400 വയസ്സുള്ള കേത്തോഹള്ളിയിലെ ആല്‍മുത്തശ്ശി!
കന്നഡിഗരുടെ ദൊഡ ആലദ മരം (മലയാളിക്കു പേരാല്‍) ഒരു ഗ്രാമത്തിനു മാത്രമല്ല കാണാനെത്തുന്ന സഞ്ചാരികള്‍ക്കും തണലും കുളിര്‍മയും പകരുകയാണ്. മൂന്നേക്കര്‍ സ്ഥലത്ത് 12000 ചതുരശ്ര അടി വിസ്തീര്‍ണത്തിലും 90 അടിഉയരത്തിലുമാണു ആ ആല്‍മരം വിരിഞ്ഞുനില്‍ക്കുന്നത്.
ആ ആല്‍മരം ഒരുക്കുന്ന ഒരു കൊച്ചുകാടാണ് പേരാലിന്റെ നാടെന്നറിയപ്പെടുന്ന കേത്തോഹള്ളി ഗ്രാമത്തിലേക്കു വരുന്നവരെ സ്വാഗതം ചെയ്യുന്നത്. കര്‍ണാടക ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് പ്രവേശനം കവാടത്തില്‍ ആല്‍മര പാര്‍ക്കിലേക്കു സ്വാഗതമരുളി കമാനം സ്ഥാപിച്ചിരിക്കുന്നു.
ആല്‍മരത്തിന്റെ ശിഖരങ്ങളിലാകെ ചാടിമറിഞ്ഞു കളിക്കുന്ന വാനരപ്പടയാണ്. മരത്തിന്റെ തായ്തടി ജീര്‍ണിച്ചു പോയെങ്കിലും ബലമേറിയ ശിഖരങ്ങള്‍ തന്നെയാണ് പന്തലിച്ചു നില്‍ക്കുന്ന വടവൃക്ഷത്തിന്റെ കരുത്ത്. വളഞ്ഞുപുളഞ്ഞു പോകുന്ന വേരുകള്‍ കാഴ്ചയുടെ വിരുന്നു സമ്മാനിക്കും. ആല്‍മരത്തിന്റെ ശിഖരങ്ങളുടെ ഇടയിലൂടെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന നൂറുകണക്കിനു വേരുകള്‍ക്ക് ഇടയിലൂടെ നൂണ്ടും നിവര്‍ന്നും നടക്കാം. അപ്പോള്‍ മനസ്സിലേക്കും ശരീരത്തിലേക്കും കുളിര്‍കാറ്റ് ഇറങ്ങിവരും.
ദക്ഷിണേന്ത്യയില്‍ സാധാരണ രണ്ടു തരം ആല്‍മരങ്ങളാണ് കണ്ടുവരുന്നത്. അരയാലും പേരാലും. കേരളത്തില്‍ കൂടുതലായി അരയാല്‍ മരങ്ങള്‍ കാണുമ്പോള്‍ കര്‍ണാടകയില്‍ പേരാലുകളാണു കൂടുതല്‍. അരയാല്‍ മരങ്ങളുടെ തുള്ളിക്കളിക്കുന്ന ഇലകളില്‍ നിന്ന് ഇടതടവില്ലാതെ പ്രാണവായു പുറത്തുവരും. വടവൃക്ഷം എന്നറിയപ്പെടുന്ന പേരാലുകളുടെ ശിഖരങ്ങളാണ് വേരുകളായി പടര്‍ന്നു പന്തലിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ത്രിമൂര്‍ത്തികളുടെ സംഗമാണ് ആല്‍മരം.
രാജ്യത്ത് നിലവിലുള്ള ആല്‍മരങ്ങളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനമാണ് കേത്തോഹള്ളിയിലെ പേരാലിന്. ആന്ധ്രയിലെ തിമ്മാമ്മ മാരിമാനു എന്ന പേരില്‍ അറിയപ്പെടുന്ന ആല്‍മരമാണു വലുപ്പത്തില്‍ മുന്നില്‍. കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിനാണ് കേത്തോഹള്ളിയിലെ ആല്‍മരത്തിന്റെ സംരക്ഷണ ചുമതല.
പേരാല്‍ മരങ്ങള്‍ മറ്റുമരങ്ങളിലെ പോടുകളില്‍ വളര്‍ന്ന് താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു ചെയ്യുന്നത്. ഇന്ത്യയില്‍ കച്ചവടക്കാരായ ബനിയ വിഭാഗക്കാര്‍ വിശ്രമിച്ച മരമായതിനാലാണ് ഇംഗ്ലിഷില്‍ ബനിയന്‍ ട്രീ എന്ന പേര് ലഭിച്ചതെന്നും പറയുന്നു. ജലലഭ്യത കുറവായ പ്രദേശങ്ങളില്‍ കാണുന്ന പേരാലിന്റെ താങ്ങുവേരുകളാണ് ശിഖരങ്ങളെ താങ്ങി നിര്‍ത്തുന്നത്. വായുമലിനീകരണം ചെറുക്കാനുള്ള കഴിവും ആല്‍മരത്തിനുണ്ട്.
ബെംഗളൂരു-മൈസൂരു ദേശീയപാതയില്‍ കുമ്പളഗോഡ് രാമോഹള്ളിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ പിന്നിട്ടാല്‍ കേത്തോഹള്ളിയിലെത്താം. കെങ്കേരി, മജസ്റ്റിക്, കെആര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ബിഎംടിസി ബസ് സര്‍വീസുണ്ട്. ആല്‍മര പാര്‍ക്കിലേക്കു പ്രവേശനം സൗജന്യമാണ്.
https://www.facebook.com/Malayalivartha