാ യാത്രക്കാരുടെ എണ്ണംകൊണ്ട് ഏറ്റവും തിരക്കേറിയ സബര്‍ബന്‍ ലൈനുകളില്‍ ഒന്നാണ് ഈ ലേഡീസ് സ്‌പെഷല്‍ ട്രെയിന്‍.
1992 മേയ് അഞ്ചിനാണ് വെസ്‌റ്റേണ്‍ റെയില്‍വേ ലേഡീസ് സ്‌പെഷല്‍ ട്രെയിന്‍ രണ്ടു സ്‌റ്റേഷനുകള്‍ക്കിടയില്‍ ആരംഭിച്ചത്. അന്ന് ദിവസേന രണ്ടു സര്‍വ്വീസുകള്‍ നടത്തിയിരുന്നത് ഇന്ന് എട്ടായി (രാവിലെയും വൈകുന്നേരവും നാലു വീതം) ഉയര്‍ന്നു. വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവി, ടോക്ക് ബാക്ക് സിസ്റ്റം തുടങ്ങിയ പ്രത്യേക സംവിധാനങ്ങളും വെസ്‌റ്റേണ്‍ റെയില്‍വേ ഈ സ്‌പെഷല്‍ ട്രെയിനുകളില്‍ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha