വീട്ടുവളപ്പിലെ കിണറ്റില്‍ വീണ പുള്ളിമാനിനെ വനംവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി തിരികെ കാട്ടില്‍ വിട്ടു
തച്ചംപൊയില്‍ നെരോമ്പാറ ഹംസയുടെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടില്‍ നിന്നിറങ്ങിയ പുള്ളിമാന്‍ വീണു. തിങ്കളാഴ്ച രാവിലെയാണ് മാനിനെ കണ്ടത്. സമീപത്തെ വനമേഖലയില്‍നിന്ന് നാട്ടിലിറങ്ങിയ മാന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. പതിനാല് മീറ്ററോളം ആഴമുണ്ട് കിണറിന്.
രാവിലെ പത്തരയോടെയാണ് മാന്‍ കിണറ്റില്‍ വീണു കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കിണറിന്റെ മുകളിലെ വല പൊട്ടിക്കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് മാനിനെ കണ്ടത്. തുടര്‍ന്ന് താമരശ്ശേരി റേഞ്ച് അധികൃതരെ വിവരമറിയിച്ചു. താമരശ്ശേരിയിലെ വനംവകുപ്പിന്റെ ദ്രുതകര്‍മസേനാംഗങ്ങള്‍ സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം കയറും വലയും ഉപയോഗിച്ച് മാനിനെ കിണറിന് പുറത്തെത്തിച്ചു.
അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സത്യന്‍ മാനിനെ പരിശോധിച്ചു. കാര്യമായ പരിക്കൊന്നും ഇല്ലെന്നുകണ്ട് പ്രാഥമികശുശ്രൂഷ നല്‍കിയശേഷം കൊളമലഭാഗത്തെ വനത്തില്‍ തുറന്നുവിട്ടതായി വനം റേഞ്ച് ഓഫീസര്‍ ഇ. ഇംറോസ് ഏലിയാസ് നവാസ് പറഞ്ഞു.
https://www.facebook.com/Malayalivartha