അമൂല്യമായ ആ ഹൃദയവായ്പിന് 16000 ഡോളറിന്റെ സ്കോളര്‍ഷിപ്പ് സമ്മാനം!
അടുത്ത വര്‍ഷത്തേയ്ക്കുള്ള കോളേജ് ഫീസിനും മറ്റു ചെലവുകള്‍ക്കുമായി തന്റെ പാര്‍ട്ട് ടൈം ജോലിയില്‍ നിന്ന് കിട്ടുന്നതില്‍ നിന്നും മിച്ചം പിടിയ്ക്കുകയായിരുന്നു അമേരിക്കയില്‍ ടെക്‌സസിലെ ഒരു വാഫിള്‍ ഹൗസ് ജീവനക്കാരിയായ ഇവോണി. ഇനിയിപ്പോള്‍ അവള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വരികയില്ല. കാരണം ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അവള്‍ക്കു കിട്ടിയിരിക്കുന്നത് 16000 ഡോളറിന്റെ സ്‌കോളര്‍ഷിപ് ആണ്!
18 -കാരിയായ ഇവോണിയ്ക്ക് ഈ സ്‌കോളര്‍ഷിപ് കിട്ടാന്‍ ഇടയായത് അവളുടെ ഹൃദയ കാരുണ്യം കൊണ്ടാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. അവള്‍ ജോലി ചെയ്യുന്ന ലാ മാര്‍ക്വേ വാഫിള്‍ ഹൗസില്‍ വച്ച് നടത്തിയ ഒരു ചെറിയ ചടങ്ങില്‍ വച്ച് അവള്‍ക്ക് പുരസ്‌കാരം നല്‍കപ്പെട്ടു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണം നല്‍കുന്ന ആ റെസ്റ്റാറന്റില്‍ തന്റെ പതിവ് ഷിഫ്റ്റ് ചെയ്യുകയായിരുന്നു ഇവോണി. അപ്പോഴാണ് അവിടുത്തെ ഒരു പതിവ് കസ്റ്റമാറായ അഡ്രിയാന്‍ ഷാര്‍പെന്റിയര്‍ ആഹാരം കഴിയ്ക്കാനെത്തിയത്.അടുത്തിടെയാണ് അഡ്രിയാന് തന്റെ കൈകള്‍ക്കു ഒരു ശസ്ത്രക്രിയ കഴിഞ്ഞത്.അതുകൊണ്ട് തനിയ്ക്ക് കത്തി ഉപയോഗിച്ച് തന്റെ ഭക്ഷണം മുറിയ്ക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ടെന്ന് അയാള്‍ ഇവോണിയോട് പറഞ്ഞു. ഉടനെ തന്നെ താന്‍ ചെയ്തു കൊണ്ടിരുന്ന ജോലി നിര്‍ത്തി വച്ചിട്ട് ഇവോണി അഡ്രിയാന്റെ അടുക്കലെത്തി അയാളുടെ കത്തിയും മുള്ളും വാങ്ങി, ആ ഭക്ഷണം കഴിയ്ക്കാന്‍ പാകത്തില്‍ മുറിച്ചു നല്‍കി.
മറ്റൊന്നും ഇവോണി ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മറ്റൊരു കസ്റ്റമര്‍ അതിന്റെ ചിത്രം പകര്‍ത്തി ഫേസ്ബുക്കിലിട്ടു.അതിനോടൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു.
അവളുടെ പേര് എന്താണെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ കൈ നേരെ ചൊവ്വേ പ്രവര്‍ത്തിയ്ക്കുന്നില്ല എന്ന് വയോവൃദ്ധനായ ഒരു കസ്റ്റമര്‍ അവളോട് പറയുന്നത് ഞാന്‍ കേട്ടു. അയാളാകട്ടെ ഓക്‌സിജന്‍ സപ്പോര്‍ട്ടിലുമായിരുന്നു. ശരിയാം വണ്ണം ശ്വാസം കഴിയ്ക്കാന്‍ പോലും അയാള്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.ഒരു മടിയും കൂടാതെ ഉടനെ തന്നെ അയാളുടെ ഹാം അവള്‍ മുറിച്ചു നല്‍കി, എന്നായിരുന്നു ഇത് കണ്ടിരുന്ന ലോറ വോള്‍ഫ് എന്ന കസ്റ്റമര്‍ എഴുതിറയിരുന്നത്.
ഇത് വളരെ ചെറിയ കാര്യമാണെന്ന് തോന്നുമെങ്കിലും പക്ഷെ അങ്ങനെ അല്ല , ഇത് വളരെ വലിയ കാര്യമാണ്. നമുക്ക് ചുറ്റും നടക്കുന്നതെല്ലാം നെഗറ്റിവിറ്റി ആയ ഇക്കാലത്ത്, കരുണയും കരുതലും നിറഞ്ഞ ഈ പ്രവര്‍ത്തി കണ്ടുകൊണ്ട് എന്റെ ദിവസം തുടങ്ങാന്‍ ഇടയായതില്‍ ദൈവത്തോട് എനിക്ക് നന്ദിയുണ്ട്. നമ്മള്‍ ഓരോരുത്തരും ഈ വെയിട്രസ്സിനെ പോലെയാകണം. മറ്റൊരാള്‍ക്ക് ഒരു കൈ സഹായം നല്‍കുന്നതിനായി നമ്മുടെ സമയത്തില്‍ നിന്നും അല്‍പം ചെലവഴിയ്ക്കാന്‍ നാം തയ്യാറാകണം.
ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറല്‍ ആയി. ലാ മാര്‍ക്വി മേയര്‍ ബോബി ഹോക്കിങ്ങിന്റെയും ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയുടെയും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് അവളുടെ കാരുണ്യത്തിന് അര്‍ഹിയ്ക്കുന്ന അംഗീകാരം നല്‍കണമെന്ന് യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്. ഇവോണി കാണിച്ചത് പോലുള്ള സേവന സന്നദ്ധതയും പ്രത്യുപകാരശീലവും സമൂഹത്തോട് കാട്ടുന്ന സ്വഭാവമുള്ള വിദ്യാര്‍ഥികളെയാണ് ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റി ആഗ്രഹിയ്ക്കുന്നത് എന്നാണ് അവള്‍ക്ക് 16000 ഡോളറിന്റെ ചെക്ക് കൈമാറിക്കൊണ്ട് യൂണിവേഴ്‌സിറ്റിയില്‍ പ്രിന്‍സിപ്പലിന്റെ അസിസ്റ്റന്റ് ആയ വെന്‍ഡല്‍ വില്യംസ് പറഞ്ഞത്.
ഇപ്പോഴും അമേരിക്കയില്‍ ചിലയിടങ്ങളില്‍ ജനമനസ്സുകളില്‍, വെളുത്ത വംശജരോടൊപ്പം പൂര്‍ണ അംഗീകാരം നേടിയിട്ടില്ലാത്ത ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ഇവോണി, ചെക്ക് കൈപറ്റവേ ആഹ്ലാദം കൊണ്ട് കരഞ്ഞു പോയി. ബിസിനസ് മാനേജ്മന്റ് പഠിയ്ക്കാനാണ് ഇവോണിയുടെ ആഗ്രഹം.
ടെക്‌സാസ് സിറ്റി ഹൈസ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയ ഇവോണിയ്ക്ക് മേയര്‍ ഹോക്കിങ്‌സിന്റെ വക മറ്റൊരു സര്‍െ്രെപസും ഉണ്ടായിരുന്നു. മാര്‍ച്ച് 8 -ാം തീയതിയിലായിരുന്നു ഇയോണി തന്റെ കസ്റ്റമറിനോട് ദയാവായ്‌പോടെ ഇടപെട്ടത്. അത് കൊണ്ട് ഇനി മുതല്‍ മാര്‍ച്ച് 8 'ഇയോണി നീനീ വില്യംസ് ഡേ' എന്നറിയപ്പെടുമെന്ന് പ്രഖാപിച്ചു. അവളുടെ വിളിപ്പേരാണ് നീനീ.
ഏത് കസ്റ്റമര്‍ ആവശ്യപ്പെട്ടാലും താന്‍ ചെയ്യുമായിരുന്ന ഒരു സാധാരണ കാര്യം ഇതയധികം ചര്‍ച്ച ചെയ്യപ്പെടാനിടയായതില്‍ തനിക്കു വല്ലാത്ത അദ്ഭുതം തോന്നുന്നുവെന്നാണ് ഇയോണിയുടെ പ്രതികരണം. മറ്റുള്ളവര്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനും അവരിലേക്ക് അനുഗ്രഹങ്ങള്‍ എത്തിയ്ക്കുവാനും കഴിയുന്ന തരത്തില്‍ ജീവിക്കണമെന്ന് പറഞ്ഞാണ് തന്നെ വളര്‍ത്തിയതെന്നും അവള്‍ പറഞ്ഞു.
സ്വന്തം കാര്യം മാത്രം നോക്കി ഓടുന്നതിനിടെ മറ്റാരെയും ശ്രദ്ധിയ്ക്കാന്‍ അല്‍പസമയം ഒന്നുനില്‍ക്കാന്‍ ആരും മിനക്കെടാത്തവരുള്ള, സ്വന്തം കാര്യ ലാഭത്തിനായി ആരെയും ചവിട്ടി താഴ്ത്താനും അവരുടെ അവസരങ്ങള്‍ പിടിച്ചുപറിക്കാനും യാതൊരു മടിയുമില്ലാത്ത ഭൂരിപക്ഷം പേരുള്ളതായി മാറിയിരിക്കുന്നു നമ്മുടെ സമൂഹം. അതിനിടയില്‍ മറ്റൊരാള്‍ക്ക് വേണ്ടി സ്വന്തം സമയം മാറ്റിവയ്ക്കാനും സഹായിയ്ക്കാനും ഇത് പോലെ ആരെങ്കിലുമൊക്കെ മുന്നോട്ടു വരുമ്പോഴാണ് നമുക്ക് ചുറ്റുമുള്ള വെളിച്ചം കെട്ടുപോയിട്ടില്ലെന്ന തോന്നല്‍ ഉണ്ടാകുന്നത്. അത് വല്ലാത്തൊരു ആശ്വാസമാണ് തരുന്നതും! ഇവോണിയ്ക്ക് സാധാരണ കാര്യമായി തോന്നുന്ന ഈ പ്രവൃത്തി സമൂഹത്തില്‍ ഇത്ര വലിയ ചലനങ്ങള്‍ ഉണ്ടാക്കിയത്, വാസ്തവമായും നമുക്ക് ചുറ്റും നെഗറ്റിവിറ്റി കൂടിവരുന്നതു കൊണ്ട് തന്നെയാണ്.
https://www.facebook.com/Malayalivartha