നോ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് പിടിച്ചെടുക്കാന്‍ എത്തിയപ്പോള്‍ ബൈക്കില്‍ നിന്ന് മാറാന്‍ കൂട്ടാക്കാതിരുന്ന ആളെയും ചേര്‍ത്ത് 'പൊക്കി' റ്റോ ട്രക്കില്‍ കയറ്റി പൊലീസ്!
നോ പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യമ്പോള്‍ പിഴയീടാക്കിയും വാഹനങ്ങള്‍ സ്‌റ്റേഷനിലേക്ക് മാറ്റിയുമൊക്കെയായിരിക്കും അധികാരികള്‍ മറുപടി നല്‍കുക. വാഹനത്തെ പൊക്കിക്കൊണ്ട് പോകുന്ന നിരവധി കാഴ്ചകള്‍ക്ക് നമ്മള്‍ ചിലപ്പോഴൊക്കെ സാക്ഷികളാകാറുമുണ്ട്.
അത്തരത്തില്‍ ഒരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂനെയിലെ വിമെന്‍സ് നഗറാണ് ഈ വാര്‍ത്തയുടെ ഉറവിടം. ഇവിടെ വാഹനത്തെ മാത്രമല്ല, വാഹനത്തിന്റെ മുകളില്‍ ഇരുന്നയാളെ കൂടി ചേര്‍ത്താണ് അധികാരികള്‍ പൊക്കിക്കൊണ്ട് പോയത്. കാഴ്ച ചിരിയുണര്‍ത്തുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യും.
അനധികൃതമായി പാര്‍ക്ക് ചെയ്ത ബൈക്ക് എടുത്തുമാറ്റാനായി എത്തിയതായിരുന്നു പൊലീസ്. ബൈക്കില്‍ ഇരുന്ന യുവാവ് മാറാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തിക്ക് പോലീസ് മുതിര്‍ന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഏറെ നേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവിനെ മറ്റുവഴികളൊന്നുമില്ലാത്തതു കൊണ്ടാണ് ട്രക്കില്‍ കയറ്റിയതെന്നും പോകുന്ന വഴിയില്‍ ഇറക്കിവിട്ടെന്നും പൊലീസ് പറയുന്നുണ്ട്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസുകാരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് പൂനെ ട്രാഫിക് ഇന്‍സ്‌പെക്ടര്‍. നിയമം കര്‍ശനമായും നടപ്പാക്കണമെങ്കിലും ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ ശരിയായ സന്ദേശങ്ങളല്ല നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ബൈക്കില്‍ ഇരുന്ന യുവാവിന്റെ ബൈക്കായിരുന്നില്ല അതെന്ന പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മറ്റൊരു രസകരമായ വസ്തുതയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് നിയമം പാലിക്കാന്‍ ജനത ഇത്രമാത്രം വിമുഖത കാണിക്കുന്നത് എന്ന ചോദ്യം മാത്രം ഇപ്പോഴും ബാക്കി.
https://www.facebook.com/Malayalivartha