പുള്ളിപ്പുലിയും കാട്ടുപോത്തും തമ്മില്‍ പ്രണയചേഷ്ടകളോ?കലികാലമാണെന്ന് വിചാരിച്ച് എന്തും ആകാമെന്നോ...?
നാഷണല്‍ ജിയോഗ്രഫി ഫോട്ടോഗ്രാഫര്‍ ബെനറ്റ് മാത്തോന്‍സി സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസേര്‍വില്‍ നിന്നാണ് അദ്ദേഹം ആ ചിത്രം പകര്‍ത്തിയത്. എന്നാല്‍ ചിത്രം കണ്ടവരില്‍ അത് സമ്മിശ്രവികാരമാണ് ഉയര്‍ത്തിയത്. ചിത്രം കണ്ട് നെറ്റി ചുളിച്ചവരും പോത്തിന്റെയും പുലിയുടെയും അപൂര്‍വ്വ പ്രണയ സല്ലാപം എന്ന രീതിയില്‍ അത് ആഘോഷിച്ചവരുമുണ്ട്.
മരക്കൊമ്പിലിരിക്കുന്ന പുള്ളിപ്പുലി താഴെ നില്‍ക്കുന്ന കാട്ടുപോത്തിനെ ചുംബിക്കുന്നതു പോലെയാണ് ചിത്രം കണ്ടാല്‍ തോന്നുക. കാട്ടുപോത്തും കൊമ്പിലിരിക്കുന്ന പുലിയുടെ മുഖത്തേക്ക് തന്റെ മുഖമെത്തിക്കാന്‍ വളരെ കഷ്ടപ്പെടുന്നുണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മനുഷ്യര്‍ക്കിടയിലാണെങ്കില്‍ പ്രണയം തുളുമ്പി നില്‍ക്കുന്ന ചിത്രമായി വാഴ്ത്തപ്പെട്ടേക്കാവുന്ന ഈ ദൃശ്യത്തിന്റെ പിന്നിലെ കഥ പക്ഷേ അല്‍പ്പം ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്.
വിശന്നു വലഞ്ഞ പുള്ളിപ്പുലി ഒരു കാട്ടുപോത്തിന്‍ കുട്ടിയെ വേട്ടായാടാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുതിര്‍ന്ന കാട്ടുപോത്തിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായ ബോധ്യമുള്ളതിനാലാണ് കാട്ടുപോത്തിന്റെ കുട്ടിയെ വേട്ടയാടാന്‍ പുള്ളിപ്പുലി തുനിഞ്ഞത്. എന്നാല്‍ പുലിയുടെ ഉദ്ദേശം മനസ്സിലാക്കിയതോടെ പോത്തിന്‍ കൂട്ടം ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.
പുലിയെ ഓടിച്ച് ഇവര്‍ ഒരു മരത്തില്‍ കയറ്റി. അതും പോരാഞ്ഞ് മരത്തിന് ചുറ്റും കാവല്‍ നില്‍ക്കാനും തുടങ്ങി. ഇതോടെ പുള്ളിപ്പുലി വെട്ടിലായി. മരക്കൊമ്പിലിരുന്ന് പോത്തുകളെ വിരട്ടാന്‍ ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ല. ഇതിനിടെയാണ് പരസ്പരം അറിയാനുള്ള ശ്രമമെന്ന പോലെ പുലിയും കൂട്ടത്തിലെ കാട്ടുപോത്തുകളിലൊന്നും പരസ്പരം മുഖം അടുപ്പിച്ചത്. ഈ ചിത്രത്തിന്റെ അപൂര്‍വ്വത മനസ്സിലാക്കിയ ഫോട്ടോഗ്രാഫറാകട്ടെ ഈ ദൃശ്യം ക്യാമറയിലുമാക്കി.
ക്യാമറയില്‍ പതിഞ്ഞ ചിത്രം പക്ഷേ പ്രദേശത്തെ സംഘര്‍ഷാവസ്ഥക്ക് പകരം സ്‌നേഹചുംബനത്തിന്റെ പ്രതീതിയാണ് നല്‍കിയത്.
https://www.facebook.com/Malayalivartha