തന്നെ പിന്തുടരുന്ന പന്നിയില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് പോലീസ് സഹായം തേടി
അമേരിക്കയിലെ ഒഹൈയോ പ്രവിശ്യയിലെ നോര്‍ത്ത് റിഡ്ജവില്‍ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിചിത്രമായ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഫോണ്‍ കോള്‍ എത്തി. റെയില്‍വേ സ്‌റ്റേഷനിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന തന്നെ, ഒരു പന്നി പിന്തുടരുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും പൊലീസിന്റെ സഹായം ആവശ്യമുണ്ടെന്നും അറിയിച്ചു കൊണ്ടായിരുന്നു ആ കോള്‍. ശരിയായി തന്നെയാണോ തങ്ങള്‍ കേട്ടത് എന്നറിയാന്‍ പോലീസ് തിരിച്ചു ചോദിച്ചു, ഒരു പന്നി എന്നല്ലേ പറഞ്ഞത് എന്ന്!
വെളുപ്പിന് 5:26 മണിയോടടുപ്പിച്ചാണ് കോള്‍ വന്നത്. താന്‍ ബാറില്‍ നിന്നും വീട്ടിലേക്ക് നടന്നു പൊയ്‌ക്കൊണ്ടിരിക്കയാണെന്നും അപ്പോഴാണ് ഒരു പന്നി തന്നെ വിടാതെ പിന്തുടരുന്നതെന്നും അയാള്‍ അറിയിച്ചു. വെള്ളമടിച്ചു ബോധം നശിച്ച സ്ഥിതിയിലായിരിക്കും അയാള്‍ എന്നും അങ്ങനെ ബോധമില്ലാതെ വല്ലതും കണ്ടെന്നോ കേട്ടെന്നോ ഒക്കെ പറയുന്നതായിരിക്കും എന്നായിരുന്നു പോലീസുകാര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ഓരോന്നൊക്കെ വിചാരിച്ചു കൂട്ടി പറയുന്നതാണെങ്കില്‍ പോലും കൃത്യമായി പോലീസ് സ്‌റ്റേഷനില്‍ വിളിക്കാനും വിവരം പറയാനും ഉള്ള ബോധം അയാള്‍ക്കുണ്ടല്ലോ എന്ന് ചിന്തിച്ചപ്പോള്‍ സ്ഥലത്തെത്തണമെന്ന് പോലീസുകാര്‍ക്ക് തോന്നി.
ഏതായാലും അയാള്‍ പറഞ്ഞ സ്ഥലത്ത് പോലീസുകാര്‍ എത്തിയപ്പോള്‍, വീട്ടിലേക്കു നടക്കുന്ന അയാളെ തന്നെ ആയിരുന്നു കണ്ടത്. എന്നാല്‍ ബാറില്‍ നിന്നും ആയിരുന്നില്ല, അവിടത്തെ എലൈറിയയിലുള്ള അംട്രാക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമായിരുന്നു അയാള്‍ വീട്ടിലേക്കു നടന്നു കൊണ്ടിരുന്നത്. അയാള്‍ അങ്ങേയറ്റം സമചിത്തത ഉള്ള അവസ്ഥയിലായിരുന്നുവെന്നും പോലീസുകാര്‍ക്ക് മനസ്സിലായി. എന്നാല്‍ പോലീസുകാര്‍ക്ക് ഏറെ കൗതുകകരമായി തോന്നിയ കാര്യം വാസ്തവത്തില്‍ അയാളെ ഒരു പന്നി പിന്തുടരുന്നുണ്ടായിരുന്നു എന്നതാണ്.
ഏതായാലും ആ മൃഗത്തെ ഒരു വിധത്തില്‍ ആ പോലീസ് വാഹനത്തില്‍ കയറ്റാന്‍ പട്രോള്‍മാന്‍ കുഡുസോവിക്കിന് സാധിച്ചു. അതിനെ ഞങ്ങളുടെ ഡോഗ് സ്‌ക്വാ ഡിലെ നായകള്‍ക്കുള്ള കൂടുകളിലൊന്നില്‍ സുരക്ഷിതമായി സൂക്ഷിച്ചു എന്ന് നോര്‍ത്ത് റിഡ്ജ്‌വില്‍ പോലീസ്ഡിപ്പാര്‍ട്ട്മെന്റ് അവരുടെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതായാലും പോലീസ് സ്‌റ്റേഷനില്‍ എത്തി മൂന്നു മണിക്കൂറിനു ശേഷം പന്നിയുടെ ഉടമസ്ഥന് അതിനെ കൈമാറാന്‍ കഴിഞ്ഞെന്നും പോലീസ് പിന്നീട് അറിയിച്ചു. പക്ഷെ ഉടമസ്ഥന് കൈമാറുന്നതിന് മുന്‍പ് പോലീസുകാര്‍ അതിന് ഒരു പേരൊക്കെ ഇട്ടിരുന്നു; സോയി എന്ന്! 9500 ലൈക്കുകള്‍ നേടിയ ഈ പോസ്റ്റ് 13000 തവണ ഷെയര്‍ ചെയ്യപ്പെടുകയും ഉണ്ടായി.
https://www.facebook.com/Malayalivartha