ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തില്‍പെട്ട നായക്കുട്ടിയെന്ന് കരുതി വാങ്ങിയത് ഏഷ്യന്‍ ബ്ലാക് ബിയറിനെ!
ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുള്ള കുന്മിംഗില്‍ താമസക്കാരിയായ സുയുന്‍ ഇപ്പോഴും ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നും പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല. നായക്കുട്ടിയാണെന്ന് കരുതി ഇക്കാലമത്രയും താന്‍ ഓമനിച്ചു വളര്‍ത്തിയത് ഒരു കാട്ടുകരടിയെയായിരുന്നു എന്ന് അടുത്തിടെയാണ് സുയുന്‍ തിരിച്ചറിഞ്ഞത്.
ഇവര്‍ രണ്ടു വര്‍ഷം മുമ്പാണ് 'നായ''യെ വാങ്ങുന്നത്. ടിബറ്റന്‍ മാസ്റ്റിഫ് എന്ന മുന്തിയ ഇനം നായയുടെ കുട്ടിയാണെന്നാണ് വില്‍പനക്കാരന്‍ സുയുനിനെ ധരിപ്പിച്ചത്. കാഴ്ചയില്‍ ടിബറ്റന്‍ മാസ്റ്റിഫിനെപ്പോലെയായിരുന്നതിനാല്‍ സംശയലേശമന്യേ സുയുന്‍ വാങ്ങുകയും ചെയ്തു.
ആദ്യത്തെ ഒരു വര്‍ഷം കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടതോടെ എവിടെ ഒക്കെയോ ചില പൊരുത്തക്കേടുകള്‍ സുയുന് അനുഭവപ്പെട്ടു. അമിതമായി ഭക്ഷണം കഴിക്കല്‍, ശരീര ഭാരത്തില്‍ ക്രമാതീതമായ വര്‍ധന, മുഖത്തെ രൂപമാറ്റം അങ്ങനെ പലതും തന്റെ പ്രിയപ്പെട്ട നായക്കുട്ടിയില്‍ പ്രകടമായതോടെ സുയുനിന് ആധിയായി.
ഒടുവില്‍ 'നായക്കുട്ടി'' രണ്ടു കാലില്‍ നില്‍ക്കുന്നത് പതിവായതോടെ സുയുന്‍ മൃഗക്ഷേമ വകുപ്പില്‍ കാര്യമറിയിക്കുകയായിരുന്നു. പരിശോധന നടത്തിയശേഷം മൃഗ ഡോക്ടര്‍മാര്‍ പറഞ്ഞത് കേട്ട് സുയന്‍ ഞെട്ടിത്തരിച്ചു. നിങ്ങള് ഇക്കാലമത്രയും വളര്‍ത്തിയത് കരടിയെയാണ്. അതും വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ ബ്ലാക് ബിയറിനെ.
വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ അനുമതിയില്ലാത്തതിനാല്‍ സുയുവിന്റെ വളര്‍ത്തുകരടിയെ മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുകയാണ് അധികൃതരിപ്പോള്‍.
https://www.facebook.com/Malayalivartha