67 സെന്റീമീറ്റര്‍ ഉയരത്തില്‍ വാഫിള്‍ അടുക്കി ഉണ്ടാക്കിയ 'ഫുഡ് ടവറിന് ' ലോക റെക്കോര്‍ഡ്!
ലോക റെക്കോഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രശസ്തി പലരെയും മോഹിപ്പിക്കുണ്ട്. തങ്ങള്‍ക്കും അത് പോലെ ലോകമെമ്പാടും അറിയപ്പെടാനുള്ള അവസരം കിട്ടിയെങ്കില്‍ എന്ന് ഗൂഢമായി ആഗ്രഹിക്കാറുമുണ്ട്. അമേരിക്കയിലെ ഡെന്‍വറിലുള്ള സ്‌പെന്‍സര്‍ മാക് കുലോഗിനും അത്തരം ഒരു മോഹം മുളച്ചപ്പോള്‍ അവന്‍ അവന്റെ സ്വപ്നത്തെ പിന്തുടര്‍ന്നു. അത് അവനെ ഒരു ലോക റെക്കോഡുകാരനാക്കുകയും ചെയ്തു.
കുറച്ചു നാളുകള്‍ക്കു മുന്‍പ് മാക് കുലോഗ് അവന്റെ ഒരു പഴയ കോളജ് സുഹൃത്തിന് ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. ലോക റെക്കോര്‍ഡ് നേട്ടത്തിനായി ഒരു വാഫിള്‍ ( ഒരിനം കേക്ക്) ടവര്‍ ഉണ്ടാക്കാനുള്ള സംരംഭത്തില്‍ സഹകരിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചായിരുന്നു ടെക്സ്റ്റ്. അതിനുള്ള സുഹൃത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, അടുത്ത തവണ ഇത്തരം ഒരു ആവശ്യവുമായി ടെക്സ്റ്റ് ചെയ്യുമ്പോള്‍ അത് ഒരു ചോദ്യ രൂപത്തില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ വേണം അടുത്ത തവണ എഴുതാന്‍ ..ഞാന്‍ ഒരു ലോക റെക്കോര്‍ഡ് സംരംഭത്തില്‍ ഏര്‍പ്പെടുകയാണ്, നീയും ഉണ്ട് കൂടെ എന്ന്...അതായിരുന്നു അവന്റെ മറുപടി.
ലോക റെക്കോര്‍ഡ് സംരംഭം തുടങ്ങുന്നതിനു മുന്‍പ് ഒരുക്കങ്ങളുടെ ഭാഗമായി അവന്‍ ചില മാട്രസ് അടുക്കുന്നവരുമായൊക്കെ സംസാരിച്ചിരുന്നു. ലോക റെക്കോര്‍ഡ് ലഭിക്കണമെങ്കില്‍ ടവര്‍ അടുക്കി കഴിഞ്ഞ് ഒരു ലാന്‍ഡ് സര്‍വേയറെ കൊണ്ട് വേണം അതിന്റെ അളവ് എടുക്കേണ്ടത്. ആ ആവശ്യവും പറഞ്ഞ് അവന്‍ ചില സര്‍വയര്‍മാരെ സമീപിച്ചപ്പോള്‍, എനിക്ക് കൊള്ളാവുന്ന ഒരു പണി വേറെയുണ്ട് ചെയ്യാന്‍ എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു തള്ളുക ആയിരുന്നത്രേ. ഒടുവില്‍ ഡസ്റ്റിന്‍ ഹോഗ്‌ലിന്‍ എന്ന സര്‍വേയര്‍ അതിനു തയ്യാറായി.
ഡസ്റ്റിനാണെങ്കില്‍ അയാളുടെ വീട്ടിലെ തിരക്കില്‍ നിന്നും എങ്ങനെ രക്ഷപ്പെടാനാവും എന്ന് വിചാരിച്ച് ശ്വാസംമുട്ടി ഇരിക്കയായിരുന്നു. അയാളുടെ മകന്റെ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ ആഘോഷിക്കാനെത്തിയ ബന്ധുക്കളും ബഹളവുമായി ആകെ ബുദ്ധിമുട്ടിലായിരുന്നു അയാള്‍. അത്‌കൊണ്ട് അയാളുടെ 3 ഡി ലേസര്‍ സ്‌കാനറുമൊക്കെ എടുത്ത് പുറത്തു പോകാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ ചോദിച്ചുവത്രെ, വീട്ടില്‍ അതിഥികള്‍ ഒക്കെ ഉള്ളപ്പോള്‍ ഇന്നെവിടെ പോകുന്നു എന്ന്. തനിക്ക് ഇന്ന് അല്‍പം ജോലി ഉണ്ട് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുക ആയിരുന്നു. അത് കൊണ്ട് എല്ലാവരും കൈയൊഴിഞ്ഞപ്പോള്‍ എത്തിയ ഹോഗ്‌ലിന്‍ ഒരു ട്രൂ ഹീറോ ആണെന്നാണ് മാക് കുലോഗിന്റെ അഭിപ്രായം.
51 സെന്റിമീറ്റര്‍ ഉയരത്തില്‍ വേഫിളുകള്‍ അടുക്കി വീഴാതെ നിര്‍ത്തിയതാണ് മുന്‍ റെക്കോര്‍ഡ്. ഒടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച 50 പൗണ്ട് വേഫിള്‍ മിക്സും, രണ്ട് വേഫിള്‍ അയണുമായി (റൊട്ടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹോപകരണം) 23-കാരനായ അവന്‍ ലോക റെക്കാര്‍ഡിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ടെക്സാസില്‍ നിന്നും ഇതിന് മാത്രമായി പറന്നെത്തിയിരുന്നു പഴയ ടെസ്റ്റ് മെസേജ് സുഹൃത്ത് ഗാര്‍ഗുലിയോ. ഒടുവില്‍ അടുക്കി അടുക്കി 67 സെന്റിമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ വേഫിളുകള്‍ തീര്‍ന്നു പോയത് കൊണ്ടാണ് അവര്‍ അവിടെ വച്ച് നിര്‍ത്തിയത്.
അടുക്കാനായി ആദ്യത്തെ വാഫിള്‍ വച്ചപ്പോഴേ തന്റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങിയെന്ന് ഇതില്‍ സഹകരിക്കാനെത്തിയവരില്‍ ഒരാളായ ലാപ്ലാന്റെ പറഞ്ഞു. ഇടയ്ക്ക് ടവര്‍ ഒന്ന് അനങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്റെ ഹൃദയമിടിപ്പ് നിലയ്ക്കുമോ എന്ന് പോലും തോന്നി എന്നാണ് ലാപ് ലാന്റെ പറഞ്ഞത്. ഡോക്യൂമെന്റേഷനും മെഷറിങ്ങും എല്ലാം ഒരു ലേസര്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ളതായതിനാല്‍ തന്റെ റെക്കോര്‍ഡിന് ഔദ്യോഗിക അംഗീകാരം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് മാക് കുലോഗിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha