പിടികിട്ടാപ്പുള്ളിയെ കുടുക്കാന്‍ കേരളാ പോലീസിന്റെ 'ട്രോള്‍ തന്ത്രം'!
കഴിഞ്ഞ 12 വര്‍ഷമായി പൊതുജനങ്ങളെയും പോലീസിനെയും വട്ടംകറക്കിയ പ്രതിയെ കണ്ടെത്തിയ രീതി, തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് അന്വേഷണമികവിനുള്ള പോലീസ് മെഡല്‍ നേടിക്കൊടുത്തു. പ്രതിയെ പിടികൂടാന്‍ വളരെ വ്യത്യസ്തമായ രീതികളാണ് കഴിഞ്ഞ ഫെബ്രുവരി രണ്ടുമുതല്‍ അന്വേഷണസംഘം നടത്തിയത്.
പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് ആഭരണവും പണവും തട്ടിയെടുക്കുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫയെ കണ്ടെത്തുന്നതിനാണ് പോലീസിന്റെ ചരിത്രത്തിലാദ്യമായി ട്രോളുകള്‍ പുറത്തിറക്കി വ്യാപകമായ പ്രചാരം നല്‍കിയത്.
നീല ടീഷര്‍ട്ട് ധരിച്ച് മോഷണത്തിനിറങ്ങുന്ന മുസ്തഫയെ പിടികൂടാന്‍ സമൂഹമാധ്യമങ്ങളിലൂടെ നാല് ട്രോളുകളാണ് പ്രചരിപ്പിച്ചത്. ലക്ഷക്കണക്കിനാളുകളാണ് സിനിമാതാരങ്ങളും മുസ്തഫയും ചേര്‍ന്നുള്ള ഈ ട്രോളുകള്‍ കണ്ടത്. പൊതുജനശ്രദ്ധ എളുപ്പത്തില്‍ ലഭിക്കുന്നതിനാണ് ട്രോളുകള്‍ പരീക്ഷിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു. പോലീസിലെ കംപ്യൂട്ടര്‍ വിദഗ്ധനായ ഒരു സിഐയാണ് ട്രോളുകള്‍ തയാറാക്കിയത്.
റിട്ട.എഎസ്‌ഐ ഗിരീശനും പോലീസുകാരന്‍ ധര്‍്മജനും ട്രോള്‍ വഴിയാണ് പ്രതി, മുഹമ്മദ് മുസ്തഫയായിരിക്കാം എന്ന സൂചന ഡിവൈഎസ്പിക്ക് നല്‍കിയത്. 2008-ല്‍ സമാനമായ കേസില്‍ കണ്ണൂര്‍ ടൗണില്‍ അറസ്റ്റിലായ മുസ്തഫയെക്കുറിച്ച് അന്ന് എസ് ഐയായിരുന്ന ഗിരീശന്റെ മനസിലുണ്ടായിരുന്ന രൂപം ഉയര്‍ന്നുവന്നത് ട്രോള്‍ വഴിയായിരുന്നു. ഭാഗ്യചിഹ്നമായി കരുതി എല്ലാ മോഷണങ്ങളിലും ഇയാള്‍ ധരിച്ചിരുന്ന നീല ടീഷര്‍ട്ടാണ് പ്രതിയെ തിരിച്ചറിയാനിടയാക്കിയത്.
വാര്‍ത്തകളും ട്രോളുകളും പ്രചരിച്ചതോടെ ക്ലീന്‍ഷേവ് ചെയ്ത് കണ്ണട ധരിച്ചു രൂപം മാറിയാണ് മുസ്തഫ നാട്ടിലൂടെ നടന്നത്. ചോദ്യംചെയ്യലില്‍ കണ്ണൂര്‍്, തലശേരി, തളിപ്പറമ്പ് , പഴയങ്ങാടി, പയ്യന്നൂര്‍ സ്‌റ്റേഷനുകളിലായി വിവിധ മോഷണങ്ങള്‍ നടത്തിയതായി ഇയാള്‍ സമ്മതിച്ചു. പ്രായമായ സ്ത്രീകളെ നിരന്തരം നിരീക്ഷിച്ചാണ് പരിചയം നടിച്ച് ആഭരണവും പണവും തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്നത്.
കൈക്കലാക്കുന്ന സ്വര്‍ണം വില്‍ക്കുന്നതിന് സ്ഥിരം കടകളും ഇയാള്‍ക്കുണ്ടായിരുന്നു. ഇതിനുമുമ്പ് സമാനമായ കേസുകളിലും മുക്കുപണ്ട തട്ടിപ്പിലും മംഗളൂരുവിലടക്കം ഇയാള്‍ പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha