ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അനുഭവിക്കാന്‍ യോഗം വേണമെന്ന് പറയുന്നത് ഇതിനെയാണ്...!
മെയ് 22-ന് വാഷിംഗ്ടണിലെ ബ്രഷ് പ്രയറിയില്‍ നിന്നും പോസ്റ്റ് ചെയ്ത ഒരു വിഡിയോയില്‍ ഇര പിടിച്ചു തളര്‍ന്നു കിടക്കുന്ന ഒരു പൂച്ചയേയും അത് പിടിച്ച എലിയോളം മാത്രം വലിപ്പമുള്ള ഒരു മുയല്‍ക്കുഞ്ഞിനേയുമാണ് കാണുന്നത്. താന്‍ പിടിച്ച മുയല്‍ക്കുഞ്ഞിനെ അതിന്റെ അരികെ ഇട്ടു കൊണ്ട് ആ പൂച്ച കിടക്കുകയാണ്. ആ മുയല്‍ക്കുഞ്ഞിനെ കൊന്നിട്ടില്ല. അല്ലെങ്കിലും പൂച്ചകള്‍ അങ്ങനെ തന്നെ ആണല്ലോ. പിടിക്കുന്ന എലിയെ ഒറ്റയടിയ്ക്കങ്ങ് കൊല്ലില്ല . അതിനെ ഇഞ്ചിഞ്ചായി കൊന്ന് അതിന്റെ പ്രാണവേദന കണ്ട് ആസ്വദിച്ചതിനു ശേഷമേ അതിനെ തിന്നുകയുള്ളല്ലോ. ഈ പൂച്ചയും അതിന്റെ വര്‍ഗ സ്വഭാവം കാണിക്കുക ആയിരുന്നു.
മുയല്‍ക്കുഞ്ഞും ന്യൂ ജെന്‍ തന്നെയായിരുന്നു. പൂച്ചയുടെ കണ്മുന്നിലൂടെ എഴുന്നേറ്റ് ഓടിയിട്ടും കാര്യമില്ലെന്ന് മനസ്സിലായത് കൊണ്ട് അല്പം ജീവന്‍ ശേഷിച്ചിരുന്നെങ്കിലും അത് പൂച്ചയുടെ അരികില്‍ അനങ്ങാതെ കിടന്നതേ ഉള്ളൂ. എഴുന്നേറ്റ് ഓടുകയാണെങ്കില്‍ വീണ്ടും പിടിച്ച് തട്ടിക്കളിച്ച് രസിക്കാനാണെന്ന് അതിനറിയാമായിരുന്നത് കൊണ്ടാണോ എന്തോ അത് അവിടെ തന്നെ കിടന്നതേ ഉള്ളൂ.
ഒടുവില്‍ മുയല്‍ക്കുഞ്ഞിനേയും കടിച്ചെടുത്ത് പൂച്ച വീടിന്റെ പോര്‍ച്ചിലേക്കു കടന്നു. തനിക്കായി ഒരു ആന്റി ക്ലൈമാക്‌സ് കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന് അപ്പോള്‍ പൂച്ചയ്ക്കറിയില്ലായിരുന്നു. പോര്‍ച്ചില്‍ വച്ച്, എന്തോ ആവശ്യത്തിനായി, കടിച്ചു പിടിച്ചിരുന്ന മുയല്‍ക്കുഞ്ഞിനെ താഴത്തൊന്ന് വച്ചതേ ഉള്ളൂ. പൂച്ചയുടെ കണ്ണൊന്നു തെറ്റിയ നിമിഷ നേരം കൊണ്ട് മുയല്‍ക്കുഞ്ഞ് വെടിച്ചില്ലു പോലെ പാഞ്ഞു. ഇത്രയും വേഗത്തില്‍ ഓടാനാകുന്ന ആരോഗ്യ സ്ഥിതി ഉണ്ടായിട്ടാണോ പൂച്ചയുടെ അരികില്‍ മര്യാദ രാമനെപ്പോലെ അടങ്ങി കിടന്നത് എന്ന് ആരും ചിന്തിച്ചു പോകും.
ഏതായാലും പൂച്ചയും വിട്ടു കൊടുത്തില്ല. അല്ലെങ്കില്‍ തന്നെ നിന്നെ ഓടിച്ചിട്ട് പിടിക്കുന്നതിന്റെ രസം അനുഭവിക്കാന്‍ കുറെ നേരം വെറുതെ ഇട്ടിരുന്നിട്ട് നീ ഓടാതിരുന്ന് രസംകൊല്ലി ആയത് കൊണ്ടല്ലേ ഞാന്‍ ഇങ് കയറി പോന്നത്. ഇനിയിപ്പോള്‍ നിനക്ക്, ഞാന്‍ നിന്നെ ഓടിച്ചിട്ട് പിടിക്കണമെന്നാണെങ്കില്‍ അങ്ങനെ തന്നെ ആകട്ടെ എന്ന മട്ടില്‍ പൂച്ചയും പിന്നാലെ പാഞ്ഞു. മുയല്‍ക്കുഞ്ഞിനെ തൊട്ടു തൊട്ടില്ല എന്ന ദൂരത്തില്‍ എത്തിയപ്പോഴേക്കും എങ്ങു നിന്നോ എത്തിയ ഒരു മൂങ്ങ മുയല്‍ക്കുഞ്ഞിനേയും കൊത്തി പറന്നകന്നു. പൂച്ച മിഴുങ്ങസ്യ മട്ടില്‍ നോക്കി നില്‍ക്കുന്നിടത്തു വച്ച് വീഡിയോ അവസാനിക്കുന്നു.
പിടിച്ച ഉടനെ ആ മുയല്‍ക്കുഞ്ഞിനെ തിന്നിരുന്നെവെങ്കില്‍, പൂച്ച മെനക്കെട്ടത്തിന്റെ പ്രയോജനം അതിനു കിട്ടിയേനെ. ഇത് വെറുതെ ഓടി അലഞ്ഞത് മാത്രം മിച്ചം. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് പറയുന്നത് പോലെ ഒരു മെനക്കേടുമില്ലാതെ മൂങ്ങക്ക് ഇര കിട്ടി!
https://www.facebook.com/Malayalivartha