ബ്രിട്ടീഷ് രാജകീയ ദമ്പതികളുടെ വലുപ്പത്തില്‍ കേക്ക് നിര്‍മ്മിച്ചും രാജകീയവിവാഹം ആഘോഷമാക്കുന്നു
ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ബ്രിട്ടീഷ് കിരീടാവകാശി ഹാരി രാജകുമാരനിലേക്കും മേഗന്‍ മാര്‍ക്കിളിലേക്കുമാണ്. നാളെ നടക്കുന്ന പ്രൗഢഗംഭീരമായ വിവാഹത്തിനുള്ള ആഘോഷങ്ങള്‍ ബ്രിട്ടനില്‍ തുടങ്ങിക്കഴിഞ്ഞു. ഒപ്പം ഒരുപിടി കൗതുകകരമായ ചടങ്ങുകളും. ബ്രിട്ടീഷുകാരിയായ ലാറ മാസണ്‍ തയാറാക്കിയ കേക്ക് ആണ് രാജകീയ വിവാഹനത്തിനൊപ്പം ശ്രദ്ധനേടിയിരിക്കുന്നത്. ഹാരി രാജകുമാരന്റെയും മേഗന്റെയും പൂര്‍ണവലുപ്പത്തിലുള്ളതാണ് ഈ കേക്ക്.
കേക്ക് നിര്‍മാണം യുകെ ആസ്ഥാനമായുള്ള കസ്റ്റമര്‍ സര്‍വ്വീസ് സ്ഥാപനത്തിലെ ജീവനക്കാരിയായ ലാറയുടെ ഹോബിയാണ്. ആറു വര്‍ഷമായി കേക്ക് നിര്‍മാണത്തില്‍ പുതുമകള്‍ പരീക്ഷിക്കുന്ന ലാറ തയാറാക്കിയ ഈ രാജകീയ കേക്കിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേക്കിനുള്ള ചേരുവകള്‍ തയാറാക്കിയത് മുതല്‍ ഹാരിയുടെയും മേഗന്റെയും രൂപത്തിലെത്തുന്നത് വരെയുള്ള വിശദമായ വീഡിയോയാണ് ലാറ പുറത്തുവിട്ടത്.
വിവാഹനിശ്ചയം കഴിഞ്ഞ് ആദ്യമായി ഹാരിയും മേഗനും ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് കേക്ക് നിര്‍മിക്കാന്‍ ലാറ തെരഞ്ഞെടുത്തത്. 300 മുട്ട, 15 കിലോഗ്രാം നെയ്യ്, 15 കിലോഗ്രാം ധാന്യപ്പൊടി... അങ്ങനെ നീളുന്നു കേക്ക് നിര്‍മിക്കാന്‍ വേണ്ടിവന്ന ചേരുവകള്‍.
പ്രത്യേകം തയാക്കിയ ഫ്രെയിമില്‍ വാനില ബട്ടര്‍ ക്രീം ചേര്‍ത്ത് കേക്ക് അടുക്കിയശേഷം 50 കിലോഗ്രാമോളം ഐസിംഗ് ഉപയോഗിച്ച് നവദമ്പതികളുടെ രൂപം മെനഞ്ഞെടുത്തു. 250 മണിക്കൂര്‍ സമയമെടുത്തായിരുന്നു ഈ കേക്ക് നിര്‍മാണം.
https://www.facebook.com/Malayalivartha