പുള്ളികളുള്ള തടാകം എന്നറിയപ്പെടുന്ന ഖിലുക്, അദ്ഭുതങ്ങള്‍ ഒളിപ്പിച്ച വന്‍പുള്ളി തന്നെയാണ്!
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകം വസന്തകാലത്ത് മറ്റേതൊരു തടാകവും പോലെതന്നെയാണ്. എന്നാല്‍ വേനല്‍ക്കാലമാകുമ്പോള്‍ ഈ തടാകം ഒരുക്കുന്നത് ഒരു അത്ഭുത കാഴ്ചയാണ്. വേനലില്‍ തടാകം വറ്റുന്നതോടെ മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള 300-ല്‍പരം ചെറു കുളങ്ങളാണ് ദൃശ്യമാകുന്നത്.
ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കളടങ്ങിയ തടാകമാണ് ഖിലുക്. ഇതുകൊണ്ട് തീര്‍ന്നില്ല. ഇനിയും ഏറെ പ്രത്യകതകളുണ്ട് സ്‌പോട്ടഡ് ലേക്ക് അഥവാ പുള്ളികളുള്ള തടാകം എന്നറിയപ്പെടുന്ന ഖിലുകിന്. വ്യത്യസ്ത അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് 300-ലധികം വരുന്ന ഓരോ കുളങ്ങളിലുമുള്ളതത്രേ. ഓരോന്നിലെയും ജലത്തിലുള്ള വ്യത്യസ്തമായ തോതിലുള്ള ധാതുക്കളുടെ സാന്നിധ്യം മൂലമാണ് ഇവയ്ക്ക് ഇത്തരമൊരു അത്ഭുത സിദ്ധി ലഭിക്കുന്നത്. ഇവയ്ക്ക് പ്രത്യേക നിറങ്ങള്‍ ലഭിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
മഗ്‌നീഷ്യം സള്‍ഫേറ്റിന്റെ സാന്നിധ്യമാണ് തടാകത്തില്‍ കൂടുതലുള്ളത്. കാല്‍സ്യവും സോഡിയം സള്‍ഫേറ്റുകളുമാണ് ജലത്തിലുള്ള മറ്റു പ്രധാന ധാതുക്കള്‍. ചില കുളങ്ങളില്‍ മറ്റ് എട്ട് ധാതുക്കളുടെ സാന്നിധ്യവും ഉള്ളതായി ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു. സില്‍വര്‍, ടൈറ്റാനിയം എന്നിവയടക്കമുള്ള നാലു ധാതുക്കളും കുറഞ്ഞ അളവില്‍ കുളങ്ങളിലെ ജലത്തിലുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് വെടിമരുന്നുകളും മറ്റു യുദ്ധസാമഗ്രികളും നിര്‍മ്മിക്കുന്നതിനായി ഖിലുകിലെ ജലം ഉപയോഗിച്ചിരുന്നു.
പ്രദേശത്തെ ഒക്കനാഗന്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ ഒരു പുണ്യസ്ഥലമായാണ് തടാകത്തെ കാണുന്നത്. ത്വക്ക് രോഗങ്ങള്‍ക്കും ശരീര വേദനയ്ക്കും മുറിവുകള്‍ക്കും അരിമ്പാറ പോലെയുള്ള അസുഖങ്ങള്‍ക്കുമെല്ലാമുള്ള മരുന്നിനായി ഒക്കനാഗന്‍ ഗോത്രവിഭാഗക്കാര്‍ തടാകത്തിലെ കുളങ്ങളിലെ ജലം ഉപയോഗിക്കാറുണ്ട്. വേനല്‍ക്കാലത്ത് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ കുളങ്ങള്‍ക്കിടയിലൂടെ നടന്ന് അവയുടെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha