പസഫിക് നീന്തിക്കടക്കുന്ന ആദ്യ വ്യക്തിയാകാന്‍ ബെന്‍ ലെകോംതെ ജപ്പാനില്‍ നിന്നു നീന്തിത്തുടങ്ങി
പസഫിക് നീന്തിക്കടക്കുന്ന എന്ന സാഹസിക സംരംഭവുമായി ബെന്‍ ലെകോംതെ എന്ന ഫ്രഞ്ചുകാരന്‍. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യവും ഈ സാഹസിക യജ്ഞത്തിനുണ്ട്. ജപ്പാനില്‍ നിന്നു തുടങ്ങിയ യാത്രയില്‍ യു.എസിന്റെ പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കിയാണ് 51-കാരനായ ബെന്‍ തന്റെ റെക്കോഡ് നേട്ടത്തിനായുള്ള നീന്തല്‍ പ്രകടനത്തിന് തുടക്കംകുറിച്ചത്.
9000 കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഈ ഉദ്യമം സമുദ്ര ഗവേഷണത്തിനും സഹായകമാകും. പ്ലാസ്റ്റിക് മാലിന്യങ്ങളും ഫുകുഷിമ ആണവ ദുരന്തവും സമുദ്രത്തെ ബാധിച്ച രീതിയെക്കുറിച്ച പഠനത്തിനാണ് ഇത് സഹായിക്കുക. പസഫിക് സമുദ്രം നീന്തിക്കടക്കുക എന്ന അന്തിമ ലക്ഷ്യം നേടുന്നതില്‍ അദ്ദേഹം വിജയിക്കുമെങ്കില്‍ ആ ലക്ഷ്യം നേടിയ ആദ്യ വ്യക്തിയാകും ബെന്‍.
ദിവസേന എട്ടുമണിക്കൂര്‍ സമയം നീന്തേണ്ട ലെകോംതെക്ക് സ്രാവുകള്‍, ചുഴലിക്കാറ്റ്, ജെല്ലിമീന്‍ കൂട്ടങ്ങള്‍ എന്നിവ കൂടാതെ അത്യന്തം താഴ്ന്ന ജല ഊഷ്മാവിനോടും പൊരുതി വേണം ലക്ഷ്യം കൈവരിക്കേണ്ടത്. യാത്രക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലവണത്വമുള്ള കൃത്രിമ കുളത്തില്‍ ദിവസവും ആറുമണിക്കൂറിലധികം നീന്തി പരിശീലിച്ചിരുന്നു. ലെകോംതെ മാനസികമായി സജ്ജമാകാനുള്ള അഭ്യാസമുറകളിലും പരിശീലനം നേടി. ആറുമാസത്തെ തയാറെടുപ്പുകള്‍ക്കൊടുവിലാണ് യാത്ര.
ഇത്തരം യാത്രകള്‍ പുതുമയല്ലാത്ത ബെന്‍ 1998-ല്‍ ട്രാന്‍സ് അറ്റ്‌ലാന്റിക് (6400 കി.മി) 73 ദിവസംകൊണ്ട് നീന്തിക്കയറിയെങ്കിലും ഇനിയൊരു യാത്രക്ക് പദ്ധതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.എന്നാല്‍, പിന്നീട് പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയാറാവുകയായിരുന്നു.
യാത്രയിലുടനീളം ഒരേ ജീവിത രീതിയാണ് ഫ്രഞ്ചുകാരന്‍ പിന്തുടരുന്നത്. ലെകോംതെയുടെ ഭക്ഷണം, ഉറക്കം, വിശ്രമം എന്നിവക്ക് വേണ്ടി ഒരു ബോട്ട് അനുഗമിക്കും. സഹായങ്ങള്‍ക്കായി അനുഗമിക്കുന്ന ബോട്ടില്‍ ജി.പി.എസ് ഘടിപ്പിച്ചതിനാല്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് ബെനിന്റെ വെബ്‌സൈറ്റിലൂടെ ഇവരെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha