അത് വെറുതെ കണ്ടു നില്‍ക്കാനായില്ല ആ ചങ്ങാതിയ്ക്ക്..., അവനും കൂടെ ചാടി! വെള്ളത്തില്‍ നിന്നും കയറാനാവാതെ ബുദ്ധിമുട്ടിയ ചങ്ങാതിയെ കരക്കെത്തിച്ചു വളര്‍ത്തുനായ
അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ മേസ-യില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരുടേയും ഹൃദയത്തെ സ്പര്‍ശിയ്ക്കും. റെമസും സ്‌മോക്കിയും ഒരേ വീട്ടിലെ വളര്‍ത്തു നായ്ക്കളാണ്. വീടിനു ചുറ്റും ഓടി കളിക്കുന്നതിനിടയിലാണ് സ്‌മോക്കി വീട്ടിലെ സ്വിമ്മിംഗ് പൂളിലേക്ക് വീണത്.
അതോടെ റെമസിനു വെപ്രാളമായി. സ്‌മോക്കിയാണെങ്കില്‍ വല്ലവിധേനയും കരക്ക് കയറാന്‍ പെടാപ്പാട് പെടുകയാണ്. പൂളിന്റെ ഭിത്തിയില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കയറി പറ്റാനാവുന്നില്ലായിരുന്നു. വെള്ളത്തില്‍ നിന്നും പൂളിന്റെ ഭിത്തിക്ക് മുകളിലേക്ക് കഴുത്തു നീട്ടുന്നതിനിടെ അവനെ കടിച്ചെടുത്തു കരയിലേക്കിടാന്‍ ആഗ്രഹിച്ചു കൊണ്ട് അടുത്ത് ചെല്ലുന്നുണ്ടെങ്കിലും അതിന് സൗകര്യമായ നിലയില്‍ സ്‌മോക്കിയെ അവനു കിട്ടുന്നുണ്ടായിരുന്നില്ല.
വീണ്ടും വീണ്ടും സ്‌മോക്കി കരയിലേക്കെത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. റമസാകട്ടെ അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കരയില്‍ നില്‍ക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവനു മനസ്സിലായി സ്‌മോക്കിക്ക് തനിയെ പൂളില്‍ നിന്നും കയറാനാവില്ലെന്ന്!
പിന്നെ അവന്‍ മറ്റൊന്നും ആലോചിച്ചു നിന്നില്ല. അവനും പൂളിലേക്ക് ചാടി. പൂളിന്റെ ഭിത്തിക്ക് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന സ്‌മോക്കിയുടെ അരികിലെത്തി അവന്റെ പിന്‍ഭാഗത്ത് തന്റെ മുഖവും തലയും ഉപയോഗിച്ച് ശക്തമായി തള്ളി. അതോടെ സ്‌മോക്കിക്ക് പൂളിന്റെ ഭിത്തിക്ക് മുകളിലേക്ക് മുന്‍കാലുകള്‍ രണ്ടും എടുത്തു വെക്കാനായി. പിന്നീട് കാര്യങ്ങള്‍ എളുപ്പമായിരുന്നു. സ്‌മോക്കി വളരെ പെട്ടെന്ന് തന്നെ പൂളില്‍ നിന്നും കരയ്ക്കു കയറി. പിന്നാലെ അവനും കരയിലെത്തി കളി തുടര്‍ന്നു.
ലോറി ബെസേരയുടെയും ഭര്‍ത്താവ് ജെ യുടെയും സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍. സ്‌മോകിക്കും നീന്താന്‍ അറിയാമെന്നും എന്നാല്‍ അത്ര നന്നായി അറിയില്ലന്നേ ഉള്ളൂ എന്നാണ് ബെസേര പറഞ്ഞത്. ഈ റെമസ് കാണുന്ന പോലെ അല്ല, അവന് പൊന്ന് കൊണ്ടുള്ള ഒരു ഹൃദയമാണുള്ളതെന്ന് ഇപ്പോള്‍ മനസ്സിലായെന്നാണ് അവരുടെ കമന്റ്.
https://www.facebook.com/Malayalivartha