ഖുര്‍ഷിദ് അഹമ്മദിനെ ബെല്‍റ്റ് ഖുര്‍ഷിദ് ആക്കിയ 20 ദിര്‍ഹത്തിന്റെ ബെല്‍റ്റ്!
ദുബായ് മദീന മാളിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാനാണ് ബിഹാര്‍ സ്വദേശിയായ ഖുര്‍ഷിദ്. 1997 മാര്‍ച്ചില്‍ ദുബായിയില്‍ എത്തിയ ഖുര്‍ഷിദ് 21 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബം ഡല്‍ഹിയിലാണ്.
ദുബായിയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞ് 1998 മേയില്‍ ദെയ്‌റയിലെ നായിഫ് മാര്‍ക്കറ്റില്‍ നിന്ന് അദ്ദേഹം തവിട്ട് നിറത്തിലുള്ള ഒരു തുകല്‍ ബെല്‍റ്റ് വാങ്ങി. അന്ന് കൊടുത്ത വില 20 ദിര്‍ഹം കുറച്ച് കൂടുതലായിരുന്നെങ്കിലും പിന്നീട് കഴിഞ്ഞ 20 വര്‍ഷം തുടര്‍ച്ചയായി ഈ ബെല്‍റ്റ് ഉപയോഗിച്ചിട്ടും യാതൊരു പോറലുമേറ്റിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ചിലര്‍ക്ക് ചില വസ്തുക്കളോട് ഏറെ പ്രിയം തോന്നുമല്ലോ. അത്തരം ഒരു ഇഷ്ടക്കൂടുതല്‍ അദ്ദേഹത്തിന് ഈ ബെല്‍റ്റിനോടാണ്. ഇത് ഒരു ദിവസം ധരിച്ചില്ലെങ്കില്‍ അന്നെന്തോ മനഃപ്രയാസം അനുഭവപ്പെടുമത്രേ. ജീവിതത്തിലെ സന്തോഷത്തിന് ഒരു കാരണം ഈ ബെല്‍റ്റാണെന്ന് വെറുതെ വിശ്വസിക്കാനാണ് ഈ 56-കാരന് താല്‍പര്യം.
യുഎഇയിലെ ആദ്യകാലം എട്ടു പേരടങ്ങിയ കുടുസ്സു മുറിയിലായിരുന്നു താമസം. വെളുപ്പിന് അഞ്ചിന് എണീക്കും. അന്നത്തേയ്ക്ക് ഭക്ഷിക്കാനുള്ള ചപ്പാത്തിയും ആലൂ ബാജിയും തയാറാക്കും. അതും പ്ലാസ്റ്റിക് കവറിലാക്കി ജോലി സ്ഥലത്തേയ്ക്ക്. ആറിന് ജോലി സ്ഥലത്ത് എത്തിച്ചേരും. വൈകിട്ട് അഞ്ച് വരെ തുടര്‍ച്ചയായ ജോലി. ആറിന് തിരിച്ചു താമസ സ്ഥലത്തെത്തും. കുളിയും പ്രാര്‍ഥനയും കഴിഞ്ഞു റൂമിലുള്ളവരുമായി കുറച്ചു കുശാലാന്വേഷണം. പിന്നെ, അടുക്കളയിലേയ്ക്ക്. രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കല്‍. രാത്രി 10-ന് കൃത്യമായി ഉറങ്ങും.
അന്നത്തെ വരുമാനം 800 ദിര്‍ഹം. ഓവര്‍ ടൈം കൂട്ടി 1100 കൈയിലാകും. 300 ദിര്‍ഹം മാത്രം മാസ ചെലവിനെടുത്ത് ബാക്കിയെല്ലാം നാട്ടിലേക്കയക്കുന്ന ഒരു സാധാരണ പ്രവാസിയുടെ പ്രതിരൂപം. നാലു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. നാലു ആണ്‍മക്കളാണുള്ളത്. രണ്ട് മക്കള്‍ക്ക് കൂടി ജോലി ലഭിക്കേണ്ടതുണ്ട്. അതു വരെ ദുബായിയില്‍ തുടരാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
എന്നാല്‍ ഇദ്ദേഹം തന്റെ മറ്റെല്ലാ സമ്പാദ്യത്തേക്കാളും ഈ ബെല്‍റ്റിനെ സ്‌നേഹിക്കുന്നു. ഇതറിയാവുന്ന പരിചയക്കാര്‍ ബെല്‍റ്റ് ഖുര്‍ഷിദ് എന്ന് തമാശയ്ക്ക് വിളിക്കുമെങ്കിലും അത് ആസ്വദിക്കുകയാണ് ഇദ്ദേഹം. തന്റെ പാന്റ്‌സിനെ മാത്രമല്ല, ജീവിതത്തെ തന്നെ മുറുക്കി നിര്‍ത്തുന്ന അനുഭവമാണ് ബെല്‍റ്റ് സമ്മാനിക്കുന്നെന്ന് ഖുര്‍ഷിദ് പറയുന്നു.
https://www.facebook.com/Malayalivartha