'അവന്റെ മരംകേറ്റം ഇന്നത്തോടെ നിര്‍ത്തിക്കുന്നുണ്ട് ഞാന്‍'...എന്ന് തീരുമാനിച്ച അമ്മയോട് തോറ്റുമടങ്ങി ഒരു അണ്ണാന്!
അണ്ണാന് മൂത്താലും മരംകേറ്റം മറക്കുമോ എന്നൊരു നാട്ടു മൊഴിയുണ്ട്. വാര്‍ധ്യക്യത്തില്‍ പലര്‍ക്കും മറവി ഉണ്ടാകാറുണ്ടെന്ന് നമുക്കൊക്കെ അറിയാം. ചിലപ്പോള്‍ ഏറ്റവും അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയാനാകാതെ വരാറുമുണ്ട്. എന്നാലും അണ്ണാന്‍ കുഞ്ഞിന് എത്ര വയസ്സായാലും മരംകേറ്റം മറക്കുന്ന പ്രശ്‌നമേയില്ല എന്ന് പറയുമ്പോള്‍, അവയൊക്കെ അതിന്റെ സഹജ സ്വഭാവങ്ങളും രീതികളുമായതിനാല്‍ അതൊന്നും മറന്നു പോവില്ല എന്നാണ് അര്‍ഥമാക്കുന്നത്. ജനിക്കുമ്പോഴേ മരത്തില്‍ കയറാനുള്ള കഴിവുമായാണ് അവയൊക്കെ ജനിക്കുന്നത്; അല്ലാതെ അതൊക്കെ പിന്നീട് പഠിച്ചെടുക്കുന്നതല്ലല്ലോ? അപ്രകാരം ജന്മസിദ്ധമായവയൊക്കെ മറന്നു പോകണമെങ്കില്‍ വല്ല അല്‍ഷിമേഴ്‌സും ബാധിയ്ക്കണം!
എന്നാല്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഒരു അണ്ണാന്‍ കുഞ്ഞിന് മരംകേറ്റത്തിന്റെ സാങ്കേതികതകള്‍ എല്ലാം ഓര്‍മയില്‍ ഉണ്ടായിരുന്നിട്ടും അവിടത്തെ ഒരു അമ്മ അതിന്റെ മരംകേറ്റം നിര്‍ത്തി!
സംഭവം ഇങ്ങനെയാണ്. ആ അമ്മ ഒരു പക്ഷിപ്രേമിയാണ്. തന്റെ പറമ്പില്‍ സന്ദര്‍ശനത്തിനെത്തുന്ന പക്ഷികള്‍ക്കായി ഭക്ഷണം ഒരുക്കി വയ്ക്കുന്ന ശീലമുണ്ടായിരുന്നു ആ അമ്മയ്ക്ക്. അതിനായി ഒരു നീളമുള്ള കമ്പി വടിയുടെ മുകളിലുള്ള പരന്ന പ്രതലത്തില്‍ അവയ്ക്കുള്ള ഭക്ഷണം വിതറി ഇടാറുണ്ടായിരുന്നു. പിന്നീട് എപ്പോഴെങ്കിലും വന്നു നോക്കുമ്പോള്‍ ആ ഭക്ഷണം ഒട്ടും അവശേഷിക്കാറുണ്ടായിരുന്നില്ല. തന്റെ പക്ഷികള്‍ താന്‍ കൊടുത്ത ആഹാരം കഴിച്ച് തൃപ്തിപ്പെട്ടു പോയതായി കരുതി ആ അമ്മ സന്തോഷിച്ചിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി അടുത്തിടെ ഒരു കാഴ്ച കണ്ട ആ അമ്മ ശരിയ്ക്കും സങ്കടപ്പെട്ടുപോയി. താന്‍ പക്ഷികള്‍ക്കായി വിതറിയിടുന്ന ഭക്ഷണമെല്ലാം അകത്താക്കുന്നത് അവിടെയുള്ള അണ്ണാനായിരുന്നു എന്ന് കണ്ട അവര്‍ ആകെ വിഷമിച്ചുപോയി. പറക്കാനാവില്ലെങ്കിലും, ആഹാരം വിതറി ഇടുന്ന പരന്ന പ്രതലത്തെ താങ്ങി നിര്‍ത്തിയിരിക്കുന്ന കമ്പിവടിയിലൂടെ പിടിച്ചു കയറിയാണ് മുകളില്‍ നിന്നും ആ അണ്ണാന്‍ തന്റെ കിളികള്‍ക്കുള്ള ആഹാരം അകത്താക്കുന്നതെന്ന് കണ്ട ആ അമ്മയ്ക്ക് അണ്ണനോട് കടുത്ത ശത്രുതയായി. ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം എന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി.
അണ്ണാന്റെ വലിഞ്ഞുകയറ്റം അവസാനിപ്പിയ്ക്കാനായി അവര്‍ ആ കമ്പിവടിയിലാകെ എണ്ണ പുരട്ടി വച്ചു. എന്നിട്ടു പതിവ് പോലെ കിളികള്‍ക്കുള്ള ഭക്ഷണം നിരത്തിയിട്ടു. എന്നത്തേയും പോലെ ആഹാരം തിന്നാനെത്തിയ അണ്ണാന്‍ കമ്പിവടിയില്‍ പിടിച്ച് മുകളിലേയ്ക്കു കയറാനൊരുങ്ങി. ഒന്ന് രണ്ടു ചുവട് മുകളിലേയ്ക്കു വയ്ക്കുമ്പോഴേയ്ക്കും വഴുക്കല്‍ കാരണം താഴേയ്ക്കൂര്‍ന്നു വന്നുകൊണ്ടേയിരുന്നു. ഏതായാലും അവന്റെ മരംകേറ്റത്തിന്റെ ടെക്‌നീക്കിനെ കുറിച്ച് അന്ന് ആദ്യമായി അവന്‍ ആശങ്കപ്പെട്ട് തിരിച്ചുപോയി! അന്ന് അവന് ആ ഭക്ഷണം തട്ടി എടുക്കാനായില്ല.
ആ അമ്മയുടെ മകളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയിലാക്കിയത്. അമ്മയുടെ ബേര്‍ഡ് ഫീഡറില്‍ നിന്നും ഭക്ഷണം കവരുന്ന അണ്ണാന് അമ്മ പണികൊടുത്തത് അറിയിച്ചു കൊണ്ട് മകളാണ് ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തത്.
https://www.facebook.com/Malayalivartha