തൊപ്പിക്കുള്ളില്‍ പാള...പൊള്ളുന്ന വേനലില്‍ നിന്നും രക്ഷ നേടാന്‍ ഹോംഗാര്‍ഡിന്റെ പുതിയ ടെക്‌നിക്
കത്തുന്ന വെയിലത്തായാലും ഒന്നു മാറി നില്‍ക്കാന്‍ സാധ്യത തീരെയില്ലാത്ത ജോലിയാണ് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഹോംഗാര്‍ഡിന്റേത്. ഡ്യൂട്ടിസമയത്ത് തണലേല്‍ക്കാന്‍ പോയാല്‍ ഗതാഗതക്കുരുക്ക് ഉറപ്പ്. അപ്പോള്‍ പിന്നെ ജോലിയും നടക്കണം വേനല്‍ചൂടില്‍ നിന്ന് അകന്നു നില്‍ക്കുകയും വേണം, അതിനെന്തെങ്കിലും മാര്‍ഗ്ഗം കണ്ടുപിടിച്ചാലല്ലേ പറ്റൂ.
അങ്ങനെയാണ് ചൂടിനെ കൂളാക്കാന്‍ തൊപ്പിക്കുള്ളില്‍ പാള തിരുകിയത് ഒരു ഹോംഗാര്‍ഡ്. കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഹോംഗാര്‍ഡിന്റെ തൊപ്പി അഴിച്ചു വച്ചപ്പോഴാണ് ചൂടിനെ കൂളാക്കി നിര്‍ത്തുന്ന വിദ്യയുടെ രഹസ്യം പുറത്തായത്. ഒരുകാലത്ത് നിറയെ മരങ്ങളുണ്ടായിരുന്ന നഗരമായിരുന്നു കാഞ്ഞങ്ങാട്.
എന്നാല്‍ കെഎസ്ടിപി റോഡ് വന്നതോടെ മരങ്ങളെല്ലാം മുറിച്ചുമാറ്റി. ഇതോടെ നഗരം വേനല്‍ച്ചൂടില്‍ വെന്തുരുകാനും തുടങ്ങി. ഇതിനിടയില്‍ കൊടുംവെയിലില്‍ ഗതാഗതം നിയന്ത്രിക്കേണ്ടി വരുന്ന ഹോംഗാര്‍ഡുമാരുടെ ദുരിതം ആരും കാണാറില്ല. പൊതുവേ വാഹനത്തിരക്കേറിയ നഗരത്തില്‍ തെല്ലിട പോലും വിശ്രമത്തിനു ലഭിക്കില്ല. പിന്നെ ചൂടിനെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുകയേ വഴിയുള്ളു. അങ്ങനെയാണ് തൊപ്പിയില്‍ പാള തിരുകല്‍ പരീക്ഷിച്ചത്.
സംഭവം വിജയമായതോടെ മറ്റുള്ളവരും ഈ വിദ്യ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനു പുറമെ ഷൂസിലും പാള മുറിച്ചുവയ്ക്കാറുണ്ടെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ഹോംഗാര്‍ഡ് പറയുന്നു.
https://www.facebook.com/Malayalivartha